Monday 18 April 2016

ചതുരംഗപ്പാറ

മലമേലെ തിരിവെച്ചു പെരിയാറിന്‍ തളയിട്ടു ചിരി തൂകും പെണ്ണല്ലേ ഇടുക്കി . ഇടുക്കി ഒടുങ്ങാത്ത കൌതുകങ്ങളുടെ നാടാണ്. കേരളത്തിന്‍റെ സൌന്ദര്യ റാണിയാണ് ഇടുക്കി.കേരളത്തിന്‍റെ സുഗന്ധ വിളകളുടെ തോട്ടം. കുടിയേറ്റത്തിന്‍റെയും അതിജീവനത്തിന്റെയും നിരവധി കഥകള്‍ പറയാനുണ്ട് ഇടുക്കിക്ക്. മഴക്കാലങ്ങളില്‍ ജല സമൃദമാകുന്ന ചെറുതും വലുതുമായ നിരവധി വെള്ള ചാട്ടങ്ങള്‍, പച്ച പുതച്ചു നില്‍കുന്ന മലകളെ മൂടി നില്‍കുന്ന കോട മഞ്ഞ്, അങ്ങനെ ഇടുക്കിയുടെ സൌന്ദര്യം വര്‍ണ്ണിച്ചാല്‍തീരില്ല. ഇടുക്കിയില്‍ ടൂറിസ്റ്റ് മാപ്പില്‍ ഇടം പിടിക്കാത്ത നിരവധി സ്ഥലങ്ങള്‍ ഉണ്ട്. ഒരു ദിവസത്തെ യാത്രയ്ക് പറ്റിയ നിരവധി സ്ഥലങ്ങള്‍. അങ്ങനെ ഉള്ളതില്‍ ഒരു സ്ഥലമാണ് ചതുരംഗപ്പാറ.
ചതുരംഗപ്പാറ കേരളം തമിഴ്‌നാട് അതിരില്‍ ഉള്ള സ്ഥലമാണ്. പേര് സൂചിപ്പിക്കും പോലെ നിരവധി വലിയ പാറക്കെട്ടുകള്‍ ഉള്ള ഒരു അതിര്‍ത്തി പ്രദേശം.വന്നുപോകുന്നവര്‍ പറഞ്ഞറിഞ്ഞു വരുന്നവര്‍ അല്ലാതെ ചതുരംഗപ്പാറ ടൂറിസ്റ്റ് സര്‍ക്കിളില്‍ അത്ര ഫേമസ് അല്ല. അത്ര അറിവില്ലാത്തതിനാല്‍ അവിടേക്കുള്ള തിരക്കും കുറവാണ് അതുകൊണ്ട് തന്നെ മാലിന്യങ്ങളും കുറവാണ്.
How to reach: തേക്കടി മുന്നാര്‍ സ്റ്റേറ്റ് ഹൈവെയില്‍ ഉടുമ്പന്‍ ചോലയക് അടുത്താണ് ചതുരംഗപ്പാറ. എറണാകുളത്ത് നിന്നും കോതമംഗലം അടിമാലി വഴി രാജകുമാരി അവിടെ നിന്നും പൂപ്പാറയക് മുന്‍പ് ചതുരംഗപ്പാറ ജങ്ക്ഷന്‍. ചതുരംഗപ്പാറ ജങ്ക്ഷനില്‍ നിന്നും രണ്ടു കിലോമീറ്റര്‍ കയറ്റം ഉണ്ട് ചതുരംഗപ്പാറമേട്ടിനു.
ചതുരംഗപ്പാറമേട്ടില്‍ നിറയെ കാറ്റാടി യന്ത്രങ്ങള്‍ ആണ്. രാമക്കല്‍ മെട് പോലെ കാറ്റിന്റെ മേടാണ് ചതുരംഗപ്പാറ. എല്ലാ സമയവും കാറ്റടിച്ചു കൊണ്ടേയിരിക്കുന്നു. മുന്‍പ് ചതുരംഗപ്പാറ ജങ്ക്ഷന്‍ നിന്ന് നേരത്തെ പോകണമെങ്കില്‍ നടപ്പ് തന്നെ ആയിരുന്നു ശരണം പക്ഷെ ഇപ്പോള്‍ മുകളില്‍ വരെ ടാറിട്ട റോഡ്‌ വന്നിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാറ്റാടി യന്ത്രങ്ങള്‍ ഉള്ളത് ചതുരംഗപ്പാറമേട്ടില്‍ ആണ്. അവിടെ അടുത്തുള്ള ആള്‍ക്കാര്‍ പറയുന്നത് രാമക്കല്‍മേടുമായി നോക്കുമ്പോള്‍ അപകടം വളരെ കുറഞ്ഞ ഇടമാണ് ചതുരംഗപ്പാറ.
മഴ പെയ്തു തോര്‍ന്ന ഒരു പ്രഭാതത്തിലാണ് ചതുരംഗപ്പാറമേട്ടില്‍ എതുന്നത്. ഇടുക്കിയില്‍ എപ്പോള്‍ മഴ പെയ്യുമെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. മറ്റു പ്രദേശങ്ങളില്‍ ഉളവര്‍ കൊടും ചൂടില്‍ വിയര്‍ത്തു കുളിച്ചിരിക്കുമ്പോള്‍ ഇടുക്കിക്കാര്‍ മഴയുടെയോ മഞ്ഞിന്‍റെയോ തണുപ്പ് ആസ്വദികുകയായിരിക്കും. താഴെ നിന്ന് കയറുമ്പോള്‍ തന്നെ മലകളില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ കാറ്റാടി യന്ത്രങ്ങള്‍ കണ്ടു തുടങ്ങി. കുറച്ചു മുകളിലേക്കെത്തുമ്പോള്‍ മാത്രമാണ് കാറ്റാടി യന്ത്രങ്ങളുടെ വലിപ്പം മനസ്സിലാവു. കാറ്റിന്‍റെ ശക്തിയില്‍ പടു കൂറ്റന്‍ കാറ്റാടി യന്ത്രങ്ങള്‍ കറങ്ങുന്ന കാഴ്ച മനോഹരമാണ്.
മുകളിലേക്കുള്ള വഴികള്‍ ടാര്‍ ചെയ്തതാണെങ്കിലും കാറ്റടിക്കുമ്പോള്‍ കോട മഞ്ഞിറങ്ങി വഴികള്‍ മൂടിയിരിക്കുന്നു. വണ്ടി അവിടെ ഒരിടത് സൈഡ് ആക്കി ഇറങ്ങി മുകളിലേക്ക് നടന്നു.മുകളിലേക്ക് കയറും തോറും ചെറുതായെങ്കിലും കാഴ്ചകള്‍ തെളിഞ്ഞു തുടങ്ങി നിറയെ കാറ്റാടി യന്ത്രങ്ങള്‍ മഞ്ഞില്‍ പുതച്ചു നിന്ന് കറങ്ങുന്നുണ്ടായിരുന്നു.മൂടി നില്‍കുന്ന കോട മഞ്ഞില്‍ അടുത്ത് നില്കുന്നവരെ പോലും കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല.
മുകളിലെത്തിയപ്പോള്‍ ഒരു വശത്ത് നിന്നും കോട മാറി പോയിരുന്നു.കോട മാറിയ വശത്ത് ചോലക്കാടുകള്‍ തെളിഞ്ഞു വന്നു അതിനു തോട്ടിപ്പുറത്തു അഗാതമായ കുഴിയാണ്. അതിന്‍റെ അരികില്‍ നിറയെ നീളമുള്ള പുല്ലു വളര്‍ന്നു നില്‍ക്കുന്നു. കാറ്റിന്റെ ശക്തിയില്‍ പുല്ലുകള്‍ ആടികൊണ്ടിരിക്കുന്നു. അകലേക്ക്‌ നോക്കുമ്പോള്‍ ചെറുതും വലുതുമായ നിരവധി മല നിരകള്‍ ചിലയോക്കെ ഭാഗികമായി കോട മൂടിയിരിക്കുന്നു. ചിലവയൊക്കെ സൂര്യന്‍റെ വെളിച്ചത്തില്‍ തിളങ്ങുന്നുന്നുണ്ട്. പക്ഷെ എല്ലായിടവും പൊതുവായി പച്ചപ്പാണ്.
