Sunday 17 April 2016

വടക്കന്‍ കേരളത്തിന്റെ മാസ്മരികതയിലൂടെ വീണ്ടും

അധികമാര്‍ക്കും അറിയാത്ത മനോഹരമായ ദേശങ്ങളിലൂടെ യാത്ര ചെയ്യുക : Exploring Nearby places ന്റെ ഉദ്ദേശം എന്നും അതുതന്നെ ആയതു കൊണ്ടാണ് ഈ ഈസ്റ്റര്‍ അവധിയ്ക്കും യാത്ര പോകാന്‍ തീരുമാനിച്ചതിന്റെ കാരണം.
രാവിലെ 10.10നു ഷൊര്‍ണ്ണൂരിടെലൂ കടന്ന്‍ പോകുന്ന താമരശ്ശേരി ബസില്‍ കേറി 11.20 നു പെരിന്തല്‍മണ്ണ വന്നിറങ്ങുമ്പോള്‍, അവിടെ നിന്ന് പുറപ്പെടുന്ന ഗൂഡല്ലൂര്‍ ഇന്റര്‍സ്റ്റേറ്റ് ഓര്‍ഡിനറി ബസ് ആയിരുന്നു എന്റെ ലക്‌ഷ്യം. കേരളത്തെ തമിഴ് നാടുമായി ബന്ധിപ്പിയ്ക്കുന്ന ഓര്‍ഡിനറി ബസുകളില്‍ ഒന്ന്. ഷെഡ്യൂള്‍ ടൈം ആയ 12.45 നു തന്നെ ബസ് പുറപ്പെട്ടു. മിക്കവാറും തിരക്ക് ഉണ്ടാവാറുള്ളതിനാല്‍ കൂപ്പണ്‍ സൗകര്യം ഉണ്ട്. സീറ്റ് ഉറപ്പാക്കാം. പക്ഷെ അന്ന് അത് വേണ്ടി വന്നില്ല. മലപ്പുറത്തിന്റെ വേനല്‍ ചൂടിലൂടെ ബസ് ഗൂഡല്ലൂര്‍ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. വഴിക്കടവ് വരെ അല്പം ബോറടിപ്പിക്കുന്ന യാത്രയാണ്. കനോലി പ്ലോട്ടും നിലമ്പൂര്‍ തേക്ക് മ്യൂസിയവും എല്ലാം എത്രയോ തവണ കണ്ടിട്ടുള്ള വഴിയോര കാഴ്ചകളാണ്... വഴിക്കടവ് വെച്ച് ചായ കുടിയ്ക്കാന്‍ ഒരു അഞ്ചു മിനിറ്റ് ബ്രേക്ക്. തമിഴന്മാര്‍ ബസില്‍ നിറയെ ഉള്ളതിനാല്‍ സീറ്റ് പോകുമോ എന്ന് പേടിയുള്ളതുകൊണ്ടും, ഗൂഡല്ലൂരില്‍ തമിഴ് സ്റ്റൈല്‍ ചായയും കടിയും കഴിയ്ക്കാം എന്ന പ്ലാന്‍ ഉള്ളതുകൊണ്ടും, കൈയില്‍ കരുതിയിരുന്ന രണ്ട് ഓറഞ്ച് ഞാന്‍ അകത്താക്കി. ദാഹവും ചെറിയ വിശപ്പും ഒന്ന് ശമിച്ചു. വഴിക്കടവിലെ ടീ ബ്രേക്ക് കഴിഞ്ഞ്, ബസ് ന്യൂ അമരമ്പലം റിസര്‍വ് ഫോറസ്റ്റിലൂടെയുള്ള ചുരം കയറി തുടങ്ങി. രാത്രിയായാല്‍ ആനയിറങ്ങുന്ന മേഖലയാണ്. കാടിന്റെ പകുതിയോടെ കേരളം അവസാനിച്ച് തമിഴ് നാട്ടില്‍ പ്രവേശിച്ചു. തുടര്‍ന്ന്‍ നാടുകാണിയെന്ന സ്ഥലം. അവിടെ വെച്ച് ബസിലെ തിരക്ക് നന്നായി കുറഞ്ഞു. പിന്നെ ഗൂഡല്ലൂര്‍ക്ക് വളരെ റിലാക്സ്ഡ് ആയിട്ടാണ് ഇരുന്നത്. മുല്ലയും കനകാംബരവും പച്ച ചാണകവും കലര്‍ന്ന തമിഴ് ഗന്ധം അറിഞ്ഞു തുടങ്ങി. വളരെ തിരക്കേറിയ ഒരു പട്ടണമാണ് ഗൂഡല്ലൂര്‍. ഇത്തിരിയോളം മാത്രമുള്ള ബസ് സ്റ്റാന്‍ഡില്‍ കന്നഡക്കാരനും തമിഴനും ആനവണ്ടിയും കൂടെ കുത്തിത്തിരുകിയാണ് കിടക്കുന്നത്. എനിയ്ക്കിനി സുല്‍ത്താന്‍ ബത്തേരിയിലേയ്ക്കാണ് പോകേണ്ടത്. സമയം 3.45 ആയതേ ഉള്ളു. വൈകിട്ട് 5 നാണ് എനിയ്ക്ക് പോകേണ്ട ബത്തേരി ഇന്റര്‍സ്റ്റേറ്റ് ഓര്‍ഡിനറി പുറപ്പെടുന്നത്. തമിഴന്റെ ഹോട്ടലില്‍ നിന്നും ചൂടുള്ള ചായയും ചൂടില്ലാത്ത പഴംപൊരിയും കഴിച്ച് 4.30 നു ഗൂഡല്ലൂര്‍ സ്റ്റാന്‍ഡില്‍ വന്നു പാര്‍ക്ക് ചെയ്ത ബത്തേരി ബസില്‍ ഞാന്‍ കയറി ഇരുന്നു. കൃത്യം 5 മണിയ്ക്ക് നിറയെ തമിഴ് മക്കളും കുറച്ചു മലയാളികളുമായി ആ ബസ് യാത്ര തുടങ്ങി. ദൂരെയേതോ മലനിരകളില്‍ നിന്ന് കേട്ട ഒരു ഇടിമുഴക്കത്തോടെയാണ് അത് ആരംഭിച്ചത്. 'കവിത പോലെ ഒരു യാത്ര' എന്ന് വേണമെങ്കില്‍ ആ യാത്രയെ വിശേഷിപ്പിയ്ക്കാം. ഗ്രാമത്തിന്റെ ശാലീനത ഒട്ടും ചോര്‍ന്നു പോയിട്ടില്ലാത്ത സുന്ദരഭൂമിയിലൂടെയായിരുന്നു ആ യാത്ര. തമിഴ് ചന്തം നിറഞ്ഞു നിന്നിരുന്നു. കടല്‍ നിരപ്പില്‍ നിന്ന് എത്രയോ അടി ഉയരത്തിലായിരുന്നു ആ പ്രദേശങ്ങള്‍! അതുകൊണ്ട് തന്നെ 'ദേവലോകം' എന്ന് വിശേഷിപ്പിയ്ക്കാവുന്ന ദേവല, തേയിലത്തോട്ടങ്ങളുടെ പച്ചപ്പ്‌ കൊണ്ട് സുന്ദരമായ പന്തലൂര്‍, ചേരമ്പാടി, എരുമാട്, താളൂര്‍... അകമ്പടി സേവിച്ചു കൊണ്ട് ചെറിയ മൂടല്‍മഞ്ഞും, ആകാശത്ത് ഇരുണ്ടു കൂടുന്ന മഴമേഘങ്ങളും... മനസ്സ് നിറയുന്ന ഒരു സായാഹ്നം. താളൂര്‍ കഴിഞ്ഞതോടെ വീണ്ടും മലയാള മണ്ണിലേയ്ക്ക്. തുടര്‍ന്ന്‍ ചുള്ളിയോട് ഗ്രാമം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വയനാട്ടിലേയ്ക്ക് നടത്തിയ ഒരു ഫാമിലി ടൂറില്‍ ചുള്ളിയോട് ഉള്ള ഒരു ആദിവാസി ഗ്രാമം