Monday 18 April 2016

ഇടുക്കി

കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നാണ് ഇടുക്കി. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, അണക്കെട്ടുകൾ, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി മുതലായവയാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ. മൂന്നാർ ഹിൽ സ്റ്റേഷൻ,ഇടുക്കി അണക്കെട്ട്, തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രം, പീരുമേട് വാഗമൺ എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ. കൂടാതെ വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന ധാരാളം സ്ഥലങ്ങൾ വേറെയുമുണ്ട്. രാമക്കൽമേട്, ചതുരംഗപ്പാറമേട്, രാജാപ്പാറ, ആനയിറങ്കൽ, പഴയ ദേവികുളം, ചീയപ്പാറ/വാളറ വെള്ളച്ചാട്ടം,പാൽക്കുളം , തൊമ്മൻ കുത്ത്, നാടുകാണി വ്യൂ പോയിന്റ്, പരുന്തുമ്പാറ, അഞ്ചുരുളി, കല്ല്യാണത്തണ്ട്, മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ, ചിന്നാറ് വന്യമൃഗസങ്കേതം, രാജമല, തുടങ്ങിയവ ഇവയിൽ ചിലത് മാത്രം. സമീപകാലത്തായി ഫാം ടൂറിസവും പ്രശസ്തിയാർജ്ജിച്ചുവരുന്നുണ്ട്. ജില്ലയിലെ കുമളിക്ക് അടുത്തുള്ള അണക്കരയെ ഗ്ലോബൽ ടൂറിസം വില്ലേജായി പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്നാർ, ഇടുക്കി, തേക്കടി, എന്നീ പ്രധാന കേന്ദ്രങ്ങളെയാണ് വിനോദ സഞ്ചാരത്തിൻറെ സുവർണ്ണ ത്രികോണം എന്ന് വിളിക്കുന്നത്.
മൂന്നാർ തേയിലത്തോട്ടങ്ങൾ നിറഞ്ഞ മലമടക്കിലെ സുഖവാസകേന്ദ്രം കൊച്ചിയിൽ നിന്നു 136 കി.മീ. അകലെ. നീലക്കുറിഞ്ഞി പൂക്കുന്ന
സ്ഥലമെന്ന പ്രശസ്തിയുമുണ്ട്.
തേക്കടി: പെരിയാർ തടാകവും വന്യമൃഗസംരക്ഷണ കേന്ദ്രവുമടങ്ങുന്നതാണ് തേക്കടി. പെരിയാർ നദിക്ക് കുറുകെ മുൻ മദ്രാസ് ഗവൺമെൻറ് 1895-ൽ അണകെട്ടിയപ്പോൾ രൂപം കൊണ്ടതാണ് തടാകം. ശ്രീചിത്തിര തിരുന്നാൾ മഹാരാജാവ് 1934-ൽ സ്ഥാപിച്ച വന്യമൃഗ സംരക്ഷണ കേന്ദ്രം. 1978-ൽ ഇത് കടുവ സംരക്ഷണ മേഖലയായി പ്രഖ്യാപിക്കപ്പെട്ടു.
കുമളി: തേക്കടിയുടെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. കുമളിയിൽ നിന്ന് 13.കി.മീ. സഞ്ചരിച്ചാൽ ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിലെത്താം.
പീരുമേട്: പീർ മുഹമ്മദ് എന്ന സൂഫി സന്ന്യാസിയുടെ ശവകുടീരം ഇവിടെയുണ്ട്. ശ്രീമൂലം തിരുനാൾ മഹാരാജാവ് നിർമ്മിച്ച ഒരു ശ്രീകൃഷ്ണ ക്ഷേത്രമുണ്ട്.
രാമക്കൽമേട്: ഇടുക്കി ജില്ലയുടെ അതിർത്തി ഗ്രാമമായ രാമക്കൽമേട് മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. സമുദ്ര നിരപ്പിൽനിന്നും 3334 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന രാമക്കൽ മലയിൽനിന്നും താഴെ തമിഴ്നാട്ടിലെ കാഴ്ചകൾ നന്നായി ആസ്വദിക്കാൻ കഴിയും.

No comments:

Post a Comment