Monday 18 April 2016

തൊണ്ടമാൻകോട്ട

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ യാത്ര പോകുന്നത് ഇടുക്കി ജില്ലയിലേക്കാണ്. കേരളത്തിലെ സുഗന്ധ വ്യെഞജനങ്ങളുടെ കലവറ, പച്ച പുതച്ചു നില്‍കുന്ന മലകള്‍ അവയെ തഴുകി പോകുന്ന കോടമഞ്ഞ്, പുഴകള്‍ തടാകങ്ങള്‍, ഡാമുകള്‍ വെള്ള ചാട്ടങ്ങള്‍ അങ്ങനെ എണ്ണിയാലോടുങ്ങാത്ത സൗന്ദര്യം ഒളിപിച്ച ഇടുക്കി. ഇടുക്കിയിലെ ഒട്ടുമിക്കസ്ഥലങ്ങളും പോയി കഴിഞ്ഞു എന്ന് ചെറുതായി അഹങ്കരിച്ചിരുന്ന സമയത്താണ് സുഹൃത്ത്‌ ഉല്ലാസ് പറയുന്നത് നമുക്ക് തൊണ്ട മാന്‍ കോട്ടപോകാം അവിടെ രാജാപ്പാറ എന്നൊരു പാറയുണ്ട് എന്നൊക്കെ. അങ്ങനെ ഒരു സ്ഥലം ഉണ്ടെങ്കില്‍ പോകണമല്ലോ എന്ന ചിന്തയില്‍ നിന്നാണ് തൊണ്ടമാന്‍ കോട്ടയിലേക്ക് ആദ്യം വന്നത്.
തൊണ്ടമാന്‍ കോട്ട ഇടുക്കി തമിഴ്‌നാട് ബോര്‍ഡറില്‍ ഉള്ള ഒരു സ്ഥലമാണ് സഞ്ചാരികളുടെ തള്ളികയറ്റം അധികം എത്തിയിട്ടില്ല ഇവിടെ. ആരെങ്കിലും പറഞ്ഞ് അറിഞ്ഞു വരുന്ന ചുരുക്കം ചില യാത്രികര്‍ മാത്രം. വലിയ ശല്യങ്ങള്‍ ഇല്ലാത്തതിനാല്‍ നാട്ടുകാരില്‍ ചിലരൊക്കെ വെള്ളമടിക്കാന്‍ ഉള്ള സ്ഥലാമായി ഇവിടം കരുതുന്നു. തൊണ്ട മാന്‍ കോട്ട തമിഴ്നാട് സംസ്ഥാനത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ അതിര്‍ത്തിയില്‍ നിന്നും അര മൈല്‍ യാത്ര ചെയ്‌താല്‍ ഇവിടെയെത്താം. തമിഴ്നാട് സംസ്ഥാനത്തിന്റെ ഭാഗമാണെങ്കിലും ഇവിടെ എത്തണമെങ്കില്‍ കേരളത്തില്‍ കൂടിയേ വഴിയുളൂ. ഇത് സ്ഥിതി ചെയ്യുന്നത് പൂപ്പാറയ്ക്കും ഉടുമ്പന്‍ ചോലയ്കുമിടയ്കാണ്.
How to reach: എറണാകുളത്ത് നിന്നും കോതമംഗലം അടിമാലി വഴി രാജകുമാരി പൂപ്പാറ. അവിടെ നിന്നും രാജാപ്പാറയിലേക്ക് അവിടെനിന്നും രണ്ടു കിലോമീറ്റര്‍ ദൂരം ഉള്ളിലേക്ക് കയറി പോകണം.
