Monday 18 April 2016

കൂക്കള്‍ താഴ്വരയിലേക്ക്

ഓരോ യാത്രയും നല്‍കുന്നത് ഓരോ അനുഭവങ്ങളാണ്, ഇത്തരം അനുഭവങ്ങളുടെ ആകെ തുകയാണ് ജീവിതം. സുഹൃത്ത്‌ എയ്ന്‍ജല്‍ കൂക്കള്‍ താഴ്വരയിലേക്ക് ട്രെക്കിനു വരുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ സത്യത്തില്‍ ഇങ്ങനെ ഒരു സ്ഥലം ഉണ്ടോ എന്നുപോലും ഞാന്‍ തിരക്കി.കൊടൈക്കനാലിന്‍റെ ഭംഗി പലതവണ നമ്മള്‍ ആസ്വദിച്ചിട്ടുണ്ട്, സൂയി സൈട് പോയന്‍റ്, കൊടൈയിലെ മഞ്ഞ്,കൊടൈ തടാകം, സൈക്ലിംഗ് അങ്ങനെ പല രൂപത്തില്‍പല ഭാവത്തില്‍. കൂക്കള്‍ കൊടൈക്കനാലിലെ ഒരു താഴ്വരയാണ് ട്രെക്കെഴ്സിന്‍റെ താഴ്വര. അധികം ആള്‍ക്കാര്‍ പോയിട്ടില്ലാത്ത ഇടങ്ങളിലേക്ക് പോകുന്നതു ഇഷ്ടം ആയതു കൊണ്ടും അറിയപ്പെടാത്ത സ്ഥലങ്ങളുടെ ചരിത്രം അറിയാനുള്ള ആഗ്രഹം കൊണ്ടും ഞാന്‍ ഓക്കേ പറഞ്ഞു. ട്രെക്ക് നടത്തുന്നത് CAF കൊച്ചിന്‍ അട്വെന്‍ച്ചര്‍ ഫൌണ്ടേഷന്‍ ആണ്. രണ്ടു വര്ഷം മുന്‍പ് തന്നെ ഇവരുടെ കൂടെ പോകണം എന്ന് കൊതിച്ചതാണ്. ഇവര്‍ ട്രെക്ക് കഴിഞ്ഞു വന്നു ഫോട്ടോ ഇടുമ്പോള്‍ മാത്രമാണ്ഇവര്‍ പോയത് അറിയുന്നത്.അപ്പോള്‍ വളരെ നാളത്തെ ഒരാഗ്രഹം കൂടിയാണ് സാധിക്കാന്‍ പോകുന്നത്.
കൂക്കള്‍ വാലിയില്‍ ട്രെക്കിങ്ങിനു പോകുകയാണെങ്കില്‍ പറ്റിയ സമയം നവംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയാണ്. ഇവിടെ മഴ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയാണ്, ആ സമയം ട്രെക്കിങ്ങിനു പറ്റിയതല്ല. നവംബര്‍ മുതല്‍ ആണ് കൊടൈക്കനാലില്‍ സീസണ്‍, താഴ്വരകളും മലകളും കോട പുതച്ചു നില്‍കുന്ന മനോഹര കാഴ്ച കണ്ടു ട്രെക്ക് ചെയ്യാം.
