Sunday 17 April 2016

മൂന്നാർ

ജനുവരി മൂന്നാറിന്റെ മാസമാണ്. തണുപ്പു കായാന്‍ സഞ്ചാരികള്‍ വരുന്ന മാസം. താഴ് വാരത്തിലേക്ക് താഴ്ന്നിറങ്ങിയ തണുപ്പാണ് ഇക്കുറിയും. ഉച്ചയ്ക്ക് 12 കഴിഞ്ഞാലും അലിഞ്ഞു തീരാത്ത കോടമഞ്ഞിന്റെ താഴ്വരകള്‍…
പരീക്ഷണങ്ങളാണ് ഓരോ യാത്രയേയും അവിസ്മരണീയമാക്കുന്നത് - മൂന്നാറിലേക്കുള്ള അനേകം വഴികളിലൂടെയുള്ള പരീക്ഷണ യാത്രകളാണ് യഥാര്‍ത്ഥത്താലുള്ള മൂന്നാര്‍ അനുഭവം. മൂന്നാര്‍ ടൗണ്‍ – ടോപ്പ്സ്റ്റേഷന്‍ – മാട്ടുപ്പെട്ടി ഡാം എന്നിവ കണ്ടു മടുത്തവര്‍, മൂന്നാറിലേക്കുള്ള പല വഴികള്‍ അന്വേഷിക്കും. സ്മാര്‍ട്ട്ഫാമിലിയും അത്തരത്തില്‍ നടത്തിയ വഴിയന്വേഷണമാണ് ചതുരംഗപ്പാറയിലേക്കും രാജപ്പാറയിലേക്കും യാത്രയുടെ ഗതി തിരിച്ചത്.
അടിമാലിയില്‍ നിന്ന് നേരെ പോയി ചുരം കയറി മൂന്നാര്‍ ടൗണിലെത്തുന്നതാണ് സ്ഥിരം വഴി. പകരം, അടിമാലി ടൗണില്‍ നിന്ന് വലത്തെടുത്ത് വെള്ളത്തൂവല്‍ - രാജാക്കാട് - രാജകുമാരി - പൂപ്പാറ വഴി മൂന്നാറിലെത്തുന്ന അപരിചിതമായ മലയോര പാതയിലൂടെ യാത്ര തുടങ്ങി. ജലവൈദ്യൂത പദ്ധതിക്കായി തൊഴിലാളികള്‍ തമ്പടിച്ചതിനെ തുടര്‍ന്നാണ് വെള്ളത്തൂവലും –  പരിസരവും ജനവാസ ദേശങ്ങളായത്. മലമുകളില്‍ നിന്ന് ജലം ടര്‍ബൈനുകളിലേക്ക് കുതിച്ചെത്തുന്ന കൂറ്റന്‍ പെന്‍സ്റ്റോക്ക് പൈപ്പ് പൊട്ടി ഇവിടെയുണ്ടായ ദുരന്തം ഇനിയും ആരും മറന്നട്ടില്ല. മലയില്‍ നിന്നും നിരങ്ങിയിറങ്ങുന്ന കരിമ്പാമ്പിനെ പോലെ പെന്‍സ്റ്റോക് പൈപ്പ് ലൈന്‍ ഇടയ്ക്കിടെ കാണാം. അടിമാലിയില്‍ നിന്നും പുറപ്പെട്ട്, ആദ്യത്തെ മലനിരകള്‍ ഇടത്തേവശത്ത് വ്യക്തമായി തുടങ്ങിയപ്പോള്‍, സ്ഥിരം യാത്രികനായ സുഹൃത്ത് കാണിച്ചു തന്നു – അതാണ് മോഹന്‍ലാല്‍ മല. ലാലേട്ടന്‍ തോളും ചെരിച്ച് നില്‍ക്കുന്നതു പോലീല്ലെ അത്. സംഗതി ശരിയാണ്. വൈശാലി സിനിമയില്‍ ഭരതന്‍ സൃഷ്ടിച്ച ഋഷ്യശൃംഗന്റെ ലോകം വെള്ളത്തൂവലും പരിസരവുമാണ്. പെട്ടിക്കട മാത്രമുള്ള സ്ഥലങ്ങളെ വരെ ‘സിറ്റി’ ചേര്‍ത്ത് വിളിക്കുന്നതാണ് ഇവിടുത്തുകാരുടെ സ്റ്റൈല്‍. ബാലന്‍പിള്ള സിറ്റി മുതല്‍ ആത്മാവ് സിറ്റിവരെയുണ്ട് ആ ലിസ്റ്റില്‍. എന്നാല്‍, അടിമാലി കഴിഞ്ഞാലുള്ള ഇവരുടെ ശരിക്കുള്ള പട്ടണത്തിന്  ’രാജക്കാട്’ എന്നാണ് പേര്. ഇപ്പോള്‍ തിയറ്ററിലുള്ള മോഹന്‍ലാല്‍ നായകനായ ദൃശ്യം സിനിമയില്‍ കഥ നടക്കുന്ന സ്ഥലമായി പറയുന്നത് അതേ രാജാക്കാട്.
