Monday 23 May 2016

കുറ്റാലം

'ദക്ഷിണേന്ത്യയുടെ ആരോഗ്യ സ്നാനഗൄഹം' (Spa of South India) എന്നറിയപ്പെടുന്ന കുറ്റാലത്തെക്കുറിച്ച് പറഞ്ഞുതന്നത് ഇത്തവണ നാട്ടിൽ ചെന്നപ്പോൾ ചെന്നുകണ്ട സാഹിത്യകാരൻ സക്കറിയയായിരുന്നു. ഏകാന്തത പ്രലോഭനം സൃഷ്ടിക്കുമ്പോൾ, എഴുത്ത് വന്ന് വിളിക്കുമ്പോഴെല്ലാം അദ്ദേഹം സഞ്ചിയുമെടുത്ത് ചെല്ലുന്നിടം.
തിരുവനന്തപുരം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്നും തെങ്കാശിയിലേക്ക് ബസ് കയറി. നിറയെ യാത്രക്കാർ. സംഗീതം പോലെ സുന്ദരമായ തമിഴ്മൊഴികളാൽ മുഖരിതമായ ബസിനകം. അരോചകം ഒട്ടും തോന്നാത്ത തമിഴ് മണം. രസകരമായിരുന്നു ആ യാത്ര. കേരള- തമിഴ്നാട് അതിർത്തി കടക്കുമ്പോൾ സംസാരവും സംസ്കാരവും കണ്ടുകൊണ്ടിരിക്കെ മാറുന്നത് കണ്ട് അതിശയപ്പെട്ടു. അടുത്ത് ഇരുന്നിരുന്നത് ഒരു മധ്യവയസ്കൻ. സംസാരപ്രിയൻ. ശുദ്ധ തമിഴിൽ അദ്ദേഹം സംസാരിക്കുന്നു. തമിഴും മലയാളവും തമ്മിലുള്ള 'അസാമാന്യ സാമ്യ'ത്തെക്കുറിച്ച് ഉണ്ടായിരുന്ന ധാരണ എനിക്ക് തിരുത്തേണ്ടി വന്നു. എനിക്കദ്ദേഹം പറഞ്ഞത് മിക്കതും മനസ്സിലായില്ല! frown emoticon
തെങ്കാശിയിൽ ബസിറങ്ങി. റോഡിനപ്പുറം കണ്ട റെസ്റ്റോറന്റിലേക്ക് റോഡ്‌ മുറിച്ചു ചെന്നു. വാഴയിലയിൽ ചോറുവിളമ്പി. കഴിക്കും നേരം ശ്രദ്ധിച്ചത്, ഭക്ഷണം കഴിച്ചവർ തന്നെ ഇലയെടുത്ത് വെയ്സ്റ്റ് കുട്ടയിൽ നിക്ഷേപിക്കുന്നതാണ്. ഇവിടെ ഇത്തരമൊരു പതിവുള്ളത് അറിയില്ലായിരുന്നു. അറിയാത്തത് കണ്ടറിയാൻ പറ്റിയതിനാൽ കൊണ്ടറിയേണ്ടി വന്നില്ല. വെയ്റ്റർ 'വെയ്സ്റ്റർ' ആവാത്തിടം!
തെങ്കാശിയിൽ നിന്നും നാലു കി.മീ. അപ്പുറത്താണ് കുറ്റാലം. അവിടേക്ക് ഓട്ടോയെടുത്തു. ഹോട്ടലിൽ ചെന്നു മുറിയെടുത്തു. ഹോട്ടൽ മുറിയുടെ ജനാല തുറന്നാൽ കരിമ്പനകളും മാമരങ്ങളും നിറഞ്ഞ കാടുകാണാം. ബാൽക്കണിയിൽ ചെന്നു താഴോട്ടു നോക്കിയപ്പോൾ കണ്ടത് തെളിഞ്ഞവെള്ളം നിറഞ്ഞ സ്വിമ്മിങ് പൂൾ. ആവേശം ജനിപ്പിച്ച വാക്കുകൾ ചുവരിലെ സ്റ്റിക്കറിൽ വായിച്ചു: കുരങ്ങന്മാരെ സൂക്ഷിക്കുക എന്നാണതിൽ എഴുതിവച്ചത്!