ഒരു വലിയ ടീമിന്‍റെ കൂടെയാണ് പോകുന്നത് ഏകദേശം അന്‍പതില്‍ കൂടുതല്‍ പേര്‍ സ്ത്രീജനങ്ങളും അന്‍പതിനുമേല്‍ പ്രായം ഉള്ളവരും യുവാക്കളും അടങ്ങിയ സമിശ്രമായ ടീം. എന്തൊക്കെ കൊണ്ട് പോകണം എന്തൊക്കെ കൊണ്ട് പോകരുത് എന്നൊക്കെയുള വിവരങ്ങള്‍ നേരത്തെ തന്നെ തന്നിരുന്നു.വെള്ളിയാഴ്ച രാത്രിയില്‍ കൊച്ചിയില്‍ നിന്നും കയറിയ ടീം വഴിയില്‍ നിന്നും കയറിയവരെ കൂടി എടുത്തു യാത്ര തുടര്‍ന്നു. ആരെക്കെയോ തുറന്നിട്ട ജനലിലൂടെ തണുപ്പ് അരിച്ചു കയറുന്നുണ്ടായിരുന്നു. കൊടൈക്കനാലിന്‍റെ തണുപ്പിലേക്ക് ഇറങ്ങുമ്പോള്‍ സമയം അഞ്ചര കഴിഞ്ഞിരുന്നു തണുത്തിട്ട് പല്ല് കൂട്ടി ഇടിക്കുന്നുണ്ടായിരുന്നു. മുന്‍കൂട്ടി പറഞ്ഞത് അനുസരിച്ച് എല്ലാര്ക്കും ഫ്രഷ്‌ ആകാനും ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാനും ഉള്ള സ്ഥലം ഹോട്ടല്‍ കൊടൈ നെസ്റ്റ്. മാനേജര്‍ വിജിഷേട്ടന്‍ ആലപുഴക്കരനാണ് ട്രെക്കിങ്ങും ഫോട്ടോഗ്രാഫിയും ആണ് ഹോബി. എല്ലാവരും കുളിച്ചു റെഡി ആയി ഫുഡ്‌ കഴിച്ചു വന്നപ്പോള്‍ തമ്മില്‍ ഒരു ചെറിയ പരിചയപ്പെടല്‍, പിന്നെ ക്ലബ്‌നെക്കുറിച്ച് ബോറടിപ്പിക്കാതെ ഒരു ലഘു വിവരണം. പിന്നെ ടീം ക്യാപ്റ്റന്‍ നൌഷാദിക്ക വക ട്രെക്ക് ചെയ്യുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെകുറിച്ചുള്ള ഒരു ക്ലാസ്സ്‌. നൌഷാദിക്ക ഇത്തരം കാര്യത്തില്‍ സ്ട്രിക്ട് ആണെന്ന് സുഹൃത്ത്‌ പറഞ്ഞിരുന്നു. ട്രെക്ക് നയിക്കുന്നത് കൊടൈ മണി ആണ്. സൗത്ത്‌ ഇന്ത്യയില്‍ അറിയപ്പെടുന്ന ട്രെക്കെര്‍ ആണ് കൊടൈ മണി. പുള്ളിയെ കുറിച്ച് കുറെ കേട്ടിരിക്കുന്നു.
ട്രെക്കിങ്ങിനു ആവശ്യമുള്ള സാധനങ്ങള്‍ മാത്രം ഒരു ചെറിയ ബാഗില്‍ എടുത്താല്‍ മതിയെന്ന് ആദ്യമേ തന്നെ നിര്‍ദേശം തന്നിരുന്നു.ബാകിയുള്ള സാധനങ്ങള്‍ ബസിനുള്ളില്‍ വെച്ചാല്‍ മതി. ട്രെക്ക് കഴിഞ്ഞു വരുമ്പോളെക്കും സാധനങ്ങള്‍ ക്യാംപില്‍ എത്തും.പത്തുമണിയോടെ ബസില്‍ കയറി ട്രെക്ക് സ്റ്റാര്‍ട്ട്‌ ചെയ്യുന്ന ഇടത്തേയ്ക്, വഴിയില്‍ ഉച്ചയ്ക്കുള്ള ഭക്ഷണം പായ്ക്ക് ചെയ്തു എടുത്തു. പോകുന്ന വഴിയില്‍ റോഡു മുറിച്ചു കടക്കുന്ന ഒരു കാട്ട് പോത്തിനെ കണ്ടു തമിഴ്‌നാട്ടില്‍ ഇതിനെ കാട്ടി എന്ന് വിളിക്കും.ഒറ്റയ്ക്ക് വരുന്നവ അപകടകാരിയാണ് അത് ആന ആയാലും പോത്ത് അയാലും.മിക്കവാറും ബൈക്കില്‍ വരുന്നവര്‍ക്ക് പണി കൊടുക്കുന്നത് ഇവയാണ്.
ട്രെക്ക് സ്റ്റാര്‍ട്ട്‌ ചെയുന്നത് മന്നവന്നുര്‍ നിന്നാണ്, തുടങ്ങും മുന്‍പ് കൊടൈ മണി പോകുന്ന ഇടത്തിന്റെ ചരിത്രം പറഞ്ഞു. ഒരു മുന്നൂറു നാനൂറു കൊല്ലം പഴക്കമുള്ള ഔഷധ സസ്യങ്ങളുടെ കലവറയായ ഷോലകാടുകള്‍ ആയിരുന്നു കൊടൈയില്‍ ഉണ്ടായിരുന്നത്. പ്രദേശ വാസികള്‍ വിറകിനും മറ്റാവശ്യങ്ങള്‍ക്കും ചോലക്കാടുകളില്‍ കയറി മരം വെട്ടാതിരിക്കാന്‍ ബ്രിട്ടീഷ്‌കാര്‍ വെച്ചുപിടിപ്പിച്ചതാണ് ഇപ്പോള്‍ കാണുന്ന യുക്കാലി, പൈന്‍, മേമുസ തുടങ്ങിയ മരങ്ങള്‍. ദൂരെ നിന്ന് കണ്ടാല്‍ മഞ്ഞ വാകകള്‍ പൂത്തു നില്കും പോലെ നിറയെ മേമുസ മരങ്ങള്‍. ഇടയ്കിടെ കൂറ്റന്‍ യുക്കാലി മരങ്ങള്‍. പോകും തോറും ഈ മരങ്ങള്‍ മാത്രമാണോ എന്ന് തോന്നി. മേമുസ മരങ്ങളുടെ പുറം തൊലിയില്‍ നമ്മളെ കൊതിപ്പിക്കുന്ന രീതിയില്‍ വര്‍ണ്ണങ്ങള്‍ വാരി വിതറിയിരിക്കുന്നു ,മുന്‍പ് വയനാട്ടില്‍ നിന്നും സതീഷേട്ടന്‍ ഇത്തരം ഒരു ഫോട്ടോ ഇട്ടതു ഞാന്‍ ഓര്‍ത്തു. മേമുസ മരം വസ്ത്രങ്ങളില്‍ കളറിന് വേണ്ടി ഡൈ ആയി ഉപയോഗിക്കുന്നു പിന്നെ വിറകിനും.
കുറച്ചു ഉള്ളിലേക്ക് പോകുമ്പോള്‍ പൈന്‍ മരങ്ങള്‍ കണ്ടു തുടങ്ങി. പൈന്‍ മരത്തിന്‍റെ ഫെസ്റ്റ് ക്വാളിറ്റി കറന്‍സി ഉണ്ടാക്കാനും പിന്നീടുള്ളത് ഫോടോസ്ടാറ്റ്‌ പേപ്പര്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. യുക്കാലിയെണ്ണ ഔഷധമായും ഉപയോഗിക്കുന്നു.ഇടതൂര്‍ന്ന മരങ്ങള്‍ക്ക് ശേഷം തുറസ്സായ പ്രദേശം, അവിടെ ഒന്ന് രണ്ടു കല്ലുകള്‍ കൂട്ടി വെച്ചിടത്തു മണി അണ്ണന്‍ മുട്ടുകുത്തി ഇരുന്നിട്ട് ബാഗില്‍ നിന്നും ഒന്ന് രണ്ടു നാരങ്ങയെടുത്തു കല്ലുകള്‍ക്കടുത്ത് വെച്ച് കൈകൂപ്പി പ്രാര്‍ഥിച്ചു. ആപത്തുകള്‍ കൂടാതെ ഞങളെ മുന്നോട്ടു നയിക്കണം എന്നുള്ളതാണ് അപേക്ഷ. കാട്ടില്‍ പല സ്ഥലങ്ങളിലും അവര്‍ ഇത്തരം പൂജകള്‍ ചെയ്യാറുണ്ടത്രേ വിശ്വാസവും ആചാരങ്ങളും ജീവിതവുമായി ഇണപിരിഞ്ഞു കിടക്കുന്നവര്‍.