സന്ദര്‍ശിച്ചിരുന്നു. രാത്രി 7.15 കഴിഞ്ഞ് ബസ് സുല്‍ത്താന്‍ ബത്തേരിയിലെത്തി. അവിടെ നിന്ന് രാത്രി ഭക്ഷണം കഴിച്ച ശേഷം അടുത്ത ബസിനായി കാത്തു നിന്നു. അത് കോഴിക്കോട് - മൈസൂര്‍ ഇന്റര്‍സ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചര്‍ ആണ്. സീറ്റ് നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടുണ്ട്. കണ്ടക്ടറുടെ ഫോണ്‍ വന്നു. ബസ് ഇപ്പോള്‍ ഡിപ്പോയില്‍ വരുമെന്ന് പറഞ്ഞു. അപ്പോഴേയ്ക്കും മൈസൂര്‍ ബസിലെ എന്റെ സഹയാത്രികന്‍ Moh'd Azrr ഒപ്പം എന്റെ സുഹൃത്തുക്കളായ Antony Varghese,Prasanth S K എന്നിവരും അവിടെയ്ക്ക് വന്നു. അവര്‍ രണ്ടു പേരും മറ്റൊരു യാത്രയിലാണ്. ഉടനെ തന്നെ അവിടെ എത്തിയ മൈസൂര്‍ ബസിനു മുന്നില്‍ നിന്ന് ഒരു 'സെല്‍ഫി' ഒക്കെ എടുത്ത ശേഷം ഞങ്ങള്‍ ബസില്‍ കേറി യാത്രയാരംഭിച്ചു. KSRTC-യ്ക്ക് ഈ വര്‍ഷം ലഭിച്ച പുതുപുത്തന്‍ അശോക്‌ ലെയ്ലാന്‍ഡ് ചേസിസില്‍ പണിത ഓട്ടോമാറ്റിക് ഡോര്‍ ഉള്ള ബസ് ആണ്. നല്ല കണ്ടീഷനും ഉഗ്രന്‍ പെര്‍ഫോര്‍മന്‍സും. സ്പീഡിലുള്ള ഡ്രൈവിംഗ് ആയതു കൊണ്ട്, പെട്ടെന്ന് തന്നെ മുത്തങ്ങ വന്യജീവി സങ്കേതത്തിന്റെ ചെക്ക് പോസ്റ്റുകള്‍ മൂന്നും കടന്നു പോയി. ആ സമയം 8.30 യോടടുത്തിരുന്നു. മൂന്നാമത്തെ ചെക്ക് പോസ്റ്റ്‌ കടന്നയുടനെ ദേ... റോഡരികില്‍ ഒറ്റയ്ക്കൊരു പിടിയാന! ഈ ലോറിയെല്ലാം ഇങ്ങനെ വന്നു കിടക്കുന്നതെന്താ എന്ന് നോക്കാന്‍ വന്നതായിരിക്കണം പുള്ളിയും .ഇനിയും മൃഗങ്ങള്വല്ലതുമുണ്ടോ എന്ന് നോക്കാന്‍ ഡ്രൈവര്‍ മ്മതിയ്ക്കുന്നുണ്ടായിരുന്നില്ല. അങ്ങേര് പറപ്പിയ്ക്കുകയായിരുന്നു ബസ്. എത്രയും പെട്ടെന്ന് കാട് കടക്കണം എന്ന പോലെ! നല്ല റോഡും ആണ്. ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വില്‍ കേറിയതോടെ ഇടയ്ക്കിടെ ബമ്പുകളുടെ കളിയാണ്. അത്രയധികം അനിമല്‍ ക്രോസിംഗ് ഉള്ള ഭാഗങ്ങളാണ് അവിടം. ഇരുള്‍ നിറഞ്ഞ കടുവാ സങ്കേതത്തിന്റെ ഭീകരത കണ്ടു കൊണ്ടിരിയ്ക്കുമ്പോള്‍ ദൂരെ നല്ല മിന്നലുണ്ടായിരുന്നു. ആകാശത്ത് ചിത്രപ്പണികള്‍ ഒരുക്കുന്ന ഇടിമിന്നലും കാതടപ്പിയ്ക്കുന്ന ഇടിമുഴക്കവും. നിമിഷങ്ങള്‍ക്കുള്ളില്‍ വനത്തില്‍ മഴയെത്തി. മഴയെന്നു പറഞ്ഞാല്‍ നല്ല സൂപ്പര്‍ മഴ! മര്യാദയ്ക്ക് റോഡ്‌ പോലും കാണാതായി. മഴ പെയ്താല്‍ മൃഗങ്ങള്‍ റോഡില്‍ വരുമെന്ന് അറിയാവുന്നത് കൊണ്ട് നാല് പാടും നോക്കിക്കൊണ്ടാണ് ഡ്രൈവര്‍ ബസ് ഓടിച്ചത്. മഴ അധിക നേരം നീണ്ടു നിന്നില്ല. മഴ തോര്‍ന്നത്തോടെ ബസ് വനത്തില്‍ നിന്ന് പുറത്തിറങ്ങി. ഗുണ്ടല്‍പെട്ട് വരെ വഴി മുഴുവന്‍ ചളിപിളിയാണ്. റോഡിനു വീതികൂട്ടല്‍ വര്‍ക്ക് നടക്കുകയാണ്. കുഴിയിലെല്ലാം ചാടി ചാടി വന്ന് ബസ് ഗുണ്ടല്‍പെട്ടിലുള്ള സ്ഥിരം ഹോട്ടലില്‍ രാത്രി ഭക്ഷണത്തിന് നിര്‍ത്തി. അതിനു ശേഷം മൈസൂര്‍ക്ക് യാത്ര തുടരവേ, നഞ്ചന്‍കോട് എത്തുന്നതിനു മുന്‍പ്, ഒരു പിക്കപ്പ് ജീപ്പിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ബസ് ജീപ്പിനെ ചെറുതായിട്ടൊന്ന് തലോടി. ശബ്ദം കേട്ട് എല്ലാരും ഞെട്ടി! ബസിന്റെ പിന്നിലെ ഡോറില്‍ ചെറിയൊരു സ്ക്രാച്ച്, ജീപ്പിനു ബമ്പര്‍ ഇല്ല! അത് പിന്നെ തര്‍ക്കവും ഒത്തുതീര്‍പ്പും ഒക്കെയായി ബസ് അല്‍പ്പമൊന്നു വൈകി. പക്ഷെ ആ താമസം പിന്നീടുള്ള ഓട്ടത്തില്‍ പരിഹരിച്ചു. ഒരു 10 മിനിറ്റ് മാത്രം വൈകിക്കൊണ്ട് ബസ് മൈസൂരില്‍ എത്തി. പിന്നെ രാത്രി 1.45 ന്റെ ബാംഗ്ലൂര്‍ - കോഴിക്കോട് സൂപ്പര്‍ഫാസ്റ്റ് ബസിനുള്ള കാത്തിരിപ്പ്. ഫുള്‍ ടൈം ബസുകളും ആളുകളും ഉള്ള സ്റ്റാന്റ് ആണ് അത്. അതിനിടയ്ക്ക് ബാംഗ്ലൂരില്‍ നിന്ന് തൃശൂര്‍ക്ക് പോകുന്ന സൂപ്പര്‍ ഡീലക്സ് എയര്‍ ബസ് എത്തി. ബന്ദിപ്പൂര്‍ - മുതുമല ടൈഗര്‍ റിസര്‍വിലൂടെ ഗൂഡല്ലൂര്‍ സൈഡിലേയ്ക്ക് രാത്രി പോകാന്‍ അനുമതിയുള്ള ബസ് ആണ് ഇത്. മൈസൂരില്‍ നിന്ന് റിസര്‍വേഷന്‍ ഉള്ള രണ്ടു പേരെ എടുത്ത ശേഷം ബസ് പുറപ്പെട്ടു. ആനയും