തൊണ്ട മാന്‍ കോട്ടയുടെ ചരിത്രം അറിയണമെങ്കില്‍ നമ്മള്‍ പഴയ ചരിത്ര പുസ്തകങ്ങള്‍ തേടി പോകണം. കേരളവും തമിഴ്നാടും ആന്ധ്രയും കര്‍ണ്ണാടകവുമൊക്കെ രൂപം കൊള്ളൂന്നതിന് മുന്നേ, നാട്ടു രാജാക്കന്‍മ്മാര്‍ ഭരിച്ചു കൊണ്ടിരുന്ന കാലം. സംഘ കാലഘട്ടത്തില്‍ പുതുകൊട്ട ആസ്ഥാനമാക്കി ഭരിച്ചു കൊണ്ടിരുന്ന പല്ലവ രാജക്കന്മ്മാര്‍ ആയിരുന്നു തൊണ്ടമാന്‍ ഫാമിലി. ശക്തരായ ചോളരാജക്കന്മ്മാരുടെ ആക്രമണത്തില്‍ ഭയന്ന തോണ്ടമാന്‍ രാജാവ് ഖജനാവിലെ സ്വര്‍ണവും വിലപിടിപ്പുള്ള വസ്തുക്കളും കൊണ്ട് ഈ മലകയറി വന്നു. ഇവിടെ ഈ മലയുടെ മുകളില്‍ ഉള്ള ഒരു വലിയ പാറയ്കുള്ളില്‍ അവയെല്ലാം സൂക്ഷിച്ചു വെചിട്ട് ഒരു വലിയ പാറകൊണ്ട് അടച്ചു വെച്ചു. എന്നിട്ട് ഇതിനു ചുറ്റും ഒരു കോട്ട കെട്ടി അതാണ്‌ തൊണ്ടമാന്‍ കോട്ട. ഇന്നവിടെ കോട്ടയുടെ അവശിഷ്ടങ്ങള്‍ ഒന്നും കാണാന്‍ ഇല്ല. നാട്ടുകാരില്‍ നിന്നും അറിഞ്ഞതല്ലാതെ ഇത്തരം ഒരു കഥ വേറെ പുസ്തകങ്ങളില്‍ ഒന്നും വായിച്ചിട്ടില്ല.
ഏതൊരു സ്ഥലതിന്റെയും ഭംഗി കാലാവസ്ഥ മാറുമ്പോള്‍ വെത്യസ്ഥമായിരിക്കും. മഴക്കാലത്ത് കാണുന്ന ഭംഗി ആയിരിക്കില്ല വേനല്‍ക്കാലത്ത് അപ്പോഴത്തെ ഭംഗി ആയിരികില്ല മഞ്ഞു കാലത്ത്. ഋതുക്കള്‍ക്ക് അനുസരിച്ച് പ്രകൃതിയിലും ആ മാറ്റം കാണുന്നു. രണ്ടു തവണ ഞങള്‍ തൊണ്ട മാന്‍ കോട്ട പോയി, രണ്ടു വെത്യസ്ഥ സമയങ്ങളില്‍ രണ്ടു വെട്ടവും വെത്യസ്ഥമായ അനുഭവമാണ് കിട്ടിയത്. ഒന്നൊരു മഴക്കാലത്തും ഒന്നൊരു മഞ്ഞു കാലത്തും.