രാജാക്കാട് കഴിഞ്ഞാല്‍ രാജകുമാരിയിലെത്തും - ഏലവും കുരുമുളകും ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ സാധിക്കുന്ന സ്ഥലമാണ് ഇവിടം. 600 രൂപയ്ക്ക് നല്ല വിളഞ്ഞ പച്ച നിരമുള്ള ഏലയ്ക്ക ഞങ്ങള്‍ക്ക് കിട്ടി ഹൈറേഞ്ചിന്റെ രുചിയായ ഏഷ്യാഡും (പോത്തിന്റെ എല്ലും കപ്പയും ചേര്‍ത്ത വിഭവം) നല്ല ചൂടു കഞ്ഞിയുമായിരുന്നു രാജകുമാരിയില്‍ നിന്ന് ലഭിച്ചത്. സന്ധ്യയാകുമ്പോള്‍ തന്നെ ഇവിടെ ടൗണ്‍ പിരിയും. പിന്നെ ആകെ ഉണര്‍ന്നിരിക്കുന്നത്, ഏക സിനിമ തിയേറ്റര്‍ മാത്രം. സെക്കന്റ് ഷോ കഴിയുന്നതോടെ ഇവിടം വിജനമാകുമെന്ന് ഹോട്ടലിലെ വിളമ്പുകാരന്‍ പറഞ്ഞു. ചതുരംഗപ്പാറ, രാജപ്പാറ എന്നിവിടങ്ങളിലൂടെ മൂന്നാറിലേക്കുള്ള വഴി അവിടെ നിന്നാണ് ചോദിച്ചറിഞ്ഞത്. പൂപ്പാറയിലാണ് ആദ്യമെത്തേണ്ടത്. അവിടെ നിന്ന് ശാന്തന്‍പാറ ടൗണിലേക്ക് പോകണം. സമീപത്ത് ആദ്യം ഇടതുവശത്ത് രാജപ്പാറയും പിന്നീട് ചതുരംഗപ്പാറയുമുണ്ട്. ഈ രണ്ട് സ്ഥലങ്ങളും പണ്ട് കേരള – തമിഴ്നാട് അതിര്‍ത്തികളാണ്. ചെക്ക് പോസ്റ്റുകളും ഗാര്‍ഡുകളുമുണ്ടായിരുന്നു. രാജപ്പാറയിലേക്കുള്ള തേയിലക്കാടുകള്‍ക്കിടയിലൂടെയുള്ള യാത്ര പേടിപ്പെടുത്തുന്നതായിരുന്നു. പത്തടി അപ്പുറം പോലും കാണാനാവാത്ത വിധമാണ് കോടമഞ്ഞ് പെയ്തിറങ്ങിയിരിക്കുന്നത്. ഏലം കൃഷി ചെയ്യുന്ന സ്ഥലങ്ങളാണ് ഇവിടെ ഏറെയും. താഴെ പൊട്ടുപോലെ തമിഴ്നാട് കാണാം. മൊട്ടക്കുന്നുകളാണ് ചുറ്റും. തണുത്ത കാറ്റാടിക്കുന്നുണ്ട്. ഏതോ തമിഴ് രാജാവ്, സ്വത്തുമായി ഒളിച്ചു താമസിച്ച സ്ഥലങ്ങളാണ് ഇവിടമെന്നാണ് ഐതിഹ്യം കലര്‍ന്ന ചരിത്രം. രാജക്കാട്, രാജകുമാരി, റാണി സിറ്റി, രാജപ്പാറ എന്നൊക്കെ സ്ഥലങ്ങള്‍ക്ക് പേര് വന്നത് അങ്ങനെയാണത്രേ. ഇനിയാണ് ഈ യാത്രയുടെ പറുദീസയായ ചതുരംഗപ്പാറയിലെ രാജപ്പാറയില്‍ നിന്നിറങ്ങി പ്രധാന റോഡിലെത്തി വീണ്ടും ഇടത്തോട്ട് പോകുമ്പോള്‍ ആദ്യം കാണുന്ന കവലയില്‍ നിന്നാണ് ചതുരംഗപ്പാറയിലേക്ക് തിരിയേണ്ടത് – ഇടത്തോട്ടു തന്നെ.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാറ്റ് കിട്ടുന്ന സ്ഥലമാണത്രേ ഇവിടം. ചതുരംഗപ്പാറയോട് അടുക്കുമ്പോള്‍ തന്നെ, കാറ്റാടിയന്ത്രങ്ങളുടെ കൂറ്റന്‍ പങ്കകള്‍ കറങ്ങുന്ന ശബ്ദം കേള്‍ക്കാം. കാര്‍ ചെന്നുനിന്നത് ഒരു പടുകൂറ്റന്‍ കാറ്റാടിയന്ത്രത്തിന് ചുവട്ടില്‍. അവിടെ നിന്ന് താഴേക്കിറങ്ങിയാല്‍ ചതുരംഗപ്പാറയിലെ ആത്മാഹത്യാ മുനമ്പിലെത്താം. ഏതു സമയത്തും അപകടകരമായ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ അരികിലേക്കു പോകാതിരിക്കുക. കാറ്റിലെത്തുന്ന വലിയ പുല്ലുകള്‍ക്കിടയിലൂടെ നടപ്പാത കാണാം. കേരളത്തിന് സ്വന്തമായുള്ള അഞ്ചോളം കാറ്റാടിയന്ത്രങ്ങള്‍ താഴെ, ദൂരെയായി നൂറുകണക്കിന് യന്ത്രങ്ങളുടെ തമിഴ്നാടിന്റെ കാറ്റാടി പാടങ്ങള്‍ കാണാം.
