Wednesday 20 April 2016

മേഘമല

മേഘങ്ങളെ പാടിയുറക്കാം, മേഘമലയെ തൊട്ടുണര്‍ത്താം”
ജീവിതത്തിലെ ഏറ്റവും രസകരമായ കാര്യം യാത്ര ചെയ്യുക എന്നതാണ്. അതുപോലെ തന്നെ രസകരമായ അനുഭവമാണ് അത് വിവരിക്കുക എന്നതും. ആര്‍ക്കും നല്ല സഞ്ചാരികളാകാം. പക്ഷേ ആ യാത്രയിലെ അനുഭവങ്ങള്‍ അനുഭൂതി പകരും വിധം പകര്‍ന്നുതരാന്‍ നല്ലൊരു സാഹിത്യകാരനേ കഴിയൂ. അതായിരുന്നു എസ്.കെ.പൊറ്റെക്കാടിനെ സഞ്ചാരസാഹിത്യകാരനാക്കിയ, സഞ്ചാരസാഹിത്യത്തിലെ കുലപതിയാക്കിയ പ്രധാന ഘടകം.
മനുഷ്യനായിപ്പിറന്നാല്‍ ഒരിക്കലെങ്കിലും ഒരിടത്തേക്കെങ്കിലും യാത്രചെയ്യാതെ ജീവിക്കാന്‍ അവനാവില്ല എന്നത് ഒരു സത്യമായിത്തുടരവേ ആ യാത്രകളിലെ മറക്കാനാവാത്ത അനുഭവങ്ങള്‍ അന്യനു പകുക്കുന്നതിലെ ആകര്‍ഷകത്വമാണ് യാത്രാവിവരണങ്ങളുടെ പിറവിക്കുകാരണം എന്നെനിക്ക് തോന്നുന്നു. ഇതെല്ലാം ഉള്ളിന്‍റെ ഉള്ളില്‍ ഒളിപ്പിച്ചുവച്ചാണ് മേഘങ്ങളെ ചുംബിച്ചു നില്‍ക്കുന്ന മേഘമലയിലേക്ക് യാത്ര തിരിച്ചത്.
പുതുപ്പുലരി വിളിച്ചോതി കിഴക്കിന്‍റെ ചക്രവാളത്തില്‍ നിന്നും വന്നെത്തിയ കാറ്റില്‍ മനം മയങ്ങി നില്‍ക്കുന്നനേരം, വൃശ്ചികമഞ്ഞിനെ തള്ളിപ്പുറത്താക്കി ചൂടിന്‍റെ കരങ്ങള്‍ ഭൂമിയെ വാരിപ്പുണരാന്‍ വെമ്പല്‍ കൂട്ടിനിന്ന ഒരു പ്രഭാതത്തില്‍ തൃശ്ശൂരില്‍ നിന്നും ഏഴ് ഗഡികളും കോഴിക്കോടുനിന്ന്‍ ഒരു ഗഡിയുമായി മേഘമല ലക്ഷ്യമാക്കി ജീപ്പ് കുതിച്ചു, യാത്രപോവുക എന്ന് പറയുമ്പോള്‍ ആരുടെ മുഖത്തും വിരിയുന്ന ആവേശത്തോടെ.. വഴിയരികിലെ ചായക്കടയില്‍ നിന്നും ചൂടോടെ ചില്ലുക്ലാസ്സില്‍ കിട്ടിയ ചായ അകത്താക്കി. ഇരുട്ടിനെ തുളച്ച് വെളിച്ചമാക്കുന്ന സൂര്യന്‍റെ പ്രവേശനത്തിന് മുന്‍പ് കിട്ടിയ ചായ ആയതുകൊണ്ടാണോ എന്നറിയില്ല, പ്രത്യേക സ്വാദ് അനുഭവപ്പെട്ടു, ശേഷം യാത്ര തുടര്‍ന്നു.
മേഘമല അത് തന്നെയായിരുന്നു യാത്രയില്‍ എന്‍റെ സ്വപ്നം, അവളുടെ സൌന്ദര്യം പലകുറി വായിച്ചതുകൊണ്ടാകാം അവളെകാണാന്‍ ഉള്ള മോഹം എന്നില്‍ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അവിടെ എത്തും വരെ ആവേശം കൂടിക്കൊണ്ടേയിരുന്നു.. ഏകദേശം 7 മണിയോടുകൂടി ഞങ്ങള്‍ അടിമാലിയില്‍ എത്തിച്ചേര്‍ന്നു, അവിടെനിന്ന്‍ പ്രഭാത ഭക്ഷണം കഴിച്ച് ഒരേമ്പക്കവും വിട്ട് ബൈസണ്‍ വാലി വഴി ചിന്നക്കനാലിലേക്ക്. ഏലത്തോട്ടത്തിന് നടുവിലൂടെ കൃത്യം ഒരു ജീപ്പിന് പോകാന്‍ പാകത്തിലുള്ള ആ വഴിയിലൂടെയുള്ള യാത്ര വളരെ മനോഹരമായിരുന്നു. ശേഷം ചിന്നക്കനാലില്‍ നിന്നും ബോഡിയിലേക്കുള്ള വഴിയില്‍ നിറകുടം പോലെയുള്ള ആനയിറങ്ങല്‍ ഡാമിനേയും കണ്ട്, ബോഡിനായ്ക്കനൂര്‍ ലക്ഷ്യമാക്കി വണ്ടി ചീറിപ്പാഞ്ഞു.