മുന്നോട്ടു പോകും തോറും മരങ്ങള്‍ ഇല്ലാത്ത പുല്‍മേട്ടിലെത്തി ഒരു ചെറിയ അരുവിയുടെ കരയില്‍ ഉച്ച ഭക്ഷണവും കുറച്ചു വിശ്രമവും കഴിഞ്ഞു അരുവിയില്‍ നിന്നും കുടിവെള്ളവുമെടുത്തു വീണ്ടും യാത്ര. ചോലക്കാടുകള്‍ക്കുള്ളിലേക്ക് ഇംഗ്ലീഷ് സിനിമകളുടെ സെറ്റ്കളെ അനുസ്മരിപ്പികുന്ന വൃക്ഷങ്ങള്‍, ഉണങ്ങിയവയില്‍ വളര്‍ന്നു നില്‍ക്കുന്ന കുമിള്‍ വര്‍ഗത്തില്‍പെട്ട ചെടികള്‍, പച്ചമരങ്ങളില്‍ നില്‍കുന്ന പന്നല്‍ വിഭാഗത്തിലെ ചെടികള്‍. നാട്ടില്‍ നിന്നും മറഞ്ഞു പോയ ചുണ്ടയ്ക,കാരക്ക തുടങ്ങിയ ചെടികള്‍ ഇവയൊക്കെ ചോലക്കടുകളില്‍ കണ്ടു.സുര്യന്‍റെ വെളിച്ചം താഴേക്ക്‌ എത്താത്ത വിധം മരങ്ങള്‍ നില്‍കുന്നത് കാരണം എല്ലാവര്ക്കും കുറച്ചു തണല്‍ കിട്ടി. കാടിനുള്ളില്‍ കയറ്റവും ഇറക്കവും പരസ്പരം സഹായിച്ചും ക്യാമറ ഉള്ളവരുടെ ഫോട്ടോയ്ക് പോസ് ചെയ്തും ഞങ്ങള്‍ മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു. ഒരു കയറ്റം കയറി ഞങള്‍ കാട്ടിന് വെളിയിലെത്തി. ഒരു വലിയ മലയുടെ അടിവാരം, നിറയെ പുല്ല് വളര്‍ന്നു നില്‍ക്കുന്നു. ഇടതു വശത്ത് നല്ല താഴ്ചയുള്ള ഭാഗം അതിനപ്പുറം നിര നിരയായി മലകള്‍. മലകളില്‍ എല്ലാം കോട മഞ്ഞിറങ്ങുന്ന കാഴ്ച മനോഹരമായിരുന്നു. കുറച്ചു നേരം എല്ലാവരും വിശ്രമിക്കാനും ഫോട്ടോ എടുക്കാനും എടുത്തു. വീണ്ടും മലകയറ തുടങ്ങി.
മല കയറി എത്തിയത് കോട മഞ്ഞില്‍ കുളിച്ചു നില്‍കുന്ന ഒരു വലിയ പാറകെട്ടിന്റെ അടുത്ത് വലതു വശത്ത് കാണാന്‍ പറ്റാത്തത്ര ആഴം. മുകളിലേക്ക് കയറാന്‍ ചെറിയ പടികള്‍ ഉണ്ട് കമ്പി കൊണ്ട് ഒരു ചെറിയ സംരക്ഷണ ഭിത്തിയും. ഇതിനു മുകളില്‍ ആണ് കൊടൈക്കനാലില്‍ പസിദമായ പാപ്പാളി അമ്മന്‍ കോവില്‍. ഇവിടുത്തെ പ്രത്യേകത എന്താണെന്നു വെച്ചാല്‍ ഈ പ്രദേശത്ത് മഴ പെയ്യാതെ ഇരിക്കുമ്പോള്‍ ദേവിക്ക് പട്ടു കൊടുക്കുന്ന ഒരു ആചാരം ഉണ്ട്. അങ്ങനെ ചെയ്‌താല്‍ മഴ പെയ്യും എന്നാണ് ഇവിടുത് കാരുടെ വിശ്വാസം. ഇനി മഴ നിര്‍ത്താതെ പെയ്യുകയാണെങ്കില്‍ മഴ നില്‍കാന്‍ വേണ്ടി ദേവിക്ക് പട്ടു കൊടുക്കും. തമിഴ്‌ ചിത്രാപൌര്‍ണമി മാസത്തില്‍ ആണ് ക്ഷേത്രത്തില്‍ ഉത്സവം നടക്കുക അതായതു ഏപ്രില്‍ മാസം ആകുമ്പോള്‍. വളരെ ദൂരെ നിന്ന് വരെ ആള്‍ക്കാര്‍ വരാറുണ്ട് ക്ഷേത്രത്തിലെ ഉത്സവത്തിന്‌.