മഴക്കാലത്ത്‌ ഞങ്ങള്‍ പോകുമ്പോള്‍ വഴിയാകെ മഴപെയ്തു ചെളി ആയി കിടക്കുകയാണ്. രാജാപ്പാറ നിന്നും രണ്ടു കിലോമീറ്റര്‍ ഉണ്ട് തൊണ്ട മാന്‍ കോട്ടയിലേക്ക്. കയറി പോകുന്ന വഴി കുറച്ചു ദൂരം ടാറിട്ടതാണ് അത് കഴിഞ്ഞാല്‍ മണ്‍ റോഡാണ് മഴപെയ്തു മണ്ണൊലിച്ചു പോയത് കാരണം പലയിടത്തും കുഴികള്‍ രൂപം കൊണ്ടിട്ടുണ്ട്. ഇരു വശവും എലതോട്ടമാണ്. എലചെടികള്‍ക്ക് തണല് കിട്ടാന്‍ വേണ്ടി നില്‍കുന്ന വലിയ മരങ്ങള്‍. അവഎല്ലാം കോട മൂടി അവ്യെക്തമായി നില്‍കുന്നു. കുറച്ചു ദൂരം പോയപ്പോള്‍ വണ്ടിയുടെ ടയര്‍ ചെളിയില്‍ തെറ്റാന്‍ തുടങ്ങി. മുന്നോട്ടു പോകില്ല എന്നാ അവസ്ഥയായപ്പോള്‍ വണ്ടി ഒതുക്കി ഞങ്ങള്‍ ഇറങ്ങി നടന്നു. മഴ ചെറുതായി ചാറാന്‍ തുടങ്ങി. വണ്ടിയില്‍ നിന്നും രണ്ടു വലിയ കാലന്‍ കുടയുമെടുത്തു മുകളിലേക്ക് കയറാന്‍ തുടങ്ങി. വഴിയില്‍ വഴുക്കല്‍ ഉള്ളത് കൊണ്ട് ഞങള്‍ സൂക്ഷിച്ചു മുകളിലേക്ക് നടന്നു.
ശക്തമായി കാറ്റ് വീശുന്നുണ്ട് കൂടെ മഴയും. പെയ്യുന്ന മഴയെ കാറ്റ് അടിച്ചു തെറിപ്പികുകയാണ്. പോകുന്ന വഴിയുടെ ഇരു വശങ്ങളിലും പുല്ലു വളര്‍ന്നു നില്പുണ്ട് പുല്ലുകളെല്ലാം കാറ്റടിച്ചു ആടി നില്കുന്നുണ്ട്. ഇത് രാമക്കല്‍മേട് പോലെ ശക്തമായ കാറ്റടിക്കുന്ന സ്ഥലമാണ്. നമ്മള്‍ സൂക്ഷിച്ചു കാലു വെച്ചില്ലെങ്കില്‍ ചിലപ്പോള്‍ കാറ്റടിച്ചു നമ്മളുടെ അടി തെറ്റിയേക്കാം.ഞങ്ങള്‍ പുല്ലു വളര്‍ന്നു നില്‍കുന്ന സ്ഥലത്തേക്ക് ഇറങ്ങി. കാറ്റിന്‍റെ ശക്തിയില്‍ കുടകളില്‍ ഒന്നിന്‍റെ കമ്പി ഒടിഞ്ഞു. അവിടെ നിന്ന് താഴെക്കോ വശങ്ങളിലേക്കോ നോക്കിയാല്‍ ഒന്നും കാണാന്‍ പറ്റുന്നില്ല മൂടി നില്‍കുന്ന കോട മഞ്ഞു മാത്രം. ഒരു വശത്ത് നിന്നും ചെറുതായി കോട മാഞ്ഞു തുടങ്ങി. ദൂരെ കളം കളമായി കൃഷിയിടങ്ങള്‍, നിര നിരയായി കാറ്റാടി യന്ത്രങ്ങള്‍ അതിനുമപ്പുറം ചെറിയ പട്ടണം. ഇത് തമിഴ്നാടിന്‍റെ ഒരു വ്യൂ ആണ്. രാമക്കല്‍ മെട് നിന്നാലും ഇതുപോലെ കാഴ്ച കിട്ടും.