ഒരു കല്ലെടുത്ത് ചുവരില്‍ കരകുര വരച്ചാല്‍ കാണുന്ന കാഴ്ച അതായിരുന്നു ബോഡിനയ്കനൂര്‍ ചുരം ദൂരെ നിന്ന് കണ്ടപ്പോള്‍ തോന്നിയത്. ഒരു മലയെ ആരൊക്കെയോ ചേര്‍ന്ന് കീറി മുറിച്ചിരിക്കുന്നു അതിലൂടെ കുറെ ഉറുമ്പുകള്‍ യാത്ര ചെയ്യുന്നു. അവിടെ പോയിട്ടുള്ള, ഈ ചുരം അകലെ നിന്ന് കണ്ടിട്ടുള്ള ഏതൊരാള്‍ക്കും ഇങ്ങനെയൊക്കെ തോന്നാം. ചുരമിറങ്ങി ബോഡി പട്ടണവും താണ്ടി വഴിയരികിലെ ഒരു കുടുസ്സു ഹോട്ടലില്‍ നിന്നും സാമ്പാറും എന്തൊക്കെയോ മറ്റുചില കറികളും കൂട്ടി നല്ല സാപ്പാട് കഴിച്ചു. ചുടുചോര്‍ ഇപ്രകാരം കറികള്‍ കൂട്ടി നാട്ടില്‍ കഴിക്കുമ്പോള്‍ കിട്ടുന്ന സ്വാദ് അവിടെ നിന്നും ലഭിച്ചു, ഒരുപക്ഷെ വിശപ്പ്‌ അസ്സഹ്യമായതുകൊണ്ടാവാം. ശേഷം ചിന്നമണ്ണൂരിലേക്ക്. ആടിക്കളിച്ചുല്ലസിക്കുന്ന, അരിമണിപ്പൂക്കുന്ന നെല്‍പ്പാടങ്ങളുടെ കാഴ്ചയാണ് ബോഡിയില്‍ നിന്നും ചിന്നമണ്ണൂരിലേക്കുള്ള യാത്രയില്‍ കാണുന്ന ദൃശ്യം. അവിടുത്തെ കര്‍ഷകര്‍ നമുക്കൊരുക്കിയ കാഴ്ച, കേരളത്തില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന കാഴ്ച!
ചിന്നമണ്ണൂരും കഴിഞ്ഞ് ചെമ്മണ്‍ പാതയിലേക്ക് വണ്ടി പ്രവേശിച്ചു. പാതയ്ക്കിരുവശവും പലതരം കൃഷികള്‍ പൂക്കുന്നു. മുന്തിരിത്തോട്ടങ്ങള്‍ക്ക് പേരുകേട്ട തേനിയിലെ പാടങ്ങള്‍, ഞങ്ങള്‍ എത്തുമ്പോഴേക്കും മുന്തിരിയില്ലാതെ അവശതയിലായി തൂങ്ങി നില്‍ക്കുന്നു. മുന്തിരിത്തോട്ടം കണ്ടു മുന്തിരി മാത്രം കാണാന്‍ കഴിഞ്ഞില്ല, അത് വളരെ നിരാശജനകമായി. അതൊന്നും വകവയ്ക്കാതെ മേഘമലയിലേക്കുള്ള ചുരം കയറി. മേഘമല വളരെ നല്ല വിനോദസഞ്ചാരകേന്ദ്രമാണെന്ന ബോധോദയം തമിഴ് സര്‍ക്കാരിന് ഇപ്പോളാണ് ഉണ്ടായതെന്ന് തോന്നുന്നു. കാരണം വീതിയേറിയ റോഡുകള്‍ നിര്‍മ്മിക്കാനുള്ള പണികള്‍ അവിടെ തകൃതിയായി നടക്കുന്നു. വഴിയരികിലെ കാട്ടുമരങ്ങളില്‍ സിംഹവാലനും മറ്റു കുരങ്ങന്മാരും ചാടി കളിക്കുന്നുണ്ടായിരുന്നു. അവരെയെല്ലാം നോക്കിയും റ്റാറ്റ കൊടുത്തും ഏകദേശം 5 മണിയോടെ ഞങ്ങള്‍ മേഘമലയുടെ താഴ്വാരത്തിലെത്തി. തേയിലതോട്ടങ്ങള്‍ കണ്ടു മടുത്ത മലയാളിപോലും ഇവിടുത്തെ കാഴ്ചകണ്ട് സ്വയം മറന്നുപോവും. ഒരു തടാകവും അതിനുചുറ്റും തേയില തോട്ടങ്ങളും അതിനിടയില്‍ കൊച്ചുകൊച്ചു വീടുകളും! എങ്ങനെ ഇഷ്ടപ്പെടാതിരിക്കും? ആദ്യകാഴ്ചയില്‍ തന്നെ ഞങ്ങള്‍ സംതൃപ്തരായി. ശേഷം