Monday 18 April 2016

കൊച്ചിയുടെ തീരങ്ങളിലൂടെ അറബികടലിലേക്ക്‌

സാധാരണക്കാര്‍ക്ക് കടലില്‍ പോകാന്‍ അനുവാദം കിട്ടാറില്ല, അനുവാദം ഇല്ലാതെ പോയാല്‍ കോസ്റ്റ്‌ ഗാര്‍ഡ്സ് പിടികൂടുമെന്ന് ഉറപ്പാണ്‌. പക്ഷെ കേരള ഗവണ്‍മെന്റ് സാധാരണക്കാര്‍ക്ക് കടലില്‍ പോകാന്‍ ഒരു അവസരം കൊടുക്കുന്നുണ്ട്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല 13 വര്‍ഷമായി കേരള സര്‍ക്കാര്‍ ഇത്തരം ഒരു പ്രോഗ്രാം നടത്തുന്നുണ്ട്. പക്ഷെ നമ്മളില്‍ പലര്‍ക്കും ഇത്തരം ഒരു കാര്യത്തെകുറിച്ച് വലിയ അറിവില്ല എന്നതാണ് കാര്യം. ഇത്തരം ഒരു പ്രോഗ്രാം നടത്തുന്നത് കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനമായ എറണാകുളം ജില്ലയില്‍ ആണ്. കൊച്ചിയില്‍ ഹൈകോര്‍ട്ടിന്റെ അടുത്തുള്ള ബോട്ട് ജെട്ടിയില്‍ നിന്നും കേരള സര്‍ക്കാറിന്‍റെ ഉടമസ്ഥതയില്‍ ഉള്ള സാഗരറാണി എന്ന പേരുള്ള രണ്ടു ക്രൂയിസര്‍ ബോട്ടുകള്‍ ആണ് ഈ സര്‍വീസ്‌ നടത്തുന്നത്. കേരള വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റിയുടെ കീഴില്‍ ജലഗതാഗതത്തിന് നിരവധി ബോട്ടുകള്‍ ഉണ്ടെങ്കിലും കടലിലേക്ക് പോകാന്‍ അനുമധിയുള്ള രണ്ടു ബോട്ടുകള്‍ ഇവ മാത്രമാണ്.
മുന്‍കൂട്ടി ബുക്ക്‌ ചെയ്‌താല്‍ മാത്രമേ യാത്ര ചെയ്യാന്‍ പറ്റുകയുള്ളൂ. രാവിലെ 8 മണി മുതല്‍ രാത്രി 10 മണി വരെയാണ് ബോട്ടിംഗ് സമയം. ഓരോ യാത്രയ്ക്കും എടുക്കുന്ന സമയം രണ്ടു മണികൂര്‍ ആണ്. ശനി ഞായര്‍ ദിവസങ്ങളില്‍ ഒരാള്‍ക് 350 രൂപയാണ് ചാര്‍ജ്‌ മറ്റു ദിവസങ്ങളില്‍ 250 രൂപയും. ഒരുമിച്ചു ബുക്ക്‌ ചെയ്യുകയാണെങ്കില്‍ സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് ടിക്കെറ്റ്‌ റേറ്റില്‍ കുറവ് കൊടുക്കും.ആവശ്യമുള്ളവര്‍ക്ക് ഏതെങ്കിലുംട്രിപ്പ്‌ മൊത്തമായും ബുക്ക്‌ ചെയ്യാവുന്നതാണ്. 10 കിലോമീറ്ററോളം കടലില്‍ സഞ്ചരിച്ചു തിരികെയെതുന്നതാണ് ഇവരുടെ ട്രിപ്പ്‌.
കൊച്ചിയില്‍ ഒരു ദിവസം കൊണ്ട് പോയി വരാവുന്ന സ്ഥലങ്ങളെ കുറിച്ച് സഞ്ചാര ഗ്രൂപ്പില്‍ ചര്‍ച്ച നടന്നതിനു ശേഷമാണ് സിബിചെട്ടന്‍ (സിബി കൃഷ്ണ) ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് പറഞ്ഞത്‌. അവര്‍ പോയി വന്ന കാര്യം കൂടി കേട്ടപ്പോള്‍ തീര്‍ച്ചയായും പോകണം എന്നുറപ്പിച്ചു. ആദ്യം പേര് തരുന്ന നൂറു പേര്‍ക്ക് മാത്രമേ പോകാന്‍ പറ്റുളൂ എന്ന് ഉല്ലാസേട്ടന്‍ പറഞ്ഞപ്പോള്‍ തന്നെ പേര് രേജിസ്റ്റ്‌ര്‍ ചെയ്തു. അങ്ങനെ കാത്തിരിന്നു കാത്തിരുന്നു ആ ദിവസം എത്തി. കൃത്യം നാല് മണിക്ക് തന്നെ മനാഫ്‌ ഇക്കയും ഞാനും ബോട്ട് ജെട്ടിയിലെത്തി. അവിടെ അപ്പോഴേക്കും കുറച്ചു പേര്‍ വന്നിരുന്നു പിന്നീട് ആള്‍ക്കാര്‍ വന്നുകൊണ്ടുമിരുന്നു. ഞങ്ങള്‍ക്ക് പോകാനുള്ള സാഗരറാണി അവിടെ വിശ്രമിക്കുന്നുണ്ടായിരുന്നു.