ക്ഷേത്രത്തിനു പരിസരം മനോഹരമായ കാഴ്ചയാണ് ദൂരെ നിര നിരയായി മലകള്‍ അവയിലെല്ലാം കോട ഇറങ്ങുന്നു. കയറിയവര്‍ എല്ലാരും കുറച്ചു ഏറം മലമുകളില്‍ വിശ്രമിച്ചു. ഇനി തിരിചിറങ്ങണം കുറച്ചു കഴിഞ്ഞാല്‍ ചോലക്കാടുകളില്‍ മൃഗങ്ങള്‍ എത്തും. എല്ലാരും മലയിറങ്ങാന്‍ തുടങ്ങി ചോലാക്കാടിന്റെ മറ്റൊരു വശത്തു കൂടി. ഇറക്കം ഇറങ്ങി എത്തുന്നത്‌ കൂക്കള്‍ തടാകത്തിന്റെ അടുത്തേക്കാണ്. തടാകത്തിന്റെ കരയിലെ കുന്നില്‍ ആളുകള്‍ തട്ട് തട്ടായി തിരിച്ചു കൃഷി ചെയ്യുന്നു. പുറകില്‍ ഉള്ളവര്‍ വരാന്‍ വേണ്ടി തടാകകരയില്‍ വിശ്രമിച്ചു. എല്ലാരും വന്നപ്പോള്‍ ക്യാംപിലേക്ക്. അന്നത്തെ ദിവസം ഏകദേശം 22 കിലോമീറ്റര്‍ സഞ്ചരിച്ചു എന്ന് മണി അണ്ണന്‍ പറഞ്ഞു. ക്യാംപില്‍ എത്തി ഭക്ഷണം കഴിഞ്ഞു വീണ്ടും കുറച്ചു കൂടി മുകളിലേക്ക് കയറേണ്ടി വന്നു അവിടെയാണ് എല്ലാവര്ക്കു രാത്രി താങ്ങാനുള്ള ടെന്റ്. ക്ഷീണം ഉള്ളവര്‍ നേരത്തെ ടെന്റിനുള്ളിലേക്ക് കയറിയിരുന്നു. ഞങള്‍ കുറച്ചു പേര്‍ ക്യാംപ്‌ ഫയര്‍ കഴിഞ്ഞു പന്ത്രണ്ട് മണിയോടെയാണ് ഉറങ്ങാന്‍ കിടന്ന. ആകാശം നിറയെ നക്ഷതങ്ങള്‍ കുട്ടിക്കാലത്തിന് ശേഷം ഇത്രയും നക്ഷത്രങ്ങളെ ആകാശത്തില്‍ കണ്ടിട്ടില്ല.
പുലര്‍ച്ചെ നാല് മണിക്കൊക്കെ കൂട്ടത്തിലെ പലരും എഴുന്നേറ്റു വിറകൊക്കെ വെട്ടി തീയ്ക് ചുറ്റും ഇരുന്നു എന്ന് ഞാന്‍ എഴുന്നേറ്റപ്പോള്‍ മനസ്സിലായി.പ്രകാശം വരുന്നതെ ഉള്ളു, സുര്യോദയം കാണാന്‍ വേണ്ടി കുറച്ചു പേര്‍ മുകളിലേക്ക് കയറി പോകുന്നുണ്ടായിരുന്നു. കുറച്ചു പേര്‍ ഉറക്കത്തിന്‍റെ സുഖത്തിലായിരുന്നു. ഒന്‍പതരയ്ക് പുറപ്പെടണം എന്നാണ് പറഞ്ഞത്‌. ഞങള്‍ പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞു ബാഗ് എടുത്തു താഴേക്ക് പോയി. അവിടെ നിന്ന് ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു ബാഗുകള്‍ ബസില്‍ ആക്കി ട്രെക്ക് ചെയ്യാനുള്ള സാധനങ്ങള്‍ ചെറിയ ബാഗില്‍ ആകി ഞങള്‍ കുന്നിറങ്ങി കൂക്കള്‍ തടാകത്തിന്‍റെ അടുതെത്തി. തടാകത്തിന്റെ കരയില്‍ നിന്ന് മണിചേട്ടന്‍ ഇന്ന് ട്രെക്ക് ചെയ്യാന്‍ പോകുന്ന സ്ഥലത്തിനെ പറ്റി ഒരു വിവരണം തന്നു. ഇന്ന് പോകുന്നത് കൃഷിക്കാരുടെ ഇടങ്ങളും കടന്നു ഗ്രാമ വാസികള്‍ താമസിക്കുന്ന ഇടങ്ങളിലൂടെ ഒരു മല ഇറങ്ങണം അതിറങ്ങി ചെല്ലുന്നിടത് ഒരു വെള്ളചാട്ടം അവിടെ നിന്ന് തിരച്ചു യാത്ര ഇത്രയുമാണ് പ്ലാന്‍.
