Sunday 17 April 2016

കാപ്പുകാട് - പൊടിയക്കാല

കാപ്പുകാട് - പൊടിയക്കാല : ഒരു Sunday hangout : ചില സാങ്കേതിക കാരണങ്ങളാല്‍ ഈ മാസത്തെ യാത്രകള്‍ മാറ്റിവെയ്ക്കേണ്ടി വന്നെങ്കിലും, എന്റെയുള്ളിലെ യാത്രികന്‍ അടങ്ങിയിരുന്നില്ല. തിരുവനന്തപുരത്ത് നിന്ന് എളുപ്പം എത്തിച്ചേരാവുന്ന അഗസ്ത്യാര്‍കൂടം ബയോളജിക്കല്‍ റിസര്‍വ്വിലെ കാപ്പുകാട് ആനക്കൊട്ടില്‍ കാണാനും കഴിഞ്ഞ ദീപാവലിയ്ക്ക് സന്ദര്‍ശിച്ച പേപ്പാറ വന്യജീവി സങ്കേതത്തിലെ പൊടിയക്കാല മേഖല ഒരിയ്ക്കല്‍ കൂടെ കാണാനും ഈ ഞായറാഴ്ച പോകാമെന്ന് തീരുമാനിച്ചു. ഗവി യാത്രയില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന Karan Nair, എന്റെ സുഹൃത്ത് Hashim Abdul Majeed ഇക്ക, അദ്ദേഹത്തിന്റെ ഭാര്യയും കുഞ്ഞുങ്ങളും ഇത്രയും പേരാണ് ആ കൊച്ചു യാത്രയില്‍ ഉണ്ടായിരുന്നത്.
തിരുവനന്തപുരത്ത് നിന്നും കാട്ടാക്കട എത്തിയാല്‍, അവിടെ നിന്ന് ഓരോ മണിക്കൂര്‍ ഇടവിട്ട് കാപ്പുകാട് ഓര്‍ഡിനറി ഉണ്ട്. അല്ലെങ്കില്‍ കാട്ടാക്കടയില്‍ നിന്ന് കോട്ടൂര്‍ എത്തിയാല്‍, അവിടെ നിന്ന് ഓട്ടോ പിടിയ്ക്കാം. ഞങ്ങള്‍ ബസ് മാര്‍ഗം കുറ്റിച്ചല്‍ എത്തിയ ശേഷം അവിടെ നിന്ന് കാറില്‍ നേരെ കാപ്പുകാട് ചെന്നിറങ്ങി. നെയ്യാര്‍ ഡാമിന്റെ തീരത്താണ് മനോഹരമായ ആനക്കൊട്ടില്‍. വാരിക്കുഴിയില്‍ വീണതും സഫാരിയ്ക്ക് ഉപയോഗിക്കുന്നതുമായ ആനകളാണ് അവിടെ മുഴുവന്‍. ഒരാള്‍ക്ക് 5 രൂപയാണ് പ്രവേശന ഫീസ്‌. ഡാം റിസര്‍വോയറിലൂടെ ചങ്ങാട യാത്രയ്ക്ക് ഒരാള്‍ക്ക് 50 രൂപയും. പക്ഷെ ജനുവരി-ഫെബ്രുവരി സീസണ്‍, ചീങ്കണ്ണികളുടെ പ്രജനന കാലമായതിനാല്‍ ഡാമിന്റെ തീരത്തേയ്ക്ക് ഇറങ്ങുന്നത് അല്പം റിസ്ക്‌ പിടിച്ച പണിയാണ്. ആനക്കൊട്ടിലില്‍ ജയശ്രീ എന്ന പിടിയാനയായിരുന്നു ആദ്യം ഞങ്ങളെ വരവേറ്റത്. തുടര്‍ന്ന്‍ ഉണ്ണികൃഷ്ണന്‍, രാജ, റാണ തുടങ്ങിയ കുട്ടിക്കൊമ്പന്‍മാരുടെ വികൃതികള്‍. ഉണ്ണികൃഷ്ണനെ പാലക്കാട് നിന്നും റാണയെ കാസര്‍ഗോഡ്‌ നിന്നുമാണ് കൊണ്ട് വന്നിട്ടുള്ളത്. കുട്ടികളുടെ വികൃതികള്‍ കണ്ട് നേരെ ചെന്നത് മണി എന്ന് പേരുള്ള, 65-ആം വയസില്‍ ജോലിയില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന കൊമ്പന്റെ മുന്നിലേയ്ക്ക്. ആകാശത്തേക്ക് വായും പൊളിച്ച് തുമ്പിക്കൈയും നുണഞ്ഞു നില്‍ക്കുന്ന മണിയ്ക്ക് ഇപ്പോള്‍ മദപ്പാട് ആണ്. തൊട്ടപ്പുറത്ത്, കീര്‍ത്തന കാര്‍ത്തിക് എന്ന് പേരുള്ള 36 കാരന്‍ കൊമ്പന്റെ അടുത്തേയ്ക്ക്. ആനക്കുട്ടന്മാരെയെല്ലാം കണ്ട്, കാപ്പുകാട് നിന്നും ഞങ്ങള്‍ ഇറങ്ങി. തിരിച്ച് വരും വഴി കോട്ടൂര്‍ ചെക്ക് പോസ്റ്റ്‌ വരെയൊന്നു പോയി. ദീപാവലി ദിവസത്തെ ട്രിപ്പില്‍ ആദ്യത്തെ സ്ഥലമായ ചോനാമ്പാറ, കൈതോട് ഭാഗത്തേയ്ക്ക് ഇവിടെ നിന്നാണ് വനമേഖല ആരംഭിയ്ക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുള്ളത് കൊണ്ട് ആനവണ്ടിയാണ് ഈ ഭാഗം സന്ദര്‍ശിയ്ക്കാന്‍ ഏറ്റവും നല്ല വഴി. വേനലിലും, നല്ല പച്ചപ്പ്‌ നിറഞ്ഞ വനം എന്നെ മാടി മാടി വിളിയ്ക്കുന്നുണ്ടായിരുന്നു. പക്ഷെ പൊടിയക്കാല പോകേണ്ടിയിരുന്നത് കൊണ്ട് തല്‍ക്കാലം ആ റൂട്ടിനോട്‌ ബൈ പറഞ്ഞു.
തുടര്‍ന്ന്‍ വൈകിട്ട് നാലേകാലോടെ ആര്യനാട് - മീനാങ്കല്‍ വഴി ഞങ്ങള്‍ നേരെ പേപ്പാറ ഡാം എത്തി. പ്രവേശന ഫീസ്‌ ഒന്നുമില്ല പകരം പേരും മേല്‍വിലാസവും എഴുതിക്കൊടുക്കണം. വേനലായിട്ടു പോലും പേപ്പാറ ഡാം നിറഞ്ഞിരുന്നു. അധിക സമയം അവിടെ ചിലവഴിയ്ക്കാതെ തിരികെ പേപ്പാറ - വിതുര റൂട്ടില്‍ കുട്ടപ്പാറ ബസ് സ്റ്റോപ്പില്‍ വന്നു കാര്‍ നിര്‍ത്തിയിട്ടു ഞങ്ങള്‍ വൈകിട്ട് 5 മണിയ്ക്ക് വിതുരയില്‍ നിന്ന് വരുന്ന പൊടിയക്കാല ബസിനു വേണ്ടി കാത്തുനിന്നു. പത്തുമിനുട്ടിനുള്ളില്‍ ബസ് എത്തി. ബസ് നേരെ മീനാങ്കല്‍ എത്തി, അവിടെ നിന്നായിരുന്നു ടീ ബ്രേക്ക്. നല്ല മധുരമുള്ള ചൂട് പഴംപൊരിയും ചായയും കുടിച്ച് ഉഷാറായി, ബസ് പുറപ്പെട്ട്, നേരെ പേപ്പാറ ഡാം ചെന്ന ശേഷം തിരികെ വരുന്ന വഴി പൊടിയക്കാലയിലേയ്ക്കുള്ള കല്ലും മണ്ണും മാത്രമുള്ള കാട്ടുപാതയിലേയ്ക്ക് ഇറങ്ങി. ബസില്‍ ഒരു ഓഫ്റോഡ്‌ യാത്ര! വരുന്ന വഴി വനത്തിനുള്ളില്‍ കാട്ടുപോത്തിനെ കണ്ടു. ഒരുത്തന്‍ മാത്രം... ഇടതൂര്‍ന്ന ചെറുമരങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നു. ശെരിയ്ക്ക് കാണുന്നതിനായി