അഞ്ചു മണി ആയപ്പോള്‍ ക്രൂയിസറിനുള്ളിലേക്ക് ആള്‍കാരെ കയറ്റാന്‍ തുടങ്ങി. ഞങ്ങള്‍ ആദ്യം തന്നെ കയറി ബോട്ടിന്‍റെ ബാല്‍ക്കണിയില്‍ ഇടം പിടിച്ചു.കൂടുതല്‍ വ്യെക്തമായി കാഴ്ചകള്‍ കാണാന്‍ സൈഡ് സീറ്റും പിടിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നൂറോളം പേര്‍,ആള്‍കാര്‍ എല്ലാം കയറി കഴിഞ്ഞു അഞ്ചര ആയപ്പോള്‍ ബോട്ട് കടലിലേക്ക്‌ നീങ്ങാന്‍ തുടങ്ങി. എല്ലാവര്‍ക്കും ബാല്‍ക്കണിയില്‍ ഇരിക്കാന്‍ സീറ്റ്‌ ഇല്ല എങ്കിലും ബാകി ഉള്ളവര്‍ സൈഡില്‍ പിടിച്ചു കൊണ്ട് കാഴ്ചകള്‍ കാണാന്‍ നിന്നു. ബാല്‍ക്കണിയില്‍ പാട്ട് പാടാനും ഡാന്‍സ്‌ കളിക്കാനും ഉള്ള സൌകര്യങ്ങള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. സൌഹൃദ മനോഭാവമുള്ള ബോട്ട് ജീവനക്കാര്‍ അതില്‍ ഒരു ചേട്ടന്‍ ബോട്ട് പോകുന്ന ഇടങ്ങളുടെ ചരിത്രം പറയാന്‍ തുടങ്ങി. ഏതൊരു യാത്ര പോകുമ്പോളും അവിടുത്തെ പ്രത്യേകതകള്‍ അറിയുന്നത് ഒരു ശീലമായതിനാല്‍ പറയുന്നത് ഞാന്‍ ശ്രദ്ധിച്ചു.
മൂന്നു നിലകള്‍ ആണ് ഈ ക്രൂയിസറില്‍ ഉള്ളത്. മുകളിലത്തെ രണ്ടു നിലകള്‍ മാത്രമാണ് ആളുകള്‍ കയറാന്‍ ഉപയോഗിക്കുന്നത്. ഏറ്റവും താഴെയുള്ള നിലയില്‍ ബോട്ടിന്‍റെ ഇഞ്ചിന്‍ ആണ്. ബോട്ടിലെ ചേട്ടന്‍ കൊച്ചിയുടെ ചരിത്രത്തെ കുറിച്ച് പറഞ്ഞു തുടങ്ങി. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി കേരളത്തിന്‍റെ വ്യാവസായിക തലസ്ഥാനമാണ്, പെരിയാറും അറബിക്കടലും വേമ്പനാട്ട്കായലും ഒന്നികുന്നത് കൊച്ചിയിലാണ്. കൊച്ചിയില്‍ മാത്രം പത്തൊന്‍പതു ദ്വീപുകള്‍ ഉണ്ട്, യാത്രയില്‍ ഇവയില്‍ ചില ദ്വീപുകള്‍ നമ്മള്‍ കാണുകയും പരിചയപ്പെടുകയും ചെയ്യുമെന്ന് പറഞ്ഞു. ബോട്ട് നീങ്ങികൊണ്ടിരിന്നുന്നു,ദൂരേക്ക്‌ ചൂണ്ടിയിട്ട് അതാണ്‌ ആദ്യത്തെ ദ്വീപ്‌ മുളവുകാട് ഇതിനു ഇങ്ങനെ പേരുവന്നത് പണ്ട് ബ്രട്ടിഷ്‌ ഭരണകാലത്ത് കുരുമുളക് സൂക്ഷി ച്ചിരുന്ന വലിയ രണ്ടു സംഭരണശാലകളുണ്ടായിരുന്നു ഇവിടെ. ഇവിടെയാണ്‌ ബോള്‍ഗാട്ടി പാലസ് ഉള്ളത്. പതിനേഴാം നൂറ്റാണ്ടില്‍ ഡച്ചുകാര്‍ നിര്‍മിച്ചു അന്നത്തെ കൊച്ചി രാജാവായിരുന്ന ബാലരാമ വര്‍മയ്ക് സംമാനിച്ചതാണ് ഇത്. ബാലരാമ വര്‍മ തന്‍റെവേനല്‍ക്കാല വസതി ആയിട്ടാണ് ഇത് ഉപയോഗിച്ച് കൊണ്ടിരുന്നത്. ഇന്ന് ഈ കൊട്ടാരം കെ ടി ഡി സി യുടെ കൈവശമാണ്. അവര്‍ അതിനെ ഒരു ഹോട്ടല്‍ ആക്കി മാറ്റിയിട്ടുണ്ട്. അത് കൊണ്ട് സാധാരണ ആള്‍ക്കാര്‍ക്ക് ഇത് കാണുവാന്‍ സാധിക്കുകയില്ല അവരുടെ ഗസ്റ്റ് കള്‍ക്ക് മാത്രമേ അനുവാദം കൊടുക്കുകയുള്ളൂ.
മറൈന്‍ ഡ്രൈവിനു അടുത്തുള്ള ബോട്ട് ജെട്ടിയില്‍ നിന്നും ഫോര്‍ട്ട്‌ കൊച്ചിക്ക് പോകുമ്പോള്‍ കായലിനു നടുവില്‍ മൂന്നു പച്ച തുരുത്തുകള്‍ അല്ലെങ്കില്‍ ചെറിയ ദ്വീപുകള്‍ കണ്ടിട്ടുണ്ട്. ഇവ സ്വാഭാവികമായി ഉണ്ടായതാണ് എന്നാണ് ഇന്ന് വരെ കരുതിയിരുന്നത്. പക്ഷെ മഴക്കാലത്ത് വെള്ളപാച്ചില്‍ കൂടി ചെളിയും വെള്ളവും കൂടി വെല്ലിംഗ്ടണ്‍ ദദ്വീപില്‍ പോയി ഇടിക്കുന്നതിന്റെ ശക്തി കുറയ്കാന്‍ വേണ്ടി വെള്ളത്തിന്റെ ഗതി തിരിച്ചു വിടാന്‍ വേണ്ടി നിര്‍മിച്ച ചെറു ദ്വീപുകള്‍ ആണിത്. അതിന്റെ അടുത്തുകൂടി കടന്നു പോകുന്ന വലിയ പൈപ്പുകള്‍ കൊച്ചിന്‍ റിഫൈനറിയുടെ പൈപ്പുകള്‍ ആണ്. ക്രൂഡ്‌ ഓയിലുമായി വരുന്ന ഷിപ്പുകളില്‍ നിന്നും ഈ പൈപ്പുകള്‍ വഴി 26 കിലോമീറ്റര്‍ അപ്പുറത്തുള്ള അമ്പലമുകള്‍ എന്ന സ്ഥലത്തേക്ക് ക്രൂട് ഓയില്‍ പമ്പ് ചെയ്തുമാറ്റും.
ബോട്ടില്‍ നിന്ന് പിറകിലേക്ക് നോക്കുമ്പോള്‍ കരയില്‍ മറൈന്‍ ഡ്രൈവില്‍ ആളുകള്‍ നടക്കുകയും ഇരിക്കുകയും ചെയ്യുന്നു, അതിനു പിറകില്‍ കൂറ്റന്‍ ഫ്ലാറ്റ്കളും കെട്ടിടങ്ങളും. മറൈന്‍ ഡ്രൈവിന്റെ നീളം മൂന്നു കിലോമീറ്റര്‍ ആണത്രേ. ഇന്ത്യയിലെ അഞ്ചു ദേശീയ ജലപാതകളില്‍ മൂന്നാമത്തേത് കേരളത്തില്‍ ആണ്. തൃശൂര്‍ കൊട്ടപ്പുറത്തു നിന്ന് തുടങ്ങി കൊല്ലത് അവസാനിക്കുന്ന ദേശീയ ജലപാതയുടെ നീളം 705 കിലോമീറ്റര്‍ ആണ്. കേന്ദ്ര സര്‍ക്കാര്‍ ഈ ജലപാതയ്കു വേണ്ടി മാറ്റി വെച്ചിരിക്കുന്ന തുക 200 കോടിയാണ്.