പട്ടണം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. താമസവും ഭക്ഷണവും നേരത്തെതന്നെ അവിടെ ഉറപ്പ് വരുത്തിയിരുന്നു, തടാകതീരത്ത് നല്ല ഒതുക്കമുള്ള മുറി. തടാകക്കരയിലുള്ള ഇരിപ്പിടത്തിലിരുന്ന്‍ തേയില തോട്ടങ്ങളെ നോക്കി ഇരുന്നപ്പോള്‍ പടിഞ്ഞാറില്‍ നിന്നും വന്നെത്തിയ കാറ്റ് ശരീരത്തെ തഴുകിപ്പോയി, തണുപ്പിന്‍റെ ശീല്‍ക്കാരങ്ങള്‍ ഉള്ളിനെ സ്പര്‍ശിച്ചു. ശേഷം മുറിയിലെത്തി ഉഷാറോടെ പുറത്തിറങ്ങി.
മുറിയില്‍ കയറുമ്പോള്‍ ഉണ്ടായ അവസ്ഥയല്ല തിരിച്ചിറങ്ങിയപ്പോള്‍. തണുപ്പ് ഏറെ കൂടിയിരിക്കുന്നു. ചൂടുകായാന്‍ പറ്റിയ എന്തെങ്കിലും സാഹചര്യം അന്വേഷിച്ചപ്പോള്‍ അതിനും വഴിയില്ല. ലേശം ശക്തിമരുന്ന് വാങ്ങിത്തരാം എന്ന പതിനാറാമത്തെ അടവ് ഞങ്ങള്‍ പുറത്തെടുത്തപ്പോള്‍ അണ്ണന്മാര്‍ എന്തിനും റെഡി. കാട്ടിലും മേട്ടിലും ഓടി നടന്ന് അവര്‍ മരക്കഷണങ്ങള്‍ ശേഖരിച്ച് ഞങ്ങള്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തു തന്നു. തീയിന് ചുറ്റുമിരുന്നു ഞങ്ങള്‍ രാത്രിഭക്ഷണം കഴിച്ചു, അപ്പോളും തണുപ്പ് കൂടിക്കൊണ്ടേയിരുന്നു. അധികം വൈകാതെ യാത്രാക്ഷീണം ഞങ്ങളെ കൂര്‍ക്കം വലിയിലേക്ക് നയിച്ചു. പ്രഭാതം വിളിച്ചോതി സൂര്യരശ്മികള്‍ മണ്ണില്‍ പതിക്കാന്‍ തുടങ്ങിയപ്പോളാണ് കണ്ണുകള്‍ തുറന്നത്. കുളിച്ചു ഉഷാറായി ഒരു ചുടു ചായയും കുടിച്ച് മഹാരാജമേട്ട് ലക്ഷ്യമാക്കി യാത്ര തുടങ്ങി. തടാകക്കരയില്‍ ഒരു വീടിനുമുകളിലേക്ക് വരിയായി ഒരുപാട് വീടുകള്‍ ഉള്ള കാഴ്ച കണ്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് സന്തോഷ്‌ ജോര്‍ജ്ജ് കുളങ്ങരയുടെ നോര്‍വേ യാത്രയാണ്. അവിടുത്തെപ്പോലെ ഇവിടേയും.! എത്ര തവണ നോക്കിയാലും മതിവരാത്ത കാഴ്ചകള്‍, ഇളിച്ചുകാണിച്ചു നില്‍ക്കുന്ന തെയിലകള്‍ അവയ്ക്കിടയിലൂടെ പറന്നു നടക്കുന്ന പക്ഷികള്‍, തേയില നുള്ളുന്ന സ്ത്രീകള്‍ ഇങ്ങനെയെല്ലാം പ്രകൃതി നമുക്കായ് പലതും അവിടെ ഒരുക്കിവച്ചിരിക്കുന്നു. തെയിലകള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഡാം, അതിനു പരിസരത്തെ പരിശോധനാ കവാടത്തില്‍ അപ്പുറം കടക്കാന്‍ അനുമതി ചോതിച്ചപ്പോള്‍ ഒരു ഉദ്യോഗസ്ഥന് ശക്തിമരുന്ന് വേണം.. ഞങ്ങളില്‍ അതില്ലാത്തത് കൊണ്ട് അയാള്‍ നിരാശയോടെ അനുമതി തന്നു . മഹാരാജമേട്ടില്‍ അവിടെ പോകരുത് ഇവിടെ പോകരുത് എന്നൊക്കെയുള്ള ചില നിര്‍ദേശങ്ങളും..
