Tuesday 19 April 2016

അയ്യപ്പന്‍കോവില്‍ തൂക്കുപാലം.

അപരിചിതമായ ഏതൊരു സ്ഥലത്തേക്ക് യാത്ര നടത്തുമ്പോഴും അവിടെയുള്ള നാട്ടുകാരോട് അവരുടെ നാടിനെപറ്റി ചോതിച്ചറിയാറുണ്ട്. ഗൂഗിളിലൂടെയും, ട്രിപ്പ് അഡ്വൈസറിലൂടെയും സ്വയത്തമാക്കുന്ന അറിവുകള്‍ക്ക് അപ്പുറമാണ് നാട്ടുകാര്‍ പറഞ്ഞു തരുന്ന അറിവുകള്‍. അങ്ങനെ പരിചയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് അയ്യപ്പന്‍കോവില്‍ തൂക്കുപാലം.
ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ നിന്നും 15 കി.മീ ദൂരെയായി അയ്യപ്പൻ കോവിൽ - കാഞ്ചിയാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ഇടുക്കി റിസര്‍വ്വോയറിന് കുറുകെ പണിത ഈ തൂക്കുപാലം കേരളത്തിലെ ഏറ്റവും നീളം കൂടിയ(200 മീറ്റർ) തൂക്കുപാലമാണ്. 2012-13 വര്‍ഷത്തില്‍ ഇടുക്കി റിസര്‍വ്വോയറിന് കുറുകെ 2 കോടി രൂപമുടക്കി കെ. ഇ. എല്‍. കമ്പനിയാണ് പാലം നിര്‍മ്മിച്ചത്. കാഞ്ചിയാര്‍ പഞ്ചായത്തിലെ ചന്തക്കടവ് നിവാസികൾ ഇടുക്കി റിസര്‍വ്വോയര്‍ മുറിച്ച് കടന്നാണ് യാത്ര ചെയ്തിരുന്നത്. കാലവര്‍ഷം കനക്കുന്നതോടെ ചന്തക്കടവിലെ ചെറിയപാലം വെള്ളത്തിനടിയിലായി യാത്ര ദുരിത പൂർണ്ണമാകും. പിന്നീട് അപകടകരമായ രീതിയില്‍ ചങ്ങാടത്തിലായിരുന്നു കുട്ടികളടക്കം യാത്ര ചെയ്തിരുന്നത്. രണ്ട് പഞ്ചായത്തിലെ ജനങ്ങളുടെ ദുരിതയാത്രകണ്ടാണ് നദീതല സംരക്ഷണ വകുപ്പ് തൂക്കുപാലം നിർമ്മിച്ചത്. ഇതോടെ റിസര്‍വ്വോയറില്‍ ജലനിരപ്പ് ഉയര്‍ന്നാലും ആയാസം കൂടാതെ യാത്ര ചെയ്യാം.
റിസർവ്വോയറിനു കുറുകെ രണ്ട്‌ തൂണുകളിൽ പണിതുയർത്തിയ്യ ഭീമാകാരമായ തൂക്കുപാലം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. വേനലിൽ വറ്റിവരളുന്ന റിസര്‍വ്വോയര്‍ മഴക്കാലത്ത് ഇരുകരമുട്ടി ഒഴുകും. ഇടുക്കിയുടെ നിഷ്കളങ്ക മുഖം ഒപ്പിയെടുക്കാൻ ചലച്ചിത്രകാരന്മാർ തിരഞ്ഞെടുക്കുന്ന പ്രദേശങ്ങളിൽ ഒന്നാണിത്. കട്ടപ്പന - കുട്ടിക്കാനം റൂട്ടിൽ മാട്ടുകട്ടയിൽനിന്നും തിരിഞ്ഞുവേണം അയ്യപ്പൻകോവിൽ തൂക്കുപാലത്തിൽ എത്താൻ.


കടപ്പാട് : അജയ് 


No comments:

Post a Comment