അതിനിടയില്‍ ചായയും സ്നാക്സും വന്നു പോയി. കരയില്‍ ഇപ്പോള്‍ കാണുന്നത് എറണാകുളം ബോട്ട് ജെട്ടിയും സുഭാഷ്‌ ചന്ദ്രബോസിന്റെ പേരിലുള്ള സുഭാഷ്‌ പാര്‍ക്കും അതിനു പിറകില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന പച്ച കെട്ടിടവും, റെവന്യു ടവര്‍. സിറ്റി പോലീസ് കമ്മിഷണറുടെ ആസ്ഥാനം കൂടിയാണ് ഇത്. ബോട്ട് മുന്നോട്ടു പോയപ്പോള്‍ ദൂരെ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്‌, അതിനടുത് ബ്രിട്ടീഷ്‌കാര്‍ കൊച്ചിയില്‍ നിര്‍മിച്ച രണ്ടു പാലങ്ങളില്‍ ഒന്നായ തോപ്പുംപടി പാലം. രണ്ടാമത്തെ പാലം വെണ്ടുരുത്തി പാലമാണ്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിര്‍മിച്ച ആദ്യത്തെ വിമാന വാഹിനി കപ്പലായ I N S വിക്രാന്ത് ന്‍റെ പണികള്‍ പൂര്‍ത്തികരിച്ചുകൊണ്ടിരിക്കുന്ന കാഴ്ച്ചയ്കിടയിലാണ് ഞങള്‍ യാത്ര ചെയ്യുന്ന സാഗരറാണി നിര്‍മിച്ചതും കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ആണ് എന്നറിഞ്ഞത്.
ബോട്ട് തിരിഞ്ഞപ്പോള്‍ ഇടതു വശത്ത് കണ്ടു തുടങ്ങിയതാണ് വെല്ലിംഗ്ടണ്‍ ദ്വീപ്‌. ഏഴര കിലോമീറ്റര്‍ നീളവും മൂന്നു കിലോമീറ്റര്‍ വീതിയുമുള്ള ഈ ദ്വീപിന്‍റെ പ്രത്യേകത എന്നത് ഇതൊരു കൃത്രിമ ദ്വീപ്‌ ആണ്. സാധാരണ ദ്വീപുകള്‍ കായലുകളോ കടലുകളെ തനിയെ നിമിക്കുന്നവയാണ്. ഇത് നിര്‍മിച്ചത്‌ 1936 ല്‍ ബ്രട്ടിഷ്‌ ഭരണകാലത്ത് റോബര്‍ട്ട്‌ ബ്രിസ്റ്റോ എന്ന ബ്രട്ടിഷ്‌ എഞ്ചിനീയര്‍ ആണ്. ഇതിന്‍റെ ഇപോഴത്തെ പൂര്‍ണമായ നിയന്ത്രണവും സതേണ്‍ നേവല്‍ കമാണ്ടിനു ആണ്.ബ്രിട്ടീഷ്‌ ഭരണാധികാരി ആയിരുന്ന ലോര്‍ഡ്‌ വെല്ലിംഗ്ടണോടുള്ള ആദര സൂചകമായാണ് ഇതിനു വെല്ലിംഗ്ടണ്‍ ദ്വീപ്‌ എന്ന് പേര് കൊടുത്തത്‌. റോബര്‍ട്ട്‌ ബ്രിസ്റ്റോ ആദ്യം വന്നു ഇവിടുത്തെ ഭൂമി ശാസ്ത്ര പരമായ സവിശേഷതകള്‍ പഠിച്ചതിനു ശേഷം സ്കോട്ട്ലന്റില്‍ നിര്‍മിച്ച രണ്ടു മണ്ണ് മാന്തി കപ്പലുകളുമായി ഇവിടെ വരികയും വേമ്പനാട്ടു കായലിലെയും പെരിയാറിലെയും മണ്ണും എക്കലും കോരി എടുത്തു നിര്‍മിച്ചതാണ് ഈ ദ്വീപ്‌. കൊച്ചിന്‍ പോര്‍ട്ട്‌ സ്ഥിതി ചെയ്യുന്നത് ഈ ദ്വീപില്‍ ആണ്. ഇന്ത്യയിലെ മനുഷ്യ നിര്‍മിതമായ തുറമുഖങ്ങളില്‍ ഒന്നാണ് ഇത്. രാജീവ്‌ ഗാന്ധി പോര്‍ട്ട്‌ എന്നാണ് ഇത് അറിയപ്പെടുന്നത്. ലക്ഷദ്വീപിലേക്ക് യാത്ര പോകണമെങ്കില്‍ ഇവിടെയുള്ള ലക്ഷദ്വീപ്‌ അഡ്മിന്‍ ഓഫീസില്‍ നിന്നാണ് പെര്‍മിഷന്‍ കിട്ടേണ്ടത്. ലക്ഷ ദ്വീപിലേക്കുള്ള ടിക്കെറ്റ്‌ ഇവിടെ ബുക്ക്‌ ചെയ്യാവുന്നതാണ്. 7000 രൂപ മുതല്‍ 27000 രൂപ വരെയുള്ള വെത്യസ്ഥ ക്ലാസുകളില്‍ ഉള്ള ടിക്കറ്റ്‌ ആണുള്ളത്. കെ വി ലഗൂണ്‍സ് എന്ന പേരുള്ള ഒരു വെള്ള കളര്‍ ഷിപ്‌ കിടക്കുന്നത് കണ്ടു ലക്ഷദ്വീപിലേക്ക് ആളുകളെ കൊണ്ട് പോകുന്ന ഷിപ്പുകളില്‍ ഒന്നാണത്.