ബസ് പിന്നോട്ടെടുത്തു. കണ്ടക്ടര്‍ ബസില്‍ നിന്നിറങ്ങി. കൂടെ ഞാനും. അദ്ദേഹം ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് നോക്കി, അതാ... മ്യൂസിക് വിത്ത് ബോഡിമസില്‍സ്! നല്ല കൊഴുത്തുരുണ്ട ഒരു കറുത്ത പുറം! ഒരു പിടിയാനയുടെ അത്രേം വലിപ്പമുള്ള കൂറ്റന്‍ പോത്ത്! വാലാട്ടിക്കൊണ്ട് അവന്‍ കാടിനുള്ളിലെയ്ക്ക് തീറ്റ തേടി മറഞ്ഞു. ബസ് യാത്ര തുടര്‍ന്നു. റോഡിനു കുറുകെയുള്ള ഒരു പാറനിരപ്പിലൂടെ കയറിയിറങ്ങി, പൊടിയക്കാലയ്ക്ക് കഷ്ടി ഒരു കിലോമീറ്റര്‍ മുന്‍പ് ഒരു കൊച്ചു പാലത്തിനു സമീപം ബസ് നിര്‍ത്തി. പാലം പണിയായതിനാല്‍ ബസ് അവിടെ വരെയേ സര്‍വീസ് നടത്തുന്നുള്ളൂ. തുടര്‍ന്ന്‍ പേപ്പാറ ഡാം റിസര്‍വോയറിന്റെ ഭംഗിയെല്ലാം കണ്ടശേഷം ബസ് വിതുരയിലെക്ക് മടക്കയാത്ര ആരംഭിച്ചു. ഡ്രൈവര്‍ വിശേഷങ്ങളൊക്കെ പങ്കുവെച്ചു. പേപ്പാറ വനമേഖലയെ വിറപ്പിച്ചിരുന്ന ഒറ്റയാന്‍ കൊലകൊല്ലിയുടെ മൃതദേഹം ഇവിടെയാണ്‌ മറവു ചെയ്തിരിക്കുന്നതെന്ന് പറഞ്ഞു. പോത്തുകള്‍ കൂട്ടമായി വരാറുള്ള ഭാഗങ്ങളെല്ലാം കാണിച്ചു തന്നു. ഈ ബസില്‍ ഡ്യൂട്ടി എടുക്കുന്നതില്‍ ഇദ്ദേഹമോഴികെ ബാക്കിയെല്ലാരും ഈ റൂട്ടില്‍ ആനയെ കണ്ടിട്ടുണ്ടെന്ന് നിരാശയോടെ പറഞ്ഞു. പാറനിരപ്പ് എത്തിയപ്പോള്‍, ബസ് പാറയില്‍ കയറുന്ന രംഗം വീഡിയോയില്‍ പകര്‍ത്താനായി ഡ്രൈവര്‍ ബസ് നിര്‍ത്തി തന്നു. വീഡിയോ എടുത്ത ശേഷം തുടര്‍ന്ന്‍ ഡാം-വിതുര റോഡില്‍ കയറി. കൈതക്കാട് വളര്‍ന്നു നില്‍ക്കുന്ന ചതുപ്പുകള്‍ കാട്ടി ആനത്താരുകള്‍ കാണിച്ചു തന്നു. കുട്ടപ്പാറ 'കളവ്' എന്ന് പറയപ്പെടുന്ന ഒരു കാവ് എത്തിയപ്പോള്‍ ബസ് നിര്‍ത്തി. വനപാലകരും കൂപ്പ് തൊഴിലാളികളും ചേര്‍ന്ന് അവിടെ പൊങ്കാലയിട്ടിരുന്നു. ഭീകര വനമേഖലയിലെ ജോലി സമയത്ത് ജീവന് സംരക്ഷണം നല്‍കിയ കാട്ടു തമ്പുരാനുള്ള നേര്‍ച്ചയായിരുന്നു അത്. രുചികരമായ പൊങ്കാലപ്പായസവും, പഴവും കഴിച്ച് തിരികെ ബസില്‍ കയറി. അങ്ങനെ ഞങ്ങള്‍ കുട്ടപ്പാറയില്‍ കാര്‍ നിര്‍ത്തിയിരുന്നിടത്ത് ബസിറങ്ങി, തട്ടുകടയില്‍ നിന്നും ചായയും കുടിച്ച്, തിരികെ മടങ്ങി.

കടപ്പാട് : വിമൽ 

No comments:

Post a Comment