യുവാക്കള്‍ക്ക് ചതുരംഗപ്പാറ ഒരു ഹരമാണ്. കേരളത്തില്‍ ഏറ്റവും കടുത്ത കാറ്റുള്ള ഇവിടെ വന്ന്, തീപ്പെട്ടി ഉരയ്ക്കാന്‍ അവര്‍ ബെറ്റു വയ്ക്കും - അത് അസാധ്യമാണ് എന്നുറപ്പുണ്ടെങ്കിലും തമിഴ്നാട്ടിലേക്കുള്ള കാവലില്ലാത്ത ചെക്ക് പോസ്റ്റും ഒഴിഞ്ഞ വീടുകളും പരിസരത്തുണ്ട്. തണുത്ത കാറ്റ് മനസില്‍ നിറച്ച് ചതുരംഗപ്പാറയില്‍ നിന്ന് മടങ്ങി.
വീണ്ടും പൂപ്പാറയിലേക്ക്. ഇവിടെ നിന്ന് ആനയിറങ്കല്‍ ഡാമിലേക്ക് പോകാം. നദി അതിരുപാകിയ തേയിലത്തോട്ടങ്ങളും. അവയ്ക്കു നടുവിലെ ഓറഞ്ച് മരങ്ങളും കണ്ട്, പെരിയ കനാലും ടാറ്റയുടെ സെയില്‍സ് ഔട്ട്ലെറ്റില്‍ നിന്ന് തേയിലയും മറ്റും ലാഭകരമായി വാങ്ങി മുന്നോട്ട്. ചിന്നക്കനാല്‍ കോടയുടെ ദാവണി അപ്പോഴേക്കും ഉടുത്തു കഴിഞ്ഞിരുന്നു. കുത്തനെ കരിങ്കല്ല് വെട്ടിയുണ്ടാക്കിയ വഴികളിലെ സാഹസികതയും കഴിഞ്ഞ് മൂന്നാര്‍ ടൗണിലെത്തിയപ്പോള്‍, അവിടെ തണുപ്പില്ല നല്ല ചൂട്. കോണ്‍ക്രീറ്റ് കെട്ടിടങ്ങളും വാഹനങ്ങളും കച്ചവടക്കാരും നിറഞ്ഞ കാണാന്‍ ഒരു ചേലുമില്ലാത്ത മൂന്നാര്‍ ടൗണ്‍. അവിടെ നിന്ന് ഹോം മെയ്ഡ് ചോക്ലേറ്റുകള്‍ വാങ്ങി ഭക്ഷണം കഴിച്ച് വേഗം തിരിച്ചുള്ള ചുരമിറങ്ങി - വഴികളാണല്ലോ മൂന്നാര്‍!!
മൂന്നാറിനുള്ള വഴി വാങ്ങേണ്ടവ
അടിമാലിക്കും നേര്യമംഗലത്തിനുമിടയ്ക്ക്: ഭംഗിയുള്ള വ്യത്യസ്തമായ പഴക്കൊട്ടകള്‍.
രാജാക്കാട് : രാജകുമാരി: എക്സപോര്‍ട്ട് ക്വാളിറ്റി ഏലക്ക - കുരുമുളക് കുറഞ്ഞ വിലയ്ക്ക്.
പൂപ്പാറ: തൊണ്ടോടുകൂടിയ കപ്പലണ്ടി.
ആനയിറങ്കല്‍: ഓറഞ്ച്.
പെരിയ കനാല്‍: ടാറ്റയുടെ സെയില്‍സ് ഔട്ട്ലെറ്റ്: ഫാക്ടറി വിലയ്ക്ക് തേയില.
പിന്നെ പല സ്ഥലങ്ങളിലായി ഇലയോടു കൂടിയ ക്യാരറ്റ്, തണ്ടോടെ ചുട്ട ചോളവും.
കടപ്പാട് : പേരറിയില്ല.

No comments:

Post a Comment