കൊച്ചിന്‍ പോര്‍ട്ട്‌ ട്രെസ്റ്റിന്റെ കീഴില്‍ അഞ്ചു കപ്പലുകള്‍ ഇവിടെ ആഴം കൂട്ടാന്‍ വേണ്ടി മണ്ണ് മാന്തുന്നുണ്ട്. മദര്‍ ഷിപ്പുകള്‍ക്ക് ഇവിടേയ്ക്ക് വരാന്‍ വേണ്ടിയാണ് ഇവിടെ ആഴം കൂട്ടുന്നത്‌. കൊച്ചിന്‍ പോര്‍ട്ട്‌ ട്രെസ്റ്റ് ട്രേഡജിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കപ്പലുകള്‍ വാടകയ്ക് എടുത്തു ഉപയോഗിക്കുന്നതാണ്.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി എഴുപത്തി അഞ്ചു അടിയിലേറെ ആഴം ഇവിടെ കൂട്ടിയിട്ടുണ്ട്. പെരിയാറും വേമ്പനാട്ടു കായലും അറബിക്കടലും ഒന്നികുന്നതിനാല്‍ ഇവിടെഎപ്പോഴും എക്കല്‍ അടിഞ്ഞു കൊണ്ടേയിരിക്കും. ഗൈഡ് ന്‍റെ വിശേഷങ്ങള്‍ കേള്‍കുമ്പോള്‍ സഞ്ചാരികള്‍ അവയെല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. പൊങ്ങിയും താഴ്ന്നും പറന്നു ഇര തേടുന്ന പരുന്തുകളും കടല്‍ പക്ഷികളും ബോട്ടിനെ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. ബോട്ട് കായലും കടന്നു വെളിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പാണ്.
കരയോടു ചേര്‍ന്ന് കറുപ്പ് നിറത്തില്‍ രണ്ടു മൂന്ന് ചെറിയ ബോട്ടുകള്‍ കെട്ടിയിട്ടുണ്ട്. ഇതിന്റെ പേര് ഡഗ് എന്നാണ്. വലിയ കപ്പലുകളെ തുറമുഖത്തേക്ക്‌ അടുപ്പികുന്നതിനു വേണ്ടി ഉപയോഗികുന്നതാണ് ഇത്. വലിയ കപ്പലുകള്‍ ഒന്നും തന്നെ തുറമുഖത്തേക്ക് തനിയെ അടുകുകയില്ല. അത് കപ്പല്‍ ചാലുകളില്‍ വന്നു നില്കുക മാത്രമേ ഉള്ളൂ. കാഴ്ചയില്‍ ഡഗ്കള്‍ വളരെ ചെറിയവ ആണെങ്കിലും ഇവ വളരെ പവര്‍ഫുള്‍ ബോട്ടുകള്‍ ആണ്. വലിയ ഷിപ്പ്കളെ തിരികെ കപ്പല്‍ ചാലുകളിലേക്ക് കൊണ്ട് പോകുന്നതും ഈ ഡഗ് ഉപയോഗിചിട്ടാണ്. കൊച്ചിന്‍ പോര്‍ട്ടില്‍ തന്നെ അള്‍ട്രാ ടെക് സിമന്റിനും സുവാരി സിമന്റിനും രണ്ടു ടാങ്കുകള്‍ ഉണ്ട് അവയിങ്ങനെ ഉയര്‍ന്നു നില്‍കുന്നത് നമുക്ക് കാണാം. തൊട്ടപ്പുറത്ത് ഒരു ചെറിയ ബോട്ട് ജെട്ടികാണുന്നത് കൊച്ചിന്‍ പോര്‍ട്ട്‌ ട്രെസ്റ്റ്‌ന്‍റെ എക്സിക്യൂട്ടീവ് ബോട്ട് ജെട്ടിയാണ്. അതിനപ്പുറത്തുള്ള ബോട്ട്ജെട്ടി സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട്ന്‍റെ ബോട്ട് ജെട്ടിയാണ്. ഇതിനു പിറകില്‍ കാണുന്ന കെട്ടിടങ്ങള്‍ എല്ലാം തന്നെ കൊച്ചിന്‍ പോര്‍ട്ട്‌ ട്രെസ്റ്റ്ന്‍റെയാണ്.
