Sunday 17 April 2016

മുതുമല - ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വുകള്‍

യാത്ര : മുതുമല - ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വുകള്‍ വഴി, ഉദ്ദേശം : പുള്ളിപ്പുലിയെ കാണുക.
-------------------------------------------------------------------------------------------
സഞ്ചാരികളെ ഒരിയ്ക്കലും നിരാശപ്പെടുത്താത്ത മുതുമല - ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രണ്ടാമത്തെ യാത്രയിലും തൃശൂര്‍ - മൈസൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ സ്റ്റാഫ് പറഞ്ഞത് കേട്ട് കൊതി പൂണ്ടാണ്‌ അന്ന് തന്നെ ഇങ്ങനെയൊരു യാത്ര പ്ലാന്‍ ചെയ്തത്. രാത്രി യാത്രാ നിരോധനം ഉള്ള സമയത്ത് ഗുണ്ടല്‍പെട്ട് നിന്ന് ഗൂഡല്ലൂര്‍ക്ക് പോകാന്‍ അനുമതിയുള്ള, രണ്ട് KSRTC ബസുകളില്‍ ഒന്നാണ് ബാംഗ്ലൂര്‍ - തൃശൂര്‍ സൂപ്പര്‍ ഡീലക്സ്. കാടിനോട് കമ്പമുള്ളവര്‍ക്ക്, കാട്ടില്‍ പുള്ളിപ്പുലിയും കരടിയും കാട്ടുപോത്തും ആനയും പലതരം മാനുകളും അടക്കം എല്ലാ തരം വന്യമൃഗങ്ങളെയും കാണാന്‍ പറ്റിയ ബസ് ആണ് ഇതെന്ന് രണ്ട് യാത്രയിലും സ്റ്റാഫ് എന്നോട് പറഞ്ഞിരുന്നു. വിഷു അവധി വീണുകിട്ടിയ സമയത്ത് ഇതല്ലാതെ വേറെയൊരു റൂട്ട് ഞാന്‍ ചിന്തിച്ചതേയില്ല. ഈ ബസില്‍ ഡ്യൂട്ടി ഉണ്ടായിട്ടുള്ളപ്പോഴൊക്കെ പുള്ളിപ്പുലിയെ മിക്കവാറും കണ്ടിട്ടുണ്ടെന്ന് സ്റ്റാഫ് പറഞ്ഞത് കേട്ട്, പുള്ളിപ്പുലിയെ കാണാന്‍ മോഹിച്ച് ഞാന്‍ നടത്തിയ ഈ യാത്ര എന്തായി? പുള്ളിപ്പുലിയെ കണ്ടോ? വരട്ടെ, നമുക്ക് ആദ്യം മുതല്‍ തുടങ്ങാം.
ഉച്ചയ്ക്ക് 2.30 നു തൃശൂര്‍ നിന്ന് പുറപ്പെടുന്ന മൈസൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് 3.45-ഓടെ പട്ടാമ്പിയിലെത്തി, ഞാന്‍ അവിടെ നിന്ന് അതില്‍ യാത്രയാരംഭിച്ചു. നല്ല തിരക്കുണ്ടായിരുന്നു, പോരാത്തതിന് കക്കാതോട് പാലം കഴിഞ്ഞതും, മഴയാരംഭിച്ചു. കൂനിന്മേല്‍ കുരുവെന്ന പോലെ, നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിനും ചുങ്കത്തറയ്ക്കും ഇടയില്‍ വെച്ച്, തേങ്ങ നിറച്ചു വന്ന വലിയൊരു ലോറി മറിഞ്ഞ് ഒരു മണിക്കൂറോളം ഗതാഗത തടസ്സവും സമയനഷ്ടവും. നീണ്ട വാഹനനിര മൂലം, ക്രെയിന്‍ കൊണ്ട് വരാന്‍ പറ്റാതെ ഒടുവില്‍ നാട്ടുകാരെല്ലാം ചേര്‍ന്ന് ലോറി നിരക്കി മാറ്റുകയായിരുന്നു. വഴിക്കടവ് എത്തിയതോടെ മഴ മാറി. നേരവുമിരുട്ടി. ന്യൂ അമരമ്പലം റിസര്‍വ് ഫോറസ്റ്റിലൂടെ നാടുകാണി ചുരം കേറാന്‍ ബസ് ഒരുങ്ങുമ്പോള്‍ അങ്ങ് ഉയരത്തില്‍, വാഹനങ്ങളുടെ ഹെഡ് ലൈറ്റ് വളഞ്ഞു പുളഞ്ഞു ചുരം കയറുന്ന കാഴ്ച കാണാം. ചുരം കയറി, തമിഴ്നാട് സംസ്ഥാനത്തിലെ നാടുകാണി എത്തി, അവിടെ നിന്ന് ഗൂഡല്ലൂര്‍ എത്തി. രാത്രി 7 നു എത്തേണ്ട ബസാണ്. എത്തിയത് 8.30ന്! ചുരം കയറുമ്പോള്‍ തന്നെ തണുപ്പ് ഉണ്ടായിരുന്നു. എന്റെ തൊട്ടടുത്തിരുന്നിരുന്നയാള്‍ കിടുകിടാ വിറയ്ക്കുന്നത് ഞാന്‍ അറിഞ്ഞു. ഭാഗ്യം അധികം കിടുക്കാന്‍ നില്‍ക്കാതെ അയാള്‍ ഗൂഡല്ലൂരില്‍ ഇറങ്ങി. പിന്നെ ഞാന്‍ കിടുകിടാ വിറയ്ക്കാന്‍ തുടങ്ങി! 9 മണിയ്ക്ക് മുന്‍പ് മുതുമല ചെക്ക് പോസ്റ്റ് കടന്നെങ്കിലും ബന്ദിപ്പൂര്‍ കടക്കുമ്പോള്‍ 9 കഴിയും. അവിടെ വല്ല ചോദ്യവും പറച്ചിലും വന്നാല്‍ സ്റ്റാഫിനെ സഹായിക്കാന്‍ യാത്രക്കാരില്‍ ചിലര്‍ കൂടി. മുതുമലയില്‍ കയറി. ഡ്രൈവര്‍ പ്രാഞ്ചിയേട്ടന്‍ സ്റ്റൈലില്‍ പറഞ്ഞു : "ചുറ്റിനും നോക്കിക്കോളോ വല്ല ആനയും പോത്തുമൊക്കെ കാണും". മുതുമല റിസപ്ഷന്‍ എത്താറായപ്പോള്‍, നല്ല മുഴുത്ത ഒരു പിടിയാന... അടുത്ത വളവില്‍, ഇരുട്ടില്‍ രണ്ട് കിന്നരിപ്പല്ലുകള്‍ കാണിച്ചു കൊണ്ട് ഒരു കുട്ടിക്കൊമ്പന്‍... കുറച്ചു ദൂരം കൂടെ ചെന്നപ്പോള്‍ ഇരുട്ടില്‍ നാല് വെളുത്ത കാലുകള്‍... കാട്ടുപോത്ത് തന്നെ. മ്യൂസിക് ഇല്ലാതെ ബോഡി മസില്‍സ്! പിന്നെ എനിയ്ക്ക് ഷട്ടര്‍ അടയ്ക്കേണ്ടി വന്നു. അത്രയും തണുപ്പ്! പ്രശ്നങ്ങളൊന്നും ഇല്ലാതെ ബസ് ബന്ദിപ്പൂര്‍ ചെക്ക് പോസ്റ്റ്‌ കടന്നു. കുറച്ചു ദൂരം ചെന്നപ്പോള്‍ "പുലിയല്ലേ അത്?" എന്ന് ഡ്രൈവര്‍ ചോദിച്ചതും, ഞാനടക്കം എല്ലാരും ചാടിയെണീറ്റു. തൊട്ടടുത്ത നിമിഷം അങ്ങേര് അത് തിരുത്തി : "ഏയ്‌... അതൊരു മരക്കുറ്റിയാ..."