തടാകത്തിന്റെ കരയിലുള്ള ഒരു ചെറിയ വഴിയുലൂടെ നടത്തം തുടങ്ങി. കൃഷിയിടങ്ങളുടെ അതിരുകളിലൂടെ മണ്ണ് പറക്കുന്ന ചെറിയ വരമ്പുകളിലൂടെ യാത്ര തുടങ്ങി. തട്ട് തട്ടായി ഒരുക്കിയിരിക്കുന്ന കൃഷിയിടങ്ങളുടെ ഭംഗി.ചിലതില്‍ നല്ല പച്ചപ്പു ചിലതു കൃഷിക്കായി ഒരുക്കിയിട്ടിരിക്കുന്നതിനാല്‍ ചെമ്മണ്ണിന്‍റെ നിറം. വരമ്പ് കീറി കൂക്കുള്‍ തടാകത്തില്‍ നിന്നും കൃഷിയിടത്തിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനുള്ള ചെറിയ തോടിന്‍റെ കരയിലൂടെ ഞങ്ങള്‍ നടന്നു. വെളുത്തുള്ളിയും,കാരറ്റും, പട്ടാണിയും, പയറും കൃഷി ചെയ്യുന്ന വിശാലമായ കൃഷിയിടങ്ങള്‍. നില ഉഴുകയും പണിയെടുക്കുകയും ചെയ്യുന്ന ഗ്രാമ വാസികള്‍, ചിലരൊക്കെ മണി അണ്ണനോട് കുശലം ചോദിക്കുന്നുണ്ട്. ഇത്തരം കാഴ്ചകള്‍ കാണുന്നത് തന്നെ മനസ്സിന് ഒരു സുഖമാണ്. ഇവര്‍ക്ക് ഒരു ചരിത്രം ഉണ്ട്. ടിപ്പു സുല്‍ത്താന്‍റെ പടയോട്ടക്കാലത്ത് ആക്രമണവും മത പരിവര്‍ത്തനവും ഭയന്ന് നഗരങ്ങള്‍ വിട്ടു താഴ്വരയിലേക്ക് വന്നവരാണ് ഇവര്‍. ഇപ്പോഴും കൈമോശം വന്നിട്ടില്ലാത്ത ആചാരങ്ങളും അനുഷ്ടഠാനങ്ങളും പിന്തുടര്‍ന്ന് പോകുന്നവര്‍, കൃഷി ആണ് മുഖ്യ ഉപജീവന മാര്‍ഗം.
നടന്നു ഞങള്‍ കൃഷിക്കാരുടെ ഗ്രാമത്തിലൂടെ ആയി നടപ്പ്, ചെറിയ ചെറിയ വീടുകള്‍ മണ്ണ്കൊണ്ടും മരം കൊണ്ടും ഉണ്ടാകിയവ. മരം കൊണ്ട് ഉണ്ടാക്കിയവയില്‍ കൈ കൊണ്ട് മണ്ണ് പൂശിയിരിക്കുന്നു. വീതി കുറഞ്ഞ തെരുവിലൂടെ മുന്നോട്ടു പോയി. തെരുവില്‍ കുട്ടികള്‍ കളിക്കുന്നുണ്ട് , കാവല്‍ക്കാരെ പോലെ കുറെ നായകള്‍. ആ തെരുവും കടന്നു ഞങ്ങള്‍ കരിമ്പാറക്കെട്ടുകള്‍ നിറഞ്ഞ ഒരു മലയുടെ മുകളില്‍ ആണെത്തിയത്. എല്ലാവരും വരാന്‍ വേണ്ടി ഞങ്ങള്‍ കുറച്ചു നേരം വിശ്രമിച്ചു. ഞങ്ങള്‍ ഇരിക്കുന്ന മലയുടെ എതിര്‍ വശത്ത് മറ്റൊരു മല കോടപുതച്ചു നില്‍പുണ്ട്. ഇതിനു രണ്ടിനും ഇടയ്ക്കുള്ള താഴ്വരയിലേക്കാണ് ഞങ്ങള്‍ക്ക് പോകേണ്ടത്, അവിടെയാണ് തൂ-തുരു വെള്ളച്ചാട്ടം, ആരുമറിയാതെ മറഞ്ഞു കിടന്നിരുന്ന ഈ വെള്ളച്ചാട്ടം അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മണിചേട്ടനും സംഘവുമാണ് പുറം ലോകത്തിനു കാണിച്ചു കൊടുത്തത്‌.