അങ്ങകലെ കടലിന്‍റെ ദ്രിശ്യങ്ങള്‍ കണ്ടു തുടങ്ങി പഴുത്ത് തുടുത് നില്‍കുന്ന ഒരു പഴം പോലെ സൂര്യന്‍ പടിഞ്ഞാറ് കടലില്‍ അസ്തമിക്കാന്‍ ഉള്ള തയ്യാറെടുപ്പാണ്.ദൂരെ കാണുന്ന മുളവുകാട് ദ്വീപിനോട് ചേര്‍ന്ന് പാലതിനിപ്പുറത്തു പണിഞ്ഞു കൊണ്ടിരിക്കുന്ന ഒരു വലിയ കെട്ടിടം ലുലു ഗ്രൂപിന്‍റെ കണ്‍വെന്‍ഷന്‍ സെന്‍റെര്‍ ആണ്. ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍റെര്‍ ആയിട്ടാണ് അത് പണിഞ്ഞു കൊണ്ടിരിക്കുന്നത്.ഇടതു വശത്ത് പാര്‍ക്കില്‍ ഒരു പഴയ ബോട്ട് വെച്ചിരിക്കുന്നത് കണ്ടു. വെല്ലിംഗ്ടണ്‍ ദ്വീപ്‌ ഡിസൈന്‍ ചെയ്ത ബ്രിസ്റ്റോ തന്‍റെ ഭാര്യക്ക് വേണ്ടി പണി കഴിപ്പിച്ച ടോറോത്തി എന്ന ബോട്ട് ആണിത്. ഒരു കുടുംബത്തിലെ മൂന്നു പ്രധാന മന്ത്രിമാര്‍ യാത്ര ചെയ്തിരുന്ന ബോട്ട് ആണിത്, കൂടാതെ പാവങ്ങളുടെ അമ്മ മദര്‍ തെരേസയും യാത്ര ചെയ്തിട്ടുണ്ട് ഈ ബോട്ടില്‍. അതിനപ്പുറത്ത് കാണുന്ന ചതുരാകൃതിയില്‍ ഉള്ള കെട്ടിടം കൊച്ചിന്‍ പോര്‍ട്ടിന്റെ അഡ്മിന്‍ ഓഫീസ് ആണ് അവിടെ ഇരുന്നുകൊണ്ട് ഇവിടെ കടലിലും കായലിലും സഞ്ചരിക്കുന്ന എല്ലാ വാഹനങ്ങളെയും അവര്‍ക്ക് നിരീക്ഷിക്കാന്‍ സാധിക്കും. കെട്ടിടത്തിനു മുകളില്‍ കറങ്ങി കൊണ്ടിരിക്കുന്ന റഡാര്‍ ഉപയോഗിച്ച് വാഹനത്തിന്റെ ദിശ ദൂരം വേഗത തുടങ്ങിയവ അവയ്ക്ക് കണ്ടു പിടിക്കാന്‍ കഴിയും. തൊട്ടടുത്ത കാണുന്ന കെട്ടിടം മലബാര്‍ ഹോട്ടല്‍ താജ് ഗ്രൂപ്പ്‌ ഏറ്റെടുത്തതിനു ശേഷം താജ് മലാബാര്‍ എന്നറിയപ്പെടുന്നു. ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളും വി ഐ പി കളും വരുമ്പോള്‍ താമസിക്കുന്നത് ഇവിടെയാണ്‌.
വലതു വശത്ത് കാണുന്ന ദ്വീപ്‌ ആണ് വല്ലാര്‍പാടം. ദേശിയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാവിച്ച പ്രസിദ്ധമായ വല്ലാര്‍പാടം പള്ളി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്‌. ഇതിനടുത്ത് തന്നെയാണ് വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനല്‍. മൂവായിരത്തി മുന്നൂറു കോടി രൂപ മുടക്കിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ദുബായ് പോര്‍ട്ടും കൊച്ചിന്‍ പോര്‍ട്ടും ചേര്‍ന്നാണ് ഇത് സ്ഥാപിച്ചതെങ്കിലും അതിന്റെ മേജര്‍ ഷെയര്‍ എടുത്തിരിക്കുന്നത് ദുബായ് പോര്‍ട്ട്‌ ആണ് അതിനാല്‍ മുന്നൂറു വര്‍ഷക്കാലം ഇതിന്‍റെ ഉടമസ്ഥ അവകാശം ദുബായ് പോര്‍ട്ടിന്‍റെ കീഴില്‍ ആയിരിക്കും. ലാഭത്തിന്‍റെ മൂന്ന്ല്‍ ഒന്ന് മാത്രമേ കൊച്ചി പോര്‍ട്ടിന് കിട്ടുകയുള്ളു. അവിടെ ഉയര്‍ന്നു നില്‍കുന്ന ക്രെയിനുകളും പ്രത്യേകത നിറഞ്ഞതാണ് ഒരാളുടെ സഹായത്തോടെ രണ്ടര ലക്ഷം കിലോ ഭാരം വരെ ഇതുപയോഗിച്ച് ഉയര്‍ത്താന്‍ സാധിക്കും.