കോട ചെറുതായി മാറി പോകുന്നുണ്ട്. തൊട്ടടുത്ത്‌ ഒരു ജീപ്പില്‍ വന്ന ആള്‍ക്കാര്‍ കാഴ്ച കണ്ടു നില്കുന്നുണ്ട്. അവര്‍ വന്ന ജീപ്പ് അടുത്ത് തന്നെ കിടപ്പുണ്ട്. ഇടുക്കിയിലെ ജീപ്പ് ഡ്രൈവര്‍ മാര്‍ ഈ വഴിയെല്ലാം കയറും. ഇപ്പോള്‍ കോട മൂടി നില്‍കുന്ന മലയുടെ മുകളില്‍ ആണ് കതകു പല മെട്. ഇവിടെയാണ്‌ തൊണ്ടമാന്‍ രാജാവ് തന്‍റെ സ്വര്‍ണവും പണവുമെല്ലാം ഒളിപിച്ചു വെച്ചത്. മലയുടെ മുകള്‍ഭാഗത്തിനു ഏകദേശം നാലായിരത്തിഅഞ്ഞൂറ് അടി ഉയരമുണ്ട്. അതിന്റെ വാലറ്റം താഴെ തമിഴ്നാട്ടിലേക്ക് വ്യാപിച്ചിരിക്കുന്നു. സാധാരണ ട്രെക്കിങ്ങിനു വരുന്നവര്‍ ഇവിടെ എത്തിയാല്‍ കതകുപല മെട് വരെ ട്രെക്ക് ചെയ്തിട്ടാണ് പോകുക. പക്ഷെ മഴയും ശക്തമായ കാറ്റും കോട മഞ്ഞും വഴി തെറ്റുമെന്നുറപ്പാണ്.അതിനാല്‍ മുകളിലേക്ക് ഞങള്‍ കയറാന്‍ ശ്രമിച്ചില്ല. മുകളിലേക്ക് കയറുന്ന വഴികളില്‍ എല്ലാം പുല്ലു വളര്‍ന്നു പോങ്ങിയിട്ടുണ്ട്. ഒരാള്‍ പൊക്കത്തോളം എത്തിയ പുല്ലുകള്‍ കാറ്റടിച്ചു വശങ്ങളിലേക്ക് വീണു കിടപ്പുണ്ട്. അതിനു കുറച്ചു മുകളില്‍ നിറയെ മരങ്ങള്‍ ഒക്കെ കാണാം . അവിടെയാകും മൃഗങ്ങള്‍ ഉണ്ടാകുക. മഴയായത്‌ കാരണം എന്തായാലും വഴുക്കല്‍ ഉണ്ടാകും. ഒരു നല്ല ഗൈഡ് കൂടെയില്ലാതെ ട്രെക്ക് പോകുന്നത് ചിലപ്പോള്‍ അപകടം ചെയ്തേക്കും. മാത്രമല്ല കോട മൂടി വഴി അത്ര ക്ലിയര്‍ അല്ല. മാത്രമല്ല കാട്ടു മൃഗങ്ങളുടെ ശല്യം ഉണ്ടാകും എന്ന് കേട്ടിരുന്നു. ആനയിറങ്ങുന്ന ഇടമാണത്രേ. കോട കുറച്ചുകൂടി മാറിയപ്പോള്‍ മലയുടെ പൂര്‍ണ രൂപം കണ്ടു തുടങ്ങി. താഴേക്ക്‌ പോയാല്‍ തമിഴ്നാട്ടിലെ ഗ്രാമങ്ങളില്‍ എത്താം. ഈ വഴികളിലൂടെയാണ് ഏലം തമിഴ്നാട്ടിലേക്ക് കടത്തുന്നത്.തിരിച്ചെത്തിയപ്പോള്‍ കാലില്‍ നിറയെ അട്ട. അട്ട കടിച്ചു രക്തം ചെരിപ്പിലും പാന്ടിലും. മഴക്കാലത്ത്‌ അട്ടയുടെ ശല്യം അതി രൂക്ഷമാണ് ഇവിടെ.