തൊട്ടു മുന്നില്‍ നിന്ന് മഞ്ഞു മാറി സൂര്യ പ്രകാശം തെളിഞ്ഞപ്പോള്‍ ഒരു പോസ്റ്റ്‌ കാര്‍ഡിന്‍റെ വലുപ്പത്തില്‍ തമിഴ്‌നാടിലെ കൃഷി ഇടങ്ങളുടെ വിദൂര ദൃശ്യം തെളിഞ്ഞു തുടങ്ങി. രാമക്കല്‍ മേടിലും തൊണ്ടമാന്‍ കോട്ടയിലും ചതുരംഗപ്പാറയിലും അതുപോലെയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്ള കുന്നുകളില്‍ നിന്നാല്‍ തമിഴ്നാട്ടിലെ കൃഷിയിടങ്ങളുടെയും നഗരങ്ങളുടെയും വിദൂര ദൃശ്യങ്ങള്‍ ഇങ്ങനെ കാണാം.
കോട തെളിഞ്ഞു വരുന്നതിനു അനുസരിച്ച് പുല്‍മേടുകളും മലകളും കണ്ടു തുടങ്ങി ശക്തമായി തണുത്ത കാടു വീശുന്നുണ്ട്. ഈ കാലാവസ്ഥയില്‍ എത്ര നടന്നാലും ക്ഷീണിക്കുകയില്ല.ഇപ്പോള്‍ ദൂരെയുള്ള മലകളില്‍ മാത്രമാണ് കൊടയുള്ളത് അടുത്തുള്ള മലകള്‍ എല്ലാം വെയിലില്‍ തിളങ്ങുന്നുണ്ട്. ക്യാമറ സൂം ചെയ്തു നോക്കുമ്പോള്‍ കൃഷിയിടങ്ങളുടേയും ഗ്രാമങ്ങളുടെ കാഴ്ചകള്‍ കാണാം.പ്രദേശവാസിയുമായുള്ള സംസാരത്തില്‍ നിന്നും ആ ഗ്രാമങ്ങള്‍ തമിഴ്നാട്ടിലെ കട്ടബൊമ്മന്‍ പെട്ടിയും തേവാരവും ആണെന്ന് മനസ്സിലായി.
ചതുരംഗപ്പാറ യുടെ ഏറ്റവും വലിയ ആകര്‍ഷണം എന്നത് ഇവിടുത്തെ പുല്‍ മേടുകളും ശില്പങ്ങള്‍ പോലെ ഉയര്‍ന്നു നില്‍കുന്ന മലകളുമാണ്‌. നഗരത്തിലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് ഒരു ദിവസം മാറ്റി വെച്ചാല്‍ കണ്ണിനും മനസ്സിനും കുളിര്‍മയെകുന്ന കാഴ്ചകള്‍ കണ്ടു മനം നിറയ്കാം, ശുദ്ധ വായു ശ്വസിച്ചു ശരീരത്തിനൊരു ഉണര്‍വ്വ് നല്‍കാം. തിരിച്ചുമലയിറങ്ങുമ്പോള്‍ അടുത്തുള്ള മലകളില്‍ അടുത്ത മഴയ്കുള്ള കാര്‍ മേഘങ്ങള്‍ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു.

കടപ്പാട് : അജു 

No comments:

Post a Comment