അങ്ങ് ദൂരെ മുത്തങ്ങ ഉള്‍പ്പെടുന്ന മേഖലയില്‍ അന്നത്തെപ്പോലെ ഇടിവെട്ടി മഴയാണെന്നു തോന്നുന്നു. മിന്നല്‍ കാണാം. അവിടത്തെ പോലെ ഇവിടെയും വനത്തില്‍ നിറയെ വലിയ പാമ്പിന്‍ പുറ്റുകള്‍ ഉണ്ട്. അങ്ങനെ വനത്തില്‍ നിന്നിറങ്ങി, ഗുണ്ടല്‍പെട്ടിലെ സ്ഥിരം ഹോട്ടലില്‍ നിന്ന് അത്താഴം കഴിച്ച ശേഷം രാത്രി 11.30 നു ബസ് മൈസൂരില്‍ എത്തി.
ഇനിയാണ് നൈറ്റ് പാസ് ഉള്ള ബസിന്റെ ഊഴം. രണ്ട് ബസുകളില്‍ ആദ്യത്തേത് 12.45 AM നു മൈസൂരില്‍ എത്തുന്ന ബാംഗ്ലൂര്‍ - നിലമ്പൂര്‍ സൂപ്പര്‍ ഡീലക്സ് ആണ്. രണ്ടാമത്തേതാണ് എനിയ്ക്ക് പോകേണ്ട ബാംഗ്ലൂര്‍ - തൃശൂര്‍ സൂപ്പര്‍ ഡീലക്സ്. മൈസൂരിലെ സമയം 1.45 AM ആണെങ്കിലും 1.20 AM നു ബസ് എത്തി. പത്തു മിനിട്ടിനുള്ളില്‍ പുറപ്പെടുകയും ചെയ്തു. 2.45 AM ആയപ്പോള്‍ ബസ് ബന്ദിപ്പൂര്‍ ചെക്ക് പോസ്റ്റില്‍ എത്തി. പ്രദീപ്‌ മാഷ്‌ ( Pradeep Kumar ) ന്റെ ശൈലിയില്‍ പറഞ്ഞാല്‍, ചെക്ക് പോസ്റ്റില്‍ നേരം പുലരാന്‍ കാത്തുകിടക്കുന്ന ബസുകളെയും ലോറികളെയും കളിയാക്കിക്കൊണ്ട് സ്വല്പം അഹങ്കാരത്തോടെ എന്റെ ബസ് ബന്ദിപ്പൂര്‍ ചെക്ക് പോസ്റ്റ്‌ കടന്നു. ശാന്തമായ കൊടും വനം! കലമാന്‍ കൂട്ടങ്ങളും കേഴമാനും തലയുയര്‍ത്തി നോക്കി നില്‍ക്കുന്ന വനത്തിലൂടെ എതിരെ അതാ ഫോഗ് ലാമ്പും തെളിച്ചു കൊണ്ട് കോട്ടയം - ബാംഗ്ലൂര്‍ സൂപ്പര്‍ ഡീലക്സ് വരുന്നു... ഗൂഡല്ലൂര്‍ നിന്ന് ഗുണ്ടല്‍പെട്ട് ഭാഗത്തേയ്ക്ക് രാത്രി പോകാന്‍ അനുമതിയുള്ള KSRTC രണ്ട് ബസുകളില്‍ ഒന്നാണ് ഇത്. അത് കണ്ടപ്പോഴേ തോന്നി മഞ്ഞ് ഉണ്ടാകുമെന്ന്. വനത്തില്‍ അത്യാവശ്യം കോട ഇറങ്ങിയിരുന്നു. ബസിലെ സ്റ്റാഫിന് പുള്ളിപ്പുലി ദര്‍ശനം നല്‍കിയത് ഇവിടെ എവിടെയെങ്കിലും ആയിരിക്കുമോ? ഞാന്‍ ചുറ്റും നോക്കിക്കൊണ്ടേയിരുന്നു. ഈ രണ്ട് മാന്‍ വര്‍ഗ്ഗങ്ങളെയും ഇടയ്ക്കിടെ ചാടിച്ചാടി പോകുന്ന കാട്ടുമുയലുകളെയും മാത്രം കാട്ടിത്തന്നുകൊണ്ട് ബന്ദിപ്പൂര്‍ കടന്നു പോയി. കണ്ണിമവെട്ടാന്‍ പോലും മറന്നു പോയത്പോലെയാണ് എന്റെ ഇരിപ്പ്. കുറച്ചു കൂടെ thick ആയ, ഇടുങ്ങിയതും പൊട്ടിപ്പൊളിഞ്ഞതുമായ റോഡ്‌ ഉള്ള മുതുമലയിലേയ്ക് ബസ് കടന്നു. മാന്‍ വര്‍ഗ്ഗങ്ങളും കാട്ടുമുയലുകളും ഇവിടെയുമുണ്ട്. ഇടയ്ക്ക് മസില്‍മാന്‍ വീണ്ടും വന്നു... രണ്ടിടത്തായി ഓരോ കാട്ടുപോത്തുകള്‍. ഞാന്‍ ഇങ്ങനെ വിചാരിച്ചു : 'ഒരു പുള്ളിപ്പുലി ഇറങ്ങി റോഡിനു കുറുകെ നടന്നു പോയാല്‍ എന്ത് രസമായിരിക്കും' എന്ന്. ചിന്തിച്ചു തീര്‍ന്നില്ല... അതാ റോഡിനു കുറുകെ ഒരു കൂസലുമില്ലാതെ നടന്നു പോകുന്നു ഉഗ്രനൊരു പുള്ളിപ്പുലി! ബസിനെ കണ്ട ഭാവം പോലുമില്ലാതെ അവന്‍ കുറ്റിക്കാട്ടിലേയ്ക്ക് മറഞ്ഞു. എല്ലാം പെട്ടെന്ന്‍ സംഭവിച്ചെങ്കിലും മനസ് നിറഞ്ഞു. യാത്ര സഫലമായല്ലോ... അങ്ങനെ മുന്നോട്ട് പോകവേ, കുറച്ചപ്പുറത്ത്‌ അതാ ഒരാന! ദൂരെ നിന്ന് ബസ് കണ്ടപ്പോഴേ അവന്‍ വഴി മാറി തന്നു. ബസ് അടുത്തെത്തിയപ്പോ ഞാന്‍ അവനെ നോക്കി. 'സൂക്ഷിച്ച് നോക്കണ്ടടാ ഉണ്ണീ... ഇത് ഞാനല്ല!' എന്ന രീതിയിലാ അവന്റെ നില്പ്. തുടര്‍ന്ന്‍ പുള്ളിമാന്‍ കൂട്ടങ്ങളും കാട്ടുപന്നികളും കാട്ടുപോത്തും കാട്ടുമുയലുകളും ഒരിയ്ക്കല്‍ കൂടെ കണ്ടു കൊണ്ട് മുതുമാലയോട് യാത്ര പറഞ്ഞ് ഗൂഡല്ലൂര്‍ - നാടുകാണി താണ്ടി, കേരളത്തിലേയ്ക്ക് മടക്കം.
എത്ര കണ്ടാലും മതിവരാത്ത മുതുമല - ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വുകളുടെ ഈ മാസ്മരിക ഭംഗിയിലേയ്ക്ക് ഇനിയും വരണം. റിസര്‍വ്വിലെ രാജാവിനെ കാണാന്‍ ബാക്കിയുണ്ടല്ലോ - കടുവ!

കടപ്പാട് : വിമൽ 

No comments:

Post a Comment