കടലിന്‍റെ അഴിമുഖത്തെക്ക് നമ്മള്‍ ഏതാണ പോകുകയാണ് എന്നറിയിപ്പു കിട്ടി.ഇപ്പോള്‍ കാണുന്നത് മട്ടാഞ്ചേരിയാണ്, കേരള സര്‍ക്കാര്‍ പൈതൃക മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന ഇടമാണ്. അതിനാല്‍ നൂറു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ ഇപ്പോഴും ഇവിടെ നില നിര്‍ത്തിയിരിക്കുന്നു. അഞ്ഞൂറും അറുനൂറും വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങള്‍ വരെ ഇവിടെയുണ്ട്. നാനൂറ്റി നാല്പത്തെട്ടു വര്‍ഷം പഴക്കമുള്ള ജൂത സിനഗോഗ് മട്ടാഞ്ചേരിയില്‍ ആണുള്ളത്. ഇന്ത്യയില്‍ ഉള്ളതില്‍ ആക്റ്റീവ് ആയ ഏക ജൂത സിനഗോഗ് ഇത് മാത്രമാണ്. 8 ജൂതന്മ്മാര്‍ ഇപ്പോഴും ഇവിടെ താമസിക്കുന്നതിനാല്‍ ഇവിടെ പ്രാര്‍ഥനകള്‍ നടക്കുന്നുണ്ട്. കേരളത്തിലെ ആദ്യത്തെ മാര്‍ക്കെറ്റ്‌ ആരംഭിച്ചത് ഇവിടെയാണ്‌, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആദ്യത്തെ സ്കൂള്‍, ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കേരളത്തിലെ ആദ്യത്തെ പോസ്റ്റ്‌ ഓഫീസ്, കേരളത്തില്‍ ആദ്യത്തെ ടാറിട്ട റോഡ്‌ തുടങ്ങിയത്, അന്താരാഷ്ട്ര നിലവാരമുള്ള ഒരു സ്പൈസസ് മാര്‍ക്കറ്റ്‌ ഇവിടെ ഉണ്ടായിരുന്നു. ഇങ്ങനെ അനവധി നിരവധി പ്രത്യേകതകള്‍ ഉള്ള ഒരിടമാണ് മട്ടാഞ്ചേരി. മട്ടാഞ്ചേരിയില്‍ സ്പൈസസ് ബിസിനസ്‌ ആരംഭിച്ചത്‌ ഗുജറാത്തികള്‍ ആണ്. ആദ്യം കോഴിക്കോട് കാപ്പാട് വന്ന വാസ്കോഡഗാമ സാമൂതിരി മാരുമായുള്ള എതിര്‍പ്പിനെ തുടര്‍ന്ന് 1502 ല്‍ കൊച്ചിയിലെത്തി. വാസ്കോഡഗാമ താമസിച്ചിരുന്നത് ഫോര്‍ട്ട്‌ കൊച്ചിയിലാണ് വാസ്കോ ഹൌസ് എന്നറിയപ്പെടുന്ന വീട് ഇപ്പോഴും ഫോര്‍ട്ട്‌ കൊച്ചിയ്ല്‍ ഉണ്ട്. ബിഗ്‌ ബി എന്ന സിനിമയില്‍ മമ്മൂട്ടി താമസിച്ചിരുന്ന വീട് ആണത്.
.
