Tuesday 19 April 2016

പുതുക്കാട് വെള്ളച്ചാട്ടം - പൊന്‍മുടി

ആര്‍ക്കും അറിയാത്ത , ആരും പറഞ്ഞു കേള്‍ക്കാത്ത കൊടും കാട്ടിനു നടുവിലെ ഒരു വെള്ളച്ചാട്ടം തിരഞ്ഞു കണ്ടു പിടിക്കുന്നതിന്‍െറ ത്രില്‍ നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടോ? അങ്ങനെ ഒരു വെള്ളച്ചാട്ടത്തിലേക്ക് നടത്തിയ യാത്രയാണ് ഞാന്‍ സഞ്ചാരിയില്‍ പങ്കു വയ്ക്ക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മലയോര വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടിയുടെ അടുത്ത് തന്നെയാണ് അധികമാരും അറിയാതെ ആരാലും എത്തിപ്പെടാത്ത ഈ മനോഹര വെള്ളച്ചാട്ടം. ഇതിന് പേരുണ്ടോ എന്നറിയില്ല. എന്തായാലും സഞ്ചാരിയില്‍ എഴുതുന്പോ ഇതിനൊരു പേരു വേണമല്ലോ, അങ്ങനെ സ്ഥലത്തിന്‍െറ പേരു ചേര്‍ത്ത് ഞാന്‍ തന്നെ ഇട്ട പേരാണിത്. ഭാവിയില്‍ ഈ പേരില്‍ അറിയപ്പെടാനായിരിക്കും ഇതിന്‍െറ യോഗം..
നാട്ടിലുള്ളപ്പോള്‍ മാസത്തിലൊരു തവണ എന്ന കണക്കിലെങ്കിലും പൊന്‍മുടിയില്‍ പോകാറുള്ള ഞാന്‍ ഇത്തവണ പൊന്‍മുടിയില്‍ ഇതു വരെ കാണാത്ത ഒരു കാഴ്ച കണ്ടു. പൊന്‍മുടി കന്പിമൂട് ഭാഗത്തു നിന്ന് മൂടല്‍ മഞ്ഞ് ആസ്വദിക്കുകയായിരുന്നു, മഞ്ഞ് മാറി നിന്ന സമയത്ത് ദൂരെ മലകളില്‍ ഒരു നേര്‍ത്ത വെള്ളിത്തിളക്കം. അതൊരു വെള്ളച്ചാട്ടമാണെന്നു മനസ്സിലായി. ഒന്നു കൂടി നോക്കുന്നതിനു മുന്നേ കോട മഞ്ഞു കാഴ്ച മറച്ചു. പുതിയൊരു വെള്ളച്ചാട്ടം കിട്ടിയിരിക്കുന്നു. നാളെ തന്നെ അങ്ങോട്ടു വച്ചു പിടിക്കാന്‍ തീരുമാനമായി. പലരോടും ഈ വെള്ളച്ചാട്ടത്തെ കുറിച്ച് ചോദിച്ചെങ്കിലും എല്ലാരും കെെ മലര്‍ത്തി.