തു-തുരു വെള്ളച്ചാട്ടത്തിനു അപ്പുറമുള്ള മലയില്‍ ഒരു കര്‍പ്പഗനാഥ ക്ഷേത്രം ഉണ്ടായിരുന്നു.പാപ്പാളി അമ്മന്‍ ദേവിയുടെ സഹോദരന്‍ ആണ് കര്‍പ്പഗനാഥന്‍ എന്നാണ് ഇവരുടെ വിശ്വാസം. പാപ്പാളി അമ്മന്‍ കോവിലില്‍ ഉത്സവകാലത്ത് ഇവിടേക്കും ആള്‍ക്കാര്‍ വരാറുണ്ട് കാരണം അവര്‍ സഹോദരങ്ങള്‍ ആയതു കൊണ്ട് .ആചാരങ്ങള്‍ കടുകിട തെറ്റിക്കാത്തവര്‍ ആണ് ഇവിടുത്തുകാര്‍. അത് കൊണ്ട് മദ്യവും മാംസവും ഒന്നും ഇവിടേയ്ക്ക് പ്രവേശിപ്പിക്കുകയില്ല അത്തരം ആള്‍ക്കാരെ ഇവര്‍ ട്രെക്കിങ്ങിനു കൊണ്ട് പോവുകയുമില്ല. പണ്ടിവിടെ ജനവാസമുള്ള പ്രദേശമായിരുന്നു, മഴ കുറഞ്ഞു കൃഷി ഒക്കെ മോശമായപ്പോള്‍ ഇവിടുത്തുകാര്‍ ഈ സ്ഥലം വിട്ടു പോയി, പോയപ്പോള്‍ ആരാധിച്ചിരുന്ന കര്‍പ്പഗനാഥന്‍റെ വിഗ്രഹം കൂടി കൊണ്ട് പോയി. പക്ഷെ ആ വിഗ്രഹം അവിടെ നിന്ന് ഇവിടേയ്ക്ക് എത്തി എന്നാണ് ഇവര്‍ പറയുന്നത്.
എല്ലാവരും എത്തിയ ശേഷം ഇറക്കം തുടങ്ങി, കിഴുക്കാം തൂക്കായാണ് മല കിടക്കുന്നത്. സൂക്ഷിച്ചു ഇറങ്ങിയില്ലെങ്കില്‍ വീണു കയ്യും കാലും ഓടിയുമെന്നുറപ്പാണ്. കുറച്ചു ദൂരത്തിന് ശേഷം പാറകള്‍ മാത്രമുള്ള ഒരു പ്രദേശമായി ഇടതു വശത്ത് കരിമ്പാറകെട്ടുകളും വലതു വശത്ത് അഗാധമായ കൊക്കയും. പാറകെട്ടുകളില്‍ ഉണ്ടാക്കി എടുത്തിരിക്കുന്ന പടികളില്‍ സൂക്ഷിച്ചും പരസ്പരം സഹായിച്ചും ഞങ്ങള്‍ ഇറങ്ങികൊണ്ടിരുന്നു. ഇടയ്ക് ചെറിയ തണല്‍ ഉള്ളിടത് വിശ്രമിക്കാന്‍ ഉള്ള അവസരവും നല്‍കുന്നുണ്ട്. താഴെ വെള്ളം ഒഴുകുന്നത്തിന്റെ ശബ്ദം കേള്‍ക്കുന്നുണ്ട്,വെയില്‍ അടിച്ചിട്ട് എല്ലാവരും ക്ഷീണിച്ചിട്ടുണ്ട്.
പിന്നീടുള്ള വഴിയില്‍ മുള്ളുകള്‍ നിറഞ്ഞതായിരുന്നു ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്‍കുന്ന ചെടികളില്‍ തട്ടി കൈകളും കാലുകളും ചെറുതായി നീറുന്നുണ്ടായിരുന്നു. മുള്ളുകള്‍ കഴിഞ്ഞുള്ള പ്രദേശം കഴിഞ്ഞപോളെക്കും വെള്ളച്ചാട്ടതിന്‍റെ ഹുങ്കാര ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. മരക്കൂട്ടങ്ങള്‍ നിറഞ്ഞ പ്രദേശം കഴിഞ്ഞുടന്‍ വെള്ളച്ചാട്ടം കണ്ടു. പത്തു ഇരുനൂറു അടി ഉയരത്തില്‍ നിന്നും രണ്ടു തട്ടായി താഴെ വീണു പതഞ്ഞൊഴുകുന്നു. നയന മനോഹരമായ കാഴ്ച. പിറകില്‍ വന്നവര്‍ ഇതും മുന്നേ ഞാന്‍എന്‍റെ ക്യാമറയില്‍ വെള്ളച്ചാട്ടം പകര്‍ത്തി