'മുകളില്‍ ആകാശം താഴേയും ആകാശം' അതാണ്‌ മഹാരാജമേട്ടില്‍ നിന്നുള്ള കാഴ്ച, മേഘപാളികളാല്‍ മൂടിയിരിക്കുന്ന അടിത്തട്ട്. കാട്ടുപോത്തിന്‍റെ കാല്‍പ്പാടുകളും ആനപ്പിണ്ടങ്ങളും നിറഞ്ഞ വഴികള്‍. അതിനടുത്തുള്ള ഒരു കുന്നിന്‍ മുകളിലേക്ക് ചെറിയൊരു ട്രെക്കിംഗ്, അതിനു മുകളില്‍ നിന്നുള്ള കാഴ്ച, അത് വളരെ പ്രത്യേകതയാണ്. തെയിലകള്‍ക്കിടയിലൂടെ ഞങ്ങള്‍ വന്ന വഴി അവിടെ നിന്നും കാണുമ്പോള്‍ അത്ഭുതവും വിസ്മയവും തോന്നി. "മൂന്നാറിനെ മറന്നേക്കൂ, മേഘമലയാണ് യഥാര്‍ത്ഥ സുന്ദരി." കരടിയും പുലിയുമെല്ലാം ഉള്ള മേഘമല സഞ്ചാരകര്‍ക്ക് വേറിട്ട അനുഭവമായിരിക്കും എന്നതില്‍ ഒട്ടും സംശയിക്കേണ്ടതില്ല. വിനോദസഞ്ചാരകരുടെ തിക്കിലും തിരക്കിലും പെടാതെ കിടക്കുന്ന ആ സൌന്ദര്യറാണിയെ എത്ര കണ്ടാലും ആരും വെറുക്കയുമില്ല. കാഴ്ചകള്‍ ആസ്വദിച്ചും ക്യാമറയില്‍ ഒപ്പിയെടുത്തും ഉച്ചയോടെ ഞങ്ങള്‍ അവിടെനിന്നും പടിയിറങ്ങി. പോരാന്‍ തോന്നിയിട്ടല്ല, പക്ഷേ പോരാതെ നിവൃത്തിയില്ലാലോ! തിരികെ കമ്പം വഴിയായിരുന്നു യാത്ര. കമ്പത്തെ മുന്തിരിതോട്ടങ്ങള്‍ കണ്ടപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന നിരാശ വിട്ടൊഴിഞ്ഞു. നല്ല തോട്ടങ്ങള്‍, കാണാന്‍ കൊള്ളാം, കാണാന്‍ മാത്രം! എന്തെന്നാല്‍ കീടനാശിനിയടിച്ച് വെളുത്ത നിറത്തിലുള്ള പാട കാണാം ഓരോ മുന്തിരിയിലും. ഇതെല്ലാം കേരളത്തിലെക്കാണല്ലോ വരുന്നത് എന്നോര്‍ക്കുമ്പോള്‍ വിഷമം തോന്നും. കമ്പവും കുമളിയും മുണ്ടക്കയവും കുട്ടിക്കാനവും താണ്ടി ഞങ്ങള്‍ തിരികെ പോന്നു. ജീപ്പില്‍ ഒരു നീണ്ടയാത്ര ജീവിതത്തിലാദ്യം, ഇത്രയേറെ ആസ്വദിച്ച യാത്രയും!
യാത്ര എന്നും ഓരോ അനുഭവമാണ്, എന്‍റെ യാത്രകള്‍ എന്റേതായ രീതിയില്‍ എഴുതി നിങ്ങള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുന്നു എന്ന് മാത്രം! യാത്രകള്‍ പോവുക, നല്ല സഞ്ചാരികളാവാന്‍ ശ്രമിക്കുക.. വണക്കം!!

കടപ്പാട് : നാരായണൻ 

No comments:

Post a Comment