രണ്ടാം തവണ പോയത്മഞ്ഞു മാസത്തിലാണ്, ഇപ്പോള്‍ റോഡും ചുറ്റുപാടുകളും ഉണങ്ങിയ അവസ്ഥയാണ്‌. മണ്‍ റോഡില്‍ പൊടിയാണ്. വാഹനം ബുദ്ധിമുട്ടുകള്‍ ഇല്ലാതെ കയറിയെത്തി. പോകുന്ന വഴിയില്‍കല്ലുകൊണ്ടുണ്ടാകിയ ഒരു കെട്ടിടം തകര്‍ന്നു കിടകുന്നുണ്ട്. തൊണ്ട മാന്‍ കോട്ടയ്ക് തിരിയും മുന്നേ താഴേക്ക്‌ ഒരു വഴി കണ്ടു താഴേക്ക്‌ പോകാന്‍ ഒരു മടി തോന്നിയെങ്കിലും കുറച്ചു ദൂരം അകത്തേക്ക് പോകാന്‍ തീരുമാനിച്ചു. ഇരു വശത്ത് നിന്നും കുട്ടി ചെടികള്‍ വളര്‍ന്നു നടുക്ക് ഭാഗത്തേക്ക് വീണ് ഒരു ഒരു ഗുഹയുടെ പ്രതീതി ഉണ്ടാക്കുന്നുണ്ട്. അത് വഴി താഴേക്ക്‌ കുറച്ചു ദൂരം ഇറങ്ങിയിട്ട് തിരികെ കയറി തൊണ്ടമാന്‍ കോട്ടയിലേക്ക്. ഇരു വശവുമുള്ള പുല്ലുകള്‍ ഉണങ്ങിയിരിക്കുന്നു. ചില വശങ്ങളില്‍ മഞ്ഞ നിറത്തിലുള്ള പൂക്കള്‍ നില്‍ക്കുന്നു, കോട ഇല്ലാത്തതിനാല്‍ തമിഴ്നാടിന്‍റെ വ്യൂ നല്ലപോലെ കിട്ടുന്നുണ്ട്‌.
ഞങള്‍ ചെല്ലുമ്പോള്‍ കുറച്ചുപേര്‍ അവിടെയിരുന്നു മദ്യപാനമാണ് കൂട്ടത്തില്‍ രണ്ടു പേര്‍ താഴെ നില്‍കുന്ന മരത്തിന്റെ അവിടേക്ക് ഇറങ്ങുകയും കയറുകയും ചെയ്യുന്നുണ്ട്. താഴേക്ക്‌ വീണാല്‍ പെറുക്കി എടുക്കാം. അവരോടു ഞങ്ങള്‍ കുറച്ചു മുന്‍പ് താഴേക്ക് പോയ വഴിയെ കുറിച്ച് ചോദിച്ചു. ആ വഴി താഴെ തമിഴ്നാട്ടിലേക്ക് ഇറങ്ങാനുള്ള വഴിയാണെന്ന്. ഇത്തരം വഴികളിലൂടെയാണ് മുല്ലപ്പെരിയാര്‍ സമരകാലത്ത് തമിഴ്നാട്ടില്‍ നിന്നും ആളുകള്‍ കേരളത്തിലേക്ക് കയറിയത്. നല്ല ഉണക്കു കാലമായത് കൊണ്ട് അട്ടയുടെ ശല്യമേ ഇല്ലായിരുന്നു.
തല ഉയര്‍ത്തി മല നില്‍കുന്നു. പശ്ചിമ ഘട്ടത്തിന്റെ ഒരു ഭാഗമാണ് ഈ മല. ഇത്തരം മലകള്‍ ഒരു കോട്ടപോലെ സംരക്ഷിച്ചു നിര്ത്തുന്നു. അധികം ആള്‍തിരക്കില്ലാത്ത ഇടമാണ് തൊണ്ടമാന്‍ കോട്ട. നല്ല കുളിര്‍മയുള്ള കാറ്റിന്റെയും കോടയുടെയും ഭംഗി ആസ്വദിക്കാം.

കടപ്പാട് :  അജു 

No comments:

Post a Comment