Thursday 21 April 2016

മതികെട്ടാൻ ചോല

സഞ്ചാരികളെ കാത്ത് മതികെട്ടാൻ ചോല ....
കേന്ദ്ര സർക്കാർ ഒരു പതിറ്റാണ്ട് മുമ്പ് ദേശീയോദ്യാനമായി പ്രഖ്യാപിച്ച മതികെട്ടാൻ ചോല, കേരള -തമിഴ്നാട് അതിർത്തിയിലായി ശാന്തൻപാറ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ വിനോദ സഞ്ചാര സാധ്യതകൾ ഉള്ള മതികെട്ടാനിൽ പക്ഷെ വിനോദ സഞ്ചാരികൾ എത്തുന്നില്ലെന്നതാണ് ദു:ഖസത്യം .ഒരിക്കൽ കയ്യേറ്റം കൊണ്ടും പിന്നീട് കയ്യേറ്റമൊഴിപ്പിക്കൽ കൊണ്ടും ശ്രദ്ധ നേടിയ മതികെട്ടാൻ ചോല മൂന്നാർ- തേക്കടി പ്രധാന റോഡിൽ ശാന്തൻപാറയിൽ നിന്ന് അഞ്ച് കിലോമീറ്റർഅകലെയാണ്. കൊച്ചി -ധനുഷ് കോടി ദേശീയപാതയിൽ ചുണ്ടലിൽ നിന്നും 500 മീറ്റർ കാൽനടയായി സഞ്ചരിച്ചാലും ഇവിടെയെത്താം .വിനോദ സഞ്ചാരികളെ ആകർഷിക്കാൻ അനേകം പദ്ധതികൾ വനം വകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട് .എന്നാൽ അതൊന്നും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. അപൂർവങ്ങളായ നിരവധി സസ്യജന്തുജാലങ്ങളുടെ കലവറയായ മതികെട്ടാന്റെ ചുറ്റളവ് 12.81 ചതുരശ്ര കിലോമീറ്റർ ആണ്. ദേശീയോദ്യാനമായി പ്രഖ്യാപിച്ചതു മുതൽ ട്രക്കിങ്ങ് സൗകര്യമൊരുക്കി വനംവകുപ്പ്, സഞ്ചാരികളെ മതികെട്ടാനിലേക്ക് സ്വാഗതം ചെയ്യുന്നു. കൊടുംവനത്തിനകത്ത് ആറു കിലോമീറ്റർ കാൽനടയാത്രയായും മൂന്ന് കിലോമീറ്റർ ഓഫ് റോഡ് വാഹന ഡ്രൈവിങ്ങുമാണ് ട്രക്കിങ്ങിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വനം വകപ്പ് ഉദ്യോഗസ്ഥരും തദ്ദേശിയരായ ആദിവാസി വിഭാഗത്തിലെ അംഗങ്ങൾ ഉൾപ്പെടെ ഇക്കോഡവലപ്പ്മെന്റ് കമ്മറ്റിയംഗങ്ങളും ട്രക്കിങ്ങിനെത്തുന്ന യാത്രക്കാരെ അനുഗമിക്കും. ഒരാൾക്ക് 223 രൂപയാണ് ട്രക്കിങ്ങിന് ഈടാക്കുന്നത്. വിദേശികൾക്ക് ഇത് 600 രൂപയാണ്.ഇടതിങ്ങിയ മരക്കൂട്ടങ്ങൾ പോലെ തന്നെ വിസ്തൃതമായ പുൽമേടുകളും, വനത്തിനകത്ത് ചൂണ്ടൽ ഭാഗത്ത് നിന്നാൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങൾ വ്യക്തമായി കാണാനും സാധിക്കും.53 കിലോമീറ്റർ അതിർത്തിയിൽ കാട്ടാന ,മാൻ, പുലി, മ്ലാവ് ,കേഴ, വിവിധയിനം പക്ഷികൾ എന്നിവ വിഹരിക്കുന്ന മതികെട്ടാനിലൂടെയുള്ള ട്രക്കിങ്ങ് ,സാഹസിക വിനോദത്തിന്റെ നേർസാക്ഷ്യമാണ്. മതികെട്ടാൻ സന്ദർശിക്കാൻ എത്തുന്നവർക്കായി പേത്തൊട്ടിയിൽ വനം വകുപ്പ് മികച്ച താമസ സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വനം വകുപ്പ് ഓഫീസിനോട് ചേർന്ന് 10 പേർക്ക് താമസിക്കാവുന്ന ഒരു അമിനിറ്റി സെന്റർ, ഒരു ഹണിമൂൺ കോട്ടേജ് എന്നിവയുണ്ട്. 150 രൂപയാണ് അമിനിറ്റി സെന്ററിലെ താമസത്തിന് ഒരാളിൽ നിന്നും ഈടാക്കുന്നത് .2000 രൂപയാണ് ഹണിമൂൺ കോട്ടേജിന്റെ ഒരു ദിവസത്തെ വാടക.

കടപ്പാട്: ഇവാർത്തകൾ

2 comments:

  1. Replies
    1. Contact Address:
      The Wild life Warden,
      Munnar Wild life Division,
      Munnar
      Phone 04865 231587

      Delete