ഇവിടെ ട്രേഡ്‌ജിംഗ് നടത്തുന്ന ഷിപ്പുകളില്‍ ഒന്ന് അത് വഴി പോകുന്നുണ്ടായിരുന്നു. ഇവിടെ നിന്നും കോരിയെടുകുന്ന മണ്ണും ചെളിയുമെല്ലാം കടലിലെ ആഴം കൂടിയ ഭാഗങ്ങളില്‍ കൊണ്ട് പോയി നിക്ഷേപിക്കുക എന്നതാണ് ഇതിന്‍റെ ജോലി. വലതു വശത്ത് കാണുന്ന ആ പാലമാണ് ഗോശ്രീ പാലം. ഗോശ്രീ വികസന അതോറിറ്റിയുടെ കീഴിലുള്ള മൂന്നു പാലങ്ങള്‍ ആണുള്ളത്.ആദ്യത്തേത് എറണാകുളത് നിന്നും മുളവുകാടിലെക്കുള്ളത്. രണ്ടാമത്തേത് മുളവുകാടു നിന്നും വല്ലാര്‍പാടം ദ്വീപിലേക്കുള്ളതു, മൂന്നാമത്തേത് വല്ലാര്‍പാടത്തു നിന്ന് വൈപ്പിന്‍ ദ്വീപിലെക്കുള്ളത്. ഇടതു വശത്ത് കാണുന്ന മഞ്ഞ ചായം പൂശിയ ഒരു പഴയ കെട്ടിടം കാണാം ഇതാണ് ആസ്പിന്‍ വാള്‍, പണ്ട് കാലത്ത് കയര്‍ കയറ്റുമതി ചെയ്തിരുന്നത് ഇവിടെ നിന്നാണ്. ബ്രിട്ടീഷ്‌കാരാണ് ഇതിവിടെ സ്ഥാപിച്ചത്, ഇതിപ്പോള്‍ കൊച്ചിന്‍ മുസിരിസ് ബിനാലെയുടെ ഒരു വേദിയാണ്.
ഇപ്പോള്‍ ബോട്ട് പോകുന്നത് ഫോര്‍ട്ട്‌ കൊച്ചി ബീച്ചിന്‍റെ അരികിലൂടെയാണ്, കൊച്ചിന്‍ കാര്‍ണിവല്‍ നടക്കുന്ന ഫോര്‍ട്ട്‌ കൊച്ചി ബീച്ച്. വൈകുന്നേരത്തു നിറയെ ആള്‍ക്കാര്‍ ബീച്ചില്‍ വന്നിട്ടുണ്ട്. മറ്റു ബീച്ചുകളെ പ്പോലെ അത്ര സുന്ദരമല്ല ഫോര്‍ട്ട്‌ കൊച്ചിബീച്ച്,നിറയെ മാലിന്യങ്ങള്‍ നിറഞ്ഞു കിടക്കുന്നു. നമ്മള്‍ ഫോര്‍ട്ട്‌കൊച്ചി ബീച്ച് എന്ന് വിളിക്കും എങ്കിലും യഥാര്‍ത്ഥത്തില്‍ ഇതിന്‍റെ പേര് രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ പേരിലാണ് എന്നറിഞ്ഞത് ഇപ്പോഴാണ്. ഫോര്‍ട്ട്‌ കൊച്ചി ബീച്ചിലും അത് കഴിഞ്ഞും നിറയെ ചീന വലകള്‍ കാണാം. ഇത് വച്ചിട്ട് അധികം മീനിനെ കിട്ടുകയില്ല എങ്കിലും ഇപ്പോഴും ഇത നില നിര്‍ത്തിയിരിക്കുന്നത് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ്.
വലതു വശത്ത് കാണുന്നത് വൈപിന്‍ ദ്വീപ്‌.ഏഷ്യയിലെ തന്നെ നീളം കൂടിയ ദ്വീപുകളില്‍ ഒന്നാണ് വൈപീന്‍ മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപുകളില്‍ ഒന്ന് കൂടിയാണ് വൈപ്പിന്‍.അഴിമുഖം കഴിഞ്ഞു കപ്പല്‍ കടലിലേക്ക്‌ ഇറങ്ങി തുടങ്ങി. ദൂരെ സൂര്യന്‍ അസ്തമിക്കാന്‍ ഉള്ള തയ്യാറെടുപ്പ് തുടങ്ങികഴിഞ്ഞിരിക്കുന്നു. അപ്പോഴേക്കും ബോട്ടിനുള്ളില്‍ ആട്ടവും പാട്ടും തുടങ്ങി കഴിഞ്ഞിരുന്നു. പാട്ടിന്‍റെ താളതിനനുസരിച്ചു ഡാന്‍സ് ചെയ്യാനും പാട്ട് പാടാനും കുറച്ചു പേര്‍ തയ്യാറായി. കുറച്ചു പേര്‍ അപ്പോഴും മതിവരാതെ വെളിയിലേക്ക് നോക്കി കടലിന്‍റെഭംഗി ആസ്വദിക്കുന്നുണ്ടായിരുന്നു. അട്ടതിനും പാട്ടിനും ഇടയില്‍ ചിലരുടെ യാത്രകളെ കുറിച്ചുള്ള വിവരണങ്ങളും ഹൃദ്യമായിരുന്നു. സമയം എട്ടര ആയപ്പോള്‍ ഞങള്‍ കരയിലെക്കടുത്തു. കടല്‍ യാത്ര മതിവരാതെ ഞങള്‍ കരയിലെക്കിറങ്ങാന്‍ നിര്‍ബന്ധിതരായി.

കടപ്പാട് : അജു 

No comments:

Post a Comment