പിറ്റേന്നു തന്നെ സര്‍വ്വ സന്നാഹങ്ങളുമായി വെള്ളച്ചാട്ടത്തിലേക്കു തിരിച്ചു. ഇങ്ങനെ പുതിയ സ്ഥലങ്ങള്‍ കണ്ടെത്താനുള്ള യാത്രയില്‍ എന്‍െറ സഹചാരി എന്‍െറ സഹോദരനും എന്‍െറ 90 മോഡല്‍ ബുള്ളറ്റുമാണ്. അറിയാത്ത ഇടങ്ങളില്‍ ഒരു സംഘമായി പോകുന്നത് നമ്മുടെ ആസ്വാദനത്തെ ബാധിക്കും. ഇതാവുന്പോ രണ്ടു പേരുടെ ഉത്തരവാദിത്വം മാത്രം നോക്കിയാല്‍ മതി. പൊന്‍മുടി എത്തുന്നതിനു 2 km മുന്നേ കന്പിമൂട്ടില്‍ നിന്നും വലത്തേക്ക് തിരിഞ്ഞു വേണം വെള്ളച്ചാട്ടത്തിലേക്കു പോകാന്‍. ഇവിടെ 1892 ല്‍ വെള്ളക്കാര്‍ തുടങ്ങി വച്ച ഒരു ടീ ഫാക്ടറിയുണ്ട്. ഫാക്ടറി പൂട്ടിയിട്ട് വര്‍ഷങ്ങളായെന്ന് തോന്നിപ്പിക്കും വിധത്തില്‍ തകര്‍ന്നു കിടക്കുന്നു. ഇവിടെ അങ്ങിങ്ങായി നില്‍ക്കുന്ന ഒാറഞ്ചു മരങ്ങളില്‍ ഒാറഞ്ചു കായ്ചു കിടക്കുന്നു. ഒാറഞ്ചു കായ്ചു കിടക്കുന്നതു കാണാന്‍ വേണ്ടി മാത്രം മൂന്നാറില്‍ പോയ എനിക്ക് എന്‍െറ നാട്ടില്‍ തന്നെ ഇതു കാണാന്‍ പറ്റുമെന്നത് പുതിയ അറിവായിരുന്നു. ടീ ഫാക്ടറി കഴിഞ്ഞങ്ങോട്ട് off road ആണ്. പണ്ട് സായിപ്പ് സ്ഥാപിച്ച എസ്റ്റേറ്റിനുള്ളിലൂടെയാണ് വഴി താഴേക്ക് പോകുന്നത്. നൂറ് വര്‍ഷങ്ങള്‍ക്കു മുന്നേ പരിമിതമായ സാഹചര്യങ്ങളില്‍ കാടിനോടും കാട്ടു മൃഗങ്ങളോടും മല്ലടിച്ച് കാട്ടിനു നടുവില്‍ ഇങ്ങനെയൊരു തോട്ടം വെട്ടിത്തെളിച്ച സായിപ്പിനെ നമിക്കണം. കല്ലിലും വെള്ളമൊഴുകിയ ചാലിലൂടെയും ബുള്ളറ്റ് കയറ്റിയിറക്കുന്പോള്‍ എന്‍െറ ചങ്കു പിടച്ചു. കുറച്ചു താഴെയായി വെള്ളച്ചാട്ടം കാണാം, അതങ്ങനെ നുരഞ്ഞു പതഞ്ഞ് കൊതിപ്പിക്കുന്നു. പക്ഷേ അവിടെ എത്തുന്പോഴേക്ക് കൃഷ്ണമണി പോലെ സൂക്ഷിക്കുന്ന എന്‍െറ വണ്ടി ഒരു വഴിയാകും. മനസ്സിലാ മനസ്സോടെ യാത്ര മതിയാക്കി തിരിച്ചു പോയി.
പിറ്റേന്ന് വീണ്ടും വന്നു, ഇത്തവണ യാത്ര ലോക്കല്‍ ഒാട്ടങ്ങള്‍ക്കു പറ്റിയ പടക്കുതിരയിലേറി, Bajaj CT 100. കൊട്ടാരത്തില്‍ നിന്നും കുടിലിലേക്ക്. കല്ലും ചെളിയും താണ്ടി 6 km താഴേക്ക്. പിന്നെ വഴി രണ്ടായി പിരിയുന്നു. വഴി ചോദിക്കാന്‍ ആരുമില്ല, വഴിയുടെയും വെള്ളച്ചാട്ടത്തിന്‍െറയും ഭൂമിശാസ്ത്രമായ കിടപ്പു കണക്കിലെടുത്ത് വലത്തേക്കു പോകാന്‍ തീരുമാനിച്ചു. . വഴിയിലൊരിടത്ത് മരം വീണു കിടന്ന് മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചതിനാല്‍ വണ്ടി അവിടെ വച്ചിട്ട് മുന്നോട്ടു നടന്നു. എത്ര നടന്നിട്ടും വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയൊന്നും കാണുന്നില്ല. ദൂരെ വെള്ളച്ചാട്ടത്തിന്‍െറ ഇരന്പല്‍ മാത്രം കേള്‍ക്കാം. അങ്ങനെ വഴി നമ്മള്‍ തന്നെ തെളിക്കാന്‍ തീരുമാനിച്ചു.