പോത്തും മാനുകളും പുലിയും സ്വസ്ഥമായി വിഹരിച്ചു നടക്കുന്ന ആ സമയം കാണാന്‍ പോകുന്ന ആ ബസ് കണ്മുന്നില്‍ നിന്ന് മറയും വരെ നോക്കി നിന്നു. അങ്ങനെ കോഴിക്കോട് വണ്ടിയെത്തി. ഇതിലും സീറ്റ് ബുക്ക് ചെയ്തിരുന്നു. ബന്ദിപ്പൂര്‍ ചെക്ക് പോസ്റ്റ്‌ എത്തുന്നത് വരെ ഇതിന്റെ ഡ്രൈവര്‍ മൊബൈലില്‍ പാട്ട് വെച്ച്, അതിന്റെ കൂടെ പാടിക്കൊണ്ടാണ് ബസ് ഓടിച്ചത്! ഉറക്കത്തെ കീഴ്പെടുത്താനുള്ള ഒന്നാംതരം വിദ്യ. ചെക്ക് പോസ്റ്റ്‌ എത്തിയതോടെ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഈ ബസ് അടക്കം ആ കിടക്കുന്ന ഒരു വണ്ടിയ്ക്കും രാവിലെ 6 മണി കഴിയാതെ വനത്തില്‍ കേറാന്‍ അനുമതിയില്ല. ഡ്രൈവര്‍ ബസ് ഓഫ് ചെയ്തു. എല്ലാരും ഷട്ടര്‍ ഒക്കെ താഴ്ത്തി ഉറക്കമാരംഭിച്ചു. ആ വനമേഖലയില്‍ നിറഞ്ഞു നിന്നിരുന്ന ചീവീടിന്റെ താരാട്ട് കേട്ട്, ഞാനും ഉറങ്ങി. ഉറക്കമുണരുമ്പോള്‍ എല്ലാ വണ്ടിക്കാരും കാട്ടില്‍ കേറാനുള്ള ധൃതിയിലാണ്. വനത്തില്‍ പ്രവേശിച്ചതോടെ എല്ലാ വണ്ടികളും കൂടെ ഒരു കൂട്ടപ്പറക്കലാണ്! ഇതിനിടെ ഒന്ന് രണ്ട് പുള്ളിമാനുകളെ മാത്രം കണ്ടു. വന്നതിനേക്കാള്‍ വേഗത്തില്‍ ബസ് സുല്‍ത്താന്‍ ബത്തേരിയില്‍ എത്തി. മൂടല്‍ മഞ്ഞും ബസിന്റെ വേഗതയും കാരണം ഫോട്ടോ ഒന്നും എടുക്കാന്‍ കഴിയാതെ പോയതിനാല്‍, രാവിലെ 7.15 നുള്ള പൊന്‍കുഴി ബസില്‍ മുത്തങ്ങ വരെ വീണ്ടും പോയി വന്നു. അവിടെയും കണ്ടു ഒന്ന് രണ്ട് പുള്ളിമാന്‍ കൂട്ടങ്ങളെ. വനത്തിനുള്ളിലെ ഒരു ചായക്കടയില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചിട്ടാണ് ബത്തേരിയിലേയ്ക്ക് തിരികെ മടങ്ങിയത്. ആ ചായക്കടയ്ക്ക് സമീപം ആവി പറക്കുന്ന ആനപ്പിണ്ടങ്ങള്‍ ഉണ്ടായിരുന്നു. മടക്കയാത്രയില്‍ താമരശ്ശേരി ചുരത്തിന്റെ ഭംഗിയെല്ലാം പകര്‍ത്തി കോഴിക്കോട് വരെ വന്നു. അവിടെ നിന്ന് ജനശതാബ്ദി എക്സ്പ്രസ്സില്‍ നാട്ടിലേയ്ക്ക്...

കടപ്പാട് : വിമൽ 

No comments:

Post a Comment