സമുദ്രനിരപ്പിൽ നിന്നും 520 അടിയോളമുയരത്തിലാണ് കുറ്റാലം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ പൊതിഗൈ മലനിരകളിൽ നിന്നുത്ഭവിക്കുന്ന ഒൻപത് മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളാണിവിടത്തെ പ്രധാന ആകർഷണം. കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാല വർഷം തകർത്തു പെയ്യുമ്പോൾ മഴനിഴൽ പ്രദേശമായ ഇവിടെ നേർത്ത ചാറൽ മഴയായിരിക്കും . വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയംകരമാണീ നനയാത്ത മഴ. രാവിലെത്തന്നെ അവിടുത്തെ പ്രധാന വെള്ളച്ചാട്ടത്തിലേക്ക് നടന്നു.
കച്ചവട സ്ഥാപനങ്ങളും തെരുവുകച്ചവടക്കാരും നിറഞ്ഞും നിരന്നും നില്ക്കുന്ന നിരത്തിലൂടെ നടന്ന് പുരാതനമായൊരു ശിവക്ഷേത്രവും കടന്നുവേണം വെള്ളച്ചാട്ടത്തിലേക്കെത്താൻ. കായവറുത്തതും ഹലുവയും മറ്റും വില്ക്കുന്ന കടകളാണ് കൂടുതലും. ഒരു കടയിൽ അക്ഷരത്തെറ്റു നിറഞ്ഞ മലയാളത്തിൽ 'കോഴിക്കോടൻ ഹലുവ' എന്നെഴുതി വച്ചതു കണ്ടു.
പാൽനുരകൾ പാദസരം കിലുക്കിയൊഴുകിപ്പതിക്കുന്നപോൽ മലമുകളിൽ നിന്നും തെളിഞ്ഞ വെള്ളം കുത്തിയൊഴുകി വരുന്നു. വെള്ളത്തിന് നിറമില്ലെന്ന് ആരുപറഞ്ഞു? വെള്ളത്തിനു വെളുപ്പ് നിറമാകുന്നു എന്നതിന് കുറ്റാലം സാക്ഷി! smile emoticon
ഔഷധ സസ്യങ്ങളാൽ സമ്പന്നമായ പൊതിഗൈ മലകളിൽ നിന്ന് വരുന്ന ഈ ജലത്തിനു ഔഷധ ഗുണമുണ്ട്. അതിനാൽ കുറ്റാലത്തെ ഏതു വെള്ളച്ചാട്ടത്തിൽ കുളിച്ചാലും, മറ്റെങ്ങും ലഭിക്കാത്ത സൗഖ്യം ലഭിക്കുമെന്ന് ജനം വിശ്വസിക്കുന്നു. പാറക്കെട്ടുകൾക്ക് മുകളിൽനിന്നും ഒലിച്ചുവരുന്ന വെള്ളത്തിനു കീഴെ കുളിക്കുന്നവരുടെ തിരക്ക്. കൂടുതലും അയ്യപ്പ ഭക്തർ. ഞാനും കുളിച്ചു. ആ കുളി നല്കിയ ഫ്രഷ്നെസ് ഇപ്പോഴും സുഖം നല്കുന്നപോലെ.
തിരിച്ചുനടക്കുമ്പോൾ ഫോട്ടോയെടുക്കും നേരം ഒരു സംന്യാസി അടുത്തുവന്നു. എന്നെയും ഫോട്ടോഎടുക്കാമോ എന്നുചോദിച്ചു. കൂടെ എന്നെയും കൂട്ടാമോ എന്ന ചോദ്യത്തിനു ഒരു പുഞ്ചിരി സമ്മതമായി തന്നു. ആത്മീയ ലോകത്തുള്ളവർക്കും ഭൗതികലോകത്തെ കൊച്ചുകൊച്ചുകാര്യങ്ങളിൽ താല്പര്യമുണ്ട് എന്ന ബോധ്യം താല്പര്യജനകമായിരുന്നു.
ഹോട്ടലിൽ തിരിച്ചെത്തി ലോബിയിൽ ഇരിക്കവേ ഹോട്ടലിലെ ഫെസിലിറ്റികൾ വിശദീകരിക്കുന്ന ഒരു ബ്രോഷർ ശ്രദ്ധയിൽ പെട്ടു. അതിൽ SPA എന്ന് എഴുതിയത് കണ്ട് സങ്കടം തോന്നി. ഔഷധമൂല്യമുള്ള വെള്ളച്ചാട്ടങ്ങളാൽ സമ്പന്നമായ കുറ്റാലത്തെ ഹോട്ടലിൽ ഔഷധക്കുളി സൗകര്യമുള്ള മസാജ് പാർലർ!

No comments:

Post a Comment