എസ്റ്റേറ്റിന്‍െറ ഒരു വശത്ത് കൊടും കാടാണ്. ആ കാട്ടിലാണ് നമ്മുടെ വെള്ളച്ചാട്ടം ഒളിച്ചിരിക്കുന്നത്. എസ്റ്റേറ്റിന്‍െറയും കാട്ടിന്‍െറയും അതിര്‍ത്തിയില്‍ കൂടി ഒരു വലിയ അരുവി ഒഴുകുന്നുണ്ട്. ഈ അരുവിയുടെ കെെവഴികളിലൊന്നിലെവിടെയോ ആണ് നമ്മുടെ വെള്ളച്ചാട്ടം. അരുവി നീന്തിയെത്തുന്ന കാട്ടു മൃഗങ്ങള്‍ എസ്റ്റേറ്റിലേക്ക് കടക്കാതിരിക്കാന്‍ എസ്റ്റേറ്റ് അതിര്‍ത്തിയില്‍ നീളത്തില്‍ കന്പി വേലി കെട്ടിയിട്ടുണ്ട്. നമ്മള്‍ വേലി ചാടി അരുവി കടന്ന് കാട്ടിലേക്ക് കയറി വെള്ളച്ചാട്ടത്തിന്‍െറ ഇരന്പല്‍ കേള്‍ക്കുന്നത് ലക്ഷ്യമാക്കി നടന്നു. തിങ്ങിയ കാട്ടില്‍ വഴിയുണ്ടാക്കി നടക്കുന്നത് എളുപ്പമല്ല. വള്ളികളില്‍ കുരുങ്ങിയും പൊന്തക്കാട്ടില്‍ തപ്പിത്തടഞ്ഞും ഇങ്ങനെ ചുറ്റിത്തിരിയാനേ പറ്റൂ. നടന്നു നടന്നു തിങ്ങിവളര്‍ന്നു നില്‍ക്കുന്ന ഈറക്കാട്ടിലെത്തി, ആശ്വാസം! ഈറക്കാട്ടിനു നടുവിലൂടെ അതാ വഴി പോകുന്നു. വഴിയെന്നു പറഞ്ഞാല്‍ തിങ്ങി നില്‍ക്കുന്ന ഈറകള്‍ രണ്ടു വശത്തേക്കും വകഞ്ഞു മാറ്റി രൂപം കൊണ്ട ഒരു ഗുഹ, അതിങ്ങനെ ഉള്ളിലേക്ക് വളഞ്ഞു പോകുന്നു. കുനിഞ്ഞു വേണം ഈ ഈറ പന്തലിലേക്കു കയറാന്‍. മുന്നോട്ട് പോകും തോറും ഈറ ഗുഹ ഇടുങ്ങി വരുന്നു, ഉള്ളില്‍ വെളിച്ചവും കുറവ്. ഇനി മുന്നോട്ട് പോകണമെങ്കില്‍ മുട്ടിലിഴയണം എന്ന സ്ഥിതി വന്നു കൂടെ അസുഖകരമായ ഒരു മണവും. നിലത്ത് നോക്കിയ ഞാന്‍ മൂത്രമൊഴിച്ചില്ലെന്നേയുള്ളൂ.. വൃത്താകൃതിയിലുള്ള മൂന്ന് വിരലുകളുള്ള കാല്‍പ്പാടുകള്‍!! ചെളിയില്‍ പുതഞ്ഞ കാല്‍പ്പാടുകളില്‍ വെള്ളം ഊറി നില്‍ക്കുന്നു. വഴിയെന്നു കരുതി നടന്നു കയറിയത് പുലിമടയിലോ നരിമടയിലോ ആണ്. അലറിക്കൊണ്ട് പുറത്തേക്കോടി. വള്ളിയിലും കുറ്റിയിലും തടഞ്ഞു വീണിട്ടും എഴുന്നേറ്റ് ഒാടി അരുവിയില്‍ ചെന്നു ചാടി. ഒരു മണിക്കൂറിനു മുകളിലായി വഴി തപ്പി നടക്കുന്നു, ഉദ്യമനം മതിയാക്കി തിരിച്ചു പോകാന്‍ തീരുമാനിച്ചു. കാട്ടിലൂടെ പോകാന്‍ പേടിച്ചിട്ട് അരുവിയിലൂടെ അരയൊപ്പം വെള്ളത്തില്‍ നടന്നു. കുറച്ചു മുന്നിലായി ഒരു കെെവഴി അരുവിയില്‍ വന്നു