അതുവരെ ക്ഷീണിച്ചും തളര്‍ന്നും നിന്നവര്‍ എല്ലാം പുളിക്കുട്ടികളായി, ചെറിയ പാറകളില്‍ നിന്നും ഒഴുകി വരുന്ന വെള്ളത്തിനൊപ്പം താഴേക്ക്‌ ഒഴുകി ഇറങ്ങലും വെള്ളച്ചാട്ടത്തിനു മുന്നില്‍ ഫോട്ടോയ്ക് പോസ് ചെയ്യലുമൊക്കെ നടന്നു കൊണ്ടിരുന്നു. അതി സാഹസികന്മ്മാര്‍ ആദ്യം തന്നെ ശക്തമായി വെള്ളം വീഴുന്ന ഇടങ്ങളിലേക്ക് വലിഞ്ഞു കയറി. പിറകെ മറ്റുള്ളവരും. ചെറുതായി വഴുക്കലുണ്ട് മുന്നേ കയറിയവര്‍ സഹായിച്ചു സഹായിച്ചു ലേഡീസ് ഉള്‍പ്പടെയുള്ളവര്‍ എല്ലാം മുകളിലേക്ക് കയറി. ഫോട്ടോ ഗ്രാഫെഴ്സ് ആയ ലാലുചേട്ടനും, എയ്ന്‍ജലും കയറിയില്ല അതുകൊണ്ട് വെള്ളച്ചാട്ടത്തില്‍ അറുമാദികുന്ന ഫോട്ടോസ് എടുക്കാന്‍ പറ്റി. തണുപ്പെന്നു പറഞ്ഞാല്‍ പല്ല് കൂട്ടിയിടിക്കുന്ന തണുപ്പ്.
വെള്ളച്ചാട്ടത്തില്‍ നിന്നും ആള്‍ക്കാരെ കയറ്റാന്‍ ടീം ലീഡര്‍സ് കുറെ പാട് പെട്ടു. കരയ്ക് കയറി വസ്ത്രം മാറിയ ശേഷം ഗ്രൂപ്പ്‌ ഫോട്ടോയ്ക് പോസ് ചെയ്തു. ഇനി തിരിച്ചു കയറ്റമാണ്. സ്ത്രീ ജനങ്ങളെ മുന്നിലാക്കി ഞങ്ങള്‍ നടപ്പിന് വേഗം കൂട്ടി. ഇടയ്ക് ക്ഷീണിച്ചവരെ പരസ്പരം ഹെല്‍പ് ചെയ്തു മുകളിലേക്ക് കയറ്റം തുടര്‍ന്നു. ആദ്യം കയറിയ ഞങള്‍ എത്തിയത് ഇതുവരെ ട്രെക്ക് ചെയ്തവരെക്കാള്‍ കുറഞ്ഞ സമയത്തിലാണ്. മുകളില്‍ ബസ്സുമായി നൌഷാദിക്കയുണ്ടായിരുന്നു. പിറകില്‍ വന്നവര്‍ കൂടി എത്തിയ ശേഷം ബസില്‍ ക്യാംപിലേക്കു. അപ്പോള്‍ സമയം ഏകദേശം വൈകുന്നേരം അഞ്ചു മണി ആയിരുന്നു. ഉച്ച ഭക്ഷണം കഴിച്ചു ബാഗും സാധനങ്ങളും എടുത്തു മണി അണ്ണനും ടീമിനും നന്ദി പറഞ്ഞു ബസില്‍ കയറി യാത്ര പുറപെട്ടു. വഴിക്ക് വെച്ച് രാത്രികുള്ള ഭക്ഷണം കയറ്റി രാത്രിയില്‍ വഴിയിലോരിടത്തിറങ്ങി എല്ലാരും ഫുഡ്‌ കഴിച്ചു. ബസിനുള്ളില്‍ പാട്ടും മറ്റുള്ളവരുടെ ട്രെക്കിംഗ് അനുഭവങ്ങളുമായി കുറച്ചു നേരം. പിന്നീട് ഉറക്കത്തിലേക്ക് വഴുതി വീണു. പുലര്‍ച്ചെ അഞ്ചരായക് കളമശ്ശേരിയില്‍ ബസ്സ്‌ ഇറങ്ങിയപ്പോളും മനസ്സില്‍ നിന്ന് കൂക്കള്‍ താഴ്വരയും തൂ-തുരു വെള്ളച്ചാട്ടവും പോയില്ലാരുന്നു.

കടപ്പാട് :  അജു 

1 comment:

  1. എഴുത്തു കൊള്ളാം!! ഫോട്ടോ ഒന്നുമില്ലേ മാഷെ ?

    ReplyDelete