ചേരുന്നു. ഇനി ഇത് വെള്ളച്ചാട്ടത്തില്‍ നിന്ന് വരുന്നതാണെങ്കിലോ? എങ്കില്‍ ഇതിലൂടെ നടന്നാല്‍ വെള്ളച്ചാട്ടത്തിലെത്താം. എന്തായാലും വന്നു ഇനി വെള്ളച്ചാട്ടം കണ്ടിട്ടൂ തന്നെ കാര്യം എന്നു തീരുമാനിച്ച് കെെയ്യില്‍ കരുതിയ വെട്ടുകത്തിയില്‍ മുറുകേ പിടിച്ച് കെെവഴിയിലൂടെ നടത്തം തുടര്‍ന്നു.
ശരീരത്തിലൂടെ ചോരയൊലിക്കുന്നത് കാണിച്ചു തന്നത് സഹോദരനാണ്. നോക്കിയപ്പോള്‍ കുളയട്ടയാണ്. ശരീരത്തില്‍ ഇനി കുളയട്ട കടിക്കാന്‍ ഇടമൊന്നും ബാക്കിയില്ല. രക്തം കുടിച്ച് അട്ടകള്‍ ചെറു വിരല്‍ വലിപ്പത്തില്‍ ചീര്‍ത്തിരിക്കുന്നു. അവന്‍െറ അവസ്ഥയും വ്യത്യസ്ഥമല്ല. കാലിലും കെെയ്യിലും ഉടലിലും എല്ലാം കുളയട്ടകള്‍ കടിച്ചു തൂങ്ങിക്കിടക്കുന്നു. സിഗരറ്‌ ലെെറ്റര്‍ ഉപയോഗിച്ച് അട്ടയെ തീ വെക്കുന്പോള്‍ അത് കടി വിടും അപ്പോ എടുത്ത് കളയും ഇതാണ് അട്ടയെ നേരിടേണ്ട രീതി. അല്ലാതെ പറിച്ചു കളഞ്ഞാല്‍ അട്ടയുടെ പല്ല് ശരീരത്തില്‍ അവശേഷിക്കുകയും അവിടം നീരു വെക്കാന്‍ കാരണമാവുകയും ചെയ്യും. നമ്മള്‍ ഒരു അട്ടയെ എടുത്ത് കളയുന്പോ മൂന്ന് അട്ട വീണ്ടും കേറുന്നു. അട്ടയോടുള്ള മല്‍പ്പിടുത്തം അവസാനിപ്പിച്ച് അവയെ സ്വതന്ത്രമായി മേയാന്‍ വിട്ടിട്ട് വെള്ളച്ചാട്ടം ലക്ഷ്യമാക്കി കെെവഴിയിലെ വെള്ളത്തിലൂടെ നടന്നു. വെള്ളച്ചാട്ടത്തിന്‍െറ ഇരന്പല്‍ അടുത്തായി കേട്ടു തുടങ്ങി, അവസാനം വെള്ളച്ചാട്ടത്തിലെത്തി. വെള്ളച്ചാട്ടം പ്രധാന അരുവിയില്‍ അല്ലാത്തതിനാല്‍ മഴക്കാലത്താകും കൂടുതല്‍ സുന്ദരിയാവുക. വാഴ്വാന്‍തോല്‍ വെള്ളച്ചാട്ടം പോലെ ഇതും മൂന്ന് തട്ടുകളായുള്ള വെള്ളച്ചാട്ടമാണ്. പെണ്‍കുട്ടികളിലെ ശാലീന സുന്ദരികളെ നമ്മള്‍ പാലക്കാടന്‍ സൗന്ദര്യം എന്നൊക്കെ പറയില്ലേ? അതു പോലെ വെള്ളച്ചാട്ടങ്ങളിലെ ശാലീന സുന്ദരിയാണ് പുതുക്കാട് വെള്ളച്ചാട്ടം. കാട്ടിനു നടുവില്‍ ആരാലും അറിയാതെ ആരാലും അശുദ്ധിയാവാതെ എല്ലാ പരിശുദ്ധിയുമുള്ള കന്യകാത്വം നഷ്ടപ്പെടാത്ത പുതുക്കാട് വെള്ളച്ചാട്ടം. മുന്‍പ് ഒരു മനുഷ്യന്‍ വന്നതിന്‍െറ യാതൊരു ലക്ഷണങ്ങളും നമുക്കിവിടെ കാണാന്‍ കഴിഞ്ഞില്ല.
ഒന്നും രണ്ടും വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ സുന്ദരമാണെങ്കിലും കുളിക്കാന്‍ സൗകര്യമുള്ളവയല്ല. ഇവയുടെ വശങ്ങളിലെ കാട്ടിലൂടെയും പാറയിലൂടെയും പ്രയാസപ്പെട്ടു പിടിച്ചു കയറി മൂന്നാമത്തെ വെള്ളച്ചാട്ടത്തിലെത്തി. ഇവിടെ കാട്ടുപോത്തിന്‍േറതിനു സമാനമായ കാല്‍പ്പാടുകള്‍ കണ്ടു. പഴക്കം തോന്നിയതു കൊണ്ട് കാര്യമായെടുത്തില്ല. ഇവിടെ വെള്ളം ഉയരത്തില്‍ നിന്ന് ചെറിയൊരു തടാകത്തിലേക്കു പതിക്കുന്നു. ചിതറിത്തെറിക്കുന്ന വെള്ളം അവിടമാകെ മൂടല്‍ മഞ്ഞിന്‍െറ പ്രതീതി ജനിപ്പിക്കുന്നു. കന്പു കൊണ്ട് ആഴം നോക്കിയ ശേഷം വെള്ളച്ചാട്ടത്തിലേക്കിറങ്ങി, എന്‍െറ നെഞ്ചൊപ്പം വെള്ളമേയുള്ളു. നമ്മള്‍ ഇറങ്ങി നില്‍ക്കുന്ന തടാകം ഒരു വലിയ ബാത്ടബ്ബ് പോലെ പ്രകൃതി കൊത്തി വച്ചിരിക്കുന്നു. വശങ്ങളെല്ലാം എത്ര മിനുസ്സം. ഈ ബാത്ടബ്ബില്‍ വെള്ളം നിറഞ്ഞ് പുറത്തേക്കൊഴുകുന്നു. ഞാനിതിവരെ പോയിട്ടുള്ളതില്‍ വച്ച് ഏറ്റവും സുരക്ഷിതവും സുന്ദരവുമായിട്ടുള്ള വെള്ളച്ചാട്ടമാണിത്. ഞങ്ങള്‍ ആസ്വദിച്ച് കുളിച്ചു കയറി. ഇവിടെ നിന്നും നോക്കിയാല്‍ ദൂരെ പൊന്‍മുടി മലകളും കോട മഞ്ഞും ഒളിച്ചു കളിക്കുന്നതു കാണാം.. പുതിയൊരു വെള്ളച്ചാട്ടം കൂടി കണ്ടെത്തിയ സന്തോഷത്തില്‍ നമ്മള്‍ കാടിറങ്ങി. ഒരു യാത്രയില്‍ കൂടി അപകടങ്ങളൊന്നും കൂടാതെ ഞങ്ങളെ കാത്ത സര്‍വ്വശക്തനായ ദെെവത്തിന് നന്ദി പറഞ്ഞു കൊണ്ട് ഞങ്ങള്‍ വീടുകളിലേക്ക്.

കടപ്പാട് : മുഹമ്മദ്‌